തോമസ് ചാണ്ടി പുറത്തേയ്ക്ക് തന്നെന്ന് സൂചന; കലക്ടറുടെ റിപ്പോര്‍ട്ട് മന്ത്രിയ്ക്ക് എതിര്; പിണറായിയും കൈവിടും

മന്ത്രി തോമസ് ചാണ്ടി കായല്‍ കൈയേറിയെന്ന ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിലെ സ്ഥിരീകരണം തോമസ് ചാണ്ടിയെ മാത്രമല്ല, ഇടതുമുന്നണിയെയും വെട്ടിലാക്കി. മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റത്തിലെ കളക്ടറുടെ റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗം പരിശോധിക്കും. കളക്ടറുടെ അന്തിമ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ല. പുറത്തറിഞ്ഞിടത്തോളം മന്ത്രി ചാണ്ടിക്ക് അനുകൂലമല്ല കാര്യങ്ങള്‍. കൈയേറ്റം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍, രാജിയല്ലാതെ മന്ത്രിക്കും മുന്നണിക്കും മറ്റ് പോംവഴിയില്ല.

മന്ത്രി ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. അഴിമതിവിരുദ്ധ മുദ്രാവാക്യമുയര്‍ത്തി അധികാരമേറ്റ ഇടത് സര്‍ക്കാരിന്, ഇ.പി. ജയരാജന്റെയും എ.കെ. ശശീന്ദ്രന്റെയും രാജിക്കാര്യത്തില്‍ ഉയര്‍ത്തിപ്പിടിച്ച പ്രതിച്ഛായ നിലനിറുത്താന്‍ ചാണ്ടിയുടെയും രാജി ആവശ്യമായി വരും. മന്ത്രി ചാണ്ടി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് നിയമസഭയില്‍ വ്യക്തമാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമാവും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആലപ്പുഴ കളക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ടില്‍ മന്ത്രിക്കെതിരെ ഗുരുതര പരമാര്‍ശങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സൂചന കിട്ടിയിട്ടുണ്ട്. എന്നാല്‍ എങ്ങനെ തോമസ് ചാണ്ടിയെ രക്ഷിച്ചെടുക്കാമെന്ന ആലോചനയാണ് ഇടതുപക്ഷത്ത് നടക്കുന്നത്. ഒന്നരകൊല്ലത്തിനിടെ മൂന്നാം മന്ത്രിയും രാജിവയ്ക്കുന്നത് മന്ത്രി സഭയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ത്തിയാണ് ഇത്. കളക്ടറുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നിയമോപദേശം തേടാനും സാധ്യതയുണ്ട്. അടുത്ത മന്ത്രിസഭാ യോഗം ഇത് പരിഗണിക്കും.

മന്ത്രി തോമസ് ചാണ്ടി തണ്ണീര്‍ത്തട സംരക്ഷണനിയമവും ഭൂസംരക്ഷണ നിയമവും ലംഘിച്ചെന്നാണ് ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ടുനികത്തിയെന്നും പൊതുവഴി കൈയേറിയെന്നും ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി. അനുപമ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ചാല്‍ കേസെടുക്കാം. മന്ത്രിക്കെതിരേ കേസെടുക്കണോ എന്നകാര്യത്തില്‍ കളക്ടര്‍ റിപ്പോര്‍ട്ടില്‍ ഒന്നും പറഞ്ഞിട്ടില്ല. ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരുടെ നടപടി അന്വേഷിക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്. റവന്യൂ അഡിഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന് ശനിയാഴ്ച രാത്രിയിലാണ് റിപ്പോര്‍ട്ട് കൈമാറിയത്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ തിരുവനന്തപുരത്ത് മടങ്ങിയെത്തിയശേഷം റിപ്പോര്‍ട്ട് പരിശോധിക്കും. റിപ്പോര്‍ട്ട് മന്ത്രിയുടെ ശുപാര്‍ശസഹിതം മുഖ്യമന്ത്രിക്ക് കൈമാറും.

കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലും മന്ത്രി തോമസ് ചാണ്ടിക്ക് മിണ്ടാട്ടമില്ല. റിപ്പോര്‍ട്ടിനെക്കുറിച്ചു പ്രതികരിക്കുന്നില്ലെന്നാണ് മന്ത്രിയുടെ ഓഫിസ് അറിയിച്ചത്. രണ്ടു ദിവസത്തേക്കു പരസ്യപ്രതികരണം വേണ്ടെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നാണു സൂചന. മുഖ്യമന്ത്രി നിലപാടു വ്യക്തമാക്കുമെന്നാണു തോമസ് ചാണ്ടിയുടെ പ്രതീക്ഷ. ഇന്നലെ കുട്ടനാട്ടിലെ ചേന്നംകരിയില്‍ വീട്ടില്‍ മന്ത്രി എത്തിയിരുന്നു. ഇന്നലെ നിയമവിദഗ്ധരെ കണ്ട മന്ത്രി ഇന്നും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തി. കലക്ടറുടെ റിപ്പോര്‍ട്ട് അന്തിമമല്ലെന്ന നിലപാടിലാണ് അദ്ദേഹം. മുഖ്യമന്ത്രിയും ഇടതുപക്ഷവും കൈവിടില്ലെന്ന ആത്മവിശ്വാസവും ചാണ്ടിക്കുണ്ട്. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച അവ്യക്തത, നടപടിക്രമങ്ങളിലെ സങ്കീര്‍ണത, കോടതിയില്‍ നിലവിലുള്ള കേസുകള്‍ എന്നിവ അനുകൂലമാക്കി രാജി ഒഴിവാക്കാനാണ് തോമസ് ചാണ്ടിയുടെ നീക്കം. താന്‍ രാജിവയ്ക്കില്ലെന്ന് അനുയായികളോട് തോമസ് ചാണ്ടി വ്യക്തമാക്കിയതായും സൂചനയുണ്ട്.

