
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ലേഡീസ് ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ രാപ്പകല്‍ സമരത്തിന് പിന്തുണയുമായി മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍. പെണ്‍കുട്ടികള്‍ ഏഴരക്ക് ഹോസ്റ്റലില്‍ കയറണമെന്ന ഉത്തരവിനെതിരെ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥിനികള്‍ രാപ്പകല്‍ സമരം നടത്തിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ പിന്തുണയാണ് പെണ്‍കുട്ടികളുടെ സമരത്തിന് ലഭിച്ചത്. പെണ്‍കുട്ടികളുടെ സമരത്തിന് പിന്തുണയുമായി കളക്ടര്‍ ബ്രോയും എത്തിയിരിക്കുകയാണ്.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രശാന്ത് നായര്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്തുണ നല്‍കിയത്. പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഒരേ അവകാശങ്ങളല്ലേ? അടച്ച് പൂട്ടിയിട്ട് സംരക്ഷിക്കാന്‍ ഇവരെന്താ പഴക്കൊലയോ കോഴിക്കുഞ്ഞുങ്ങളോ? സ്ത്രീസുരക്ഷയെന്നാല്‍ പൊന്നും പണ്ടോം ബാങ്കില്‍ പൂട്ടി വെക്കുന്ന പോലെ സുരക്ഷിതമാക്കി വെക്കലാണെന്ന് ചിലര്‍ക്കെങ്കിലും ധാരണയുണ്ടെന്ന് മനസ്സിലായി- പ്രശാന്ത് നായര്‍ ഫേസ്ബുക്കില്‍ കുറിച്ചു.