എറണാകുളം ജില്ലയിൽ അവധി പ്രഖ്യാപിച്ച് ആപ്പിലായിരിക്കുകയാണ് കളക്ടർ രേണു രാജ്. ജില്ലയിലെ സ്‌കൂളുകൾ ആരംഭിക്കുന്നത് 8.30നാണ്. സ്‌കൂൾ ആരംഭിക്കാൻ വെറും അഞ്ത് മിനിറ്റ് ബാക്കി നിൽക്കെ 8.25ന് കളക്ടർ നടത്തിയ അവധി പ്രഖ്യാപനം വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ കളക്ടറുടെ പേജിൽ രൂക്ഷ വിമർശനവുമായി എത്തിയരിക്കുകയാണ് രക്ഷിതാക്കൾ.അതിനിടെ രാത്രിയിൽ ആരംഭിച്ച മഴ നിലയ്ക്കാതെ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതെന്ന് എറണാകുളം ജില്ലാ കളക്ടർ രേണു രാജ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിശദീകരണം.
എറണാകുളം ജില്ലയിലെ പല സ്‌കൂളുകളിലും 8.30 ഓടെ ക്ലാസുകൾ ആരംഭിക്കും. ഇതിന് മുന്നോടിയായി 7 മണി മുതൽ തന്നെ കുട്ടികളെ വിളിക്കാനും മറ്റും സ്‌കൂൾ ബസുകളുടെ പാച്ചിലും തുടങ്ങും. പല കുട്ടികളും സ്‌കൂളിലെത്തുവാൻ വീട്ടിൽ നിന്ന് 7.30 യോടെ തന്നെയിറങ്ങും. അതുകൊണ്ട് തന്നെ 8.25ന് എത്തിയ കളക്ടറുടെ അവധി പ്രഖ്യാപനം മാതാപിതാക്കളെ ആശങ്കയിലാക്കി. സ്‌കൂളിൽ പോയ കുട്ടികൾ ഇനി എന്ത് ചെയ്യണമെന്നായിരുന്നു മാതാപിതാക്കളുടെ ചോദ്യം. തൊട്ടുപിന്നാലെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റുമായി കളക്ടറെത്തി. പ്രവർത്തനം ആരംഭിച്ച സ്‌കൂളുകൾ അടക്കേണ്ടതില്ലെന്ന് രേണു രാജ് പോസ്റ്റിൽ വ്യക്തമാക്കി.
കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്:
രാത്രിയിൽ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവർത്തനം ആരംഭിച്ച സ്‌കൂളുകൾ അടക്കേണ്ടതില്ല. സ്‌കൂളുകളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും അറിയിക്കുന്നു.
പോസ്റ്റിന് താഴെ സീരിയൽ താരം ഷിജു എ.ആർ ഉൾപ്പെടെയുള്ളവർ വിമർശനവുമായി എത്തി.രാവിലെ എട്ടരയോടെയാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. ഇതിനുമുൻപേ മിക്ക കുട്ടികളും വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് പുറപ്പെട്ടിരുന്നു. ഇതോടെ സോഷ്യൽ മീഡിയയിലൂടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടെയാണ് കളക്ടർ വിശദീകരണവുമായി എത്തിയിരിക്കുന്നത്. അതേസമയം, ഇതിനോടകം പ്രവർത്തനമാരംഭിച്ച സ്‌കൂളുകൾ അടയ്‌ക്കേണ്ടതില്ലെന്നും, വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടെന്നും രേണു രാജ് അറിയിച്ചു.