അതിനിടെ മന്ത്രിയുടെ ഇടപാടുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ജില്ലാ കലക്ടറുടെ തുടര്‍നടപടി സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലഭിച്ചതിനുശേഷം മാത്രമാകും. തെളിവെടുപ്പു നടത്തി ലേക്ക് പാലസ് റിസോര്‍ട്ട് ഉടമകള്‍, മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരി എന്നിവരുടെ മൊഴിയെടുത്ത സാഹചര്യത്തില്‍ കലക്ടര്‍ക്കു നേരിട്ടു നടപടിയെടുക്കാം. കോടതിയില്‍ കേസ് തീര്‍പ്പായശേഷം നിലം പൂര്‍വസ്ഥിതിയിലാക്കാന്‍ നോട്ടിസ് കൊടുത്തേക്കും. ലേക്ക് പാലസിനു മുന്നിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ അനധികൃതമായി അധിക സ്ഥലം നികത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അധിക സ്ഥലം അളന്നു തിട്ടപ്പെടുത്തിയാല്‍ കയ്യേറിയ സ്ഥലം തിരിച്ചെടുക്കാന്‍ നടപടിയെടുക്കും. വേണമെങ്കില്‍ നിലം നികത്തലിനു കേസുമെടുക്കാം.

കായലില്‍ സ്ഥാപിച്ച ബോയ നീക്കംചെയ്യാന്‍ ദേശീയ ജലപാത അഥോറിറ്റിയുടെ ഉപദേശം സ്വീകരിക്കും. ബോയ നീക്കംചെയ്യാന്‍ നിര്‍ദ്ദേശം നല്‍കാനും സാധ്യതയുണ്ട്. മാര്‍ത്താണ്ഡം കായല്‍ നികത്തലിനെതിരെ നിലവില്‍ സ്റ്റോപ് മെമോ നല്‍കിയിട്ടുണ്ട്. സ്ഥലം അളന്നു സര്‍ക്കാര്‍ വഴിയും സ്വകാര്യഭൂമിയും തിട്ടപ്പെടുത്തണം. സീറോ ജെട്ടി വലിയകുളം റോഡ് നിര്‍മ്മാണത്തില്‍ ചട്ടലംഘനമുണ്ടായ സാഹചര്യത്തില്‍ തുടര്‍നടപടിയെടുക്കാന്‍ സര്‍ക്കാരിനോടാണു ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഉദ്യോഗസ്ഥവീഴ്ച സംബന്ധിച്ച് അന്വേഷണവും നടപടിയും വേണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. തോമസ് ചാണ്ടി ഭൂമി ഇടപാടുകള്‍ നടത്തിയത് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പൊതുഫണ്ട് ഉപയോഗിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.

എംപി വക റോഡ് കായലിന്റെ നടുവില്‍ സ്ഥിതിചെയ്യുന്ന ലേക്ക് പാലസിലേക്കു റോഡ് ക്രമീകരിക്കാനാണു പരോക്ഷമായി വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മ്മാണത്തിനു തോമസ് ചാണ്ടി മുന്‍കയ്യെടുക്കുന്നത്. സ്ഥലം വാങ്ങി നികത്തുന്നതിനു പകരം സര്‍ക്കാരിനെക്കൊണ്ടു റോഡ് നിര്‍മ്മിച്ചു. അന്നു കുട്ടനാട് എംഎല്‍എ ആയിരുന്ന തോമസ് ചാണ്ടിയും ആലപ്പുഴ എംഎല്‍എ എ.എ.ഷുക്കൂറും റോഡിനായി ശുപാര്‍ശ ചെയ്തു. ആലപ്പുഴ നഗരസഭ റോഡ് ഏറ്റെടുത്തു. രാജ്യസഭാ എംപിമാരായ കെ.ഇ.ഇസ്മായിലും പി.ജെ.കുര്യനും എംപി ഫണ്ട് അനുവദിച്ചു. സിപിഐ മണ്ഡലം കമ്മിറ്റിയുടെ ശുപാര്‍ശയില്‍ ജില്ലാ കമ്മിറ്റിയുടെ അനുവാദത്തോടെയാണു കെ.ഇ.ഇസ്മായില്‍ പണം അനുവദിച്ചത്. ഇങ്ങനെ കരുതലോടെയായിരുന്നു എല്ലാം തോമസ് ചാണ്ടി നേടിയെടുത്തത്.

കൈയേറ്റം നടന്ന സ്ഥലത്ത് നിലവില്‍ വെള്ളമായതിനാല്‍ മന്ത്രിയുടെ അധീനതയിലുള്ള ഭൂമി അളന്നുതിരിക്കാന്‍ പറ്റിയിട്ടില്ലെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലേക്ക് പാലസിനു സമീപത്തെ പാര്‍ക്കിങ് സ്ഥലം നിര്‍മ്മിച്ചതിലാണ് തണ്ണീര്‍ത്തട സംരക്ഷണനിയമത്തിന്റെ ലംഘനമുണ്ടായത്. ഈ സ്ഥലം മന്ത്രിയുടെ സഹോദരിയുടേതാണെന്നാണ് തെളിവെടുപ്പില്‍ അവര്‍ മൊഴിനല്‍കിയത്. വലിയകുളം-സീറോജട്ടി റോഡ് നിര്‍മ്മാണത്തിലും ചട്ടലംഘനം കണ്ടെത്തി. മാര്‍ത്താണ്ഡം കായല്‍ നികത്തിയത് പുനഃസ്ഥാപിക്കാന്‍ നടപടിവേണം. കായല്‍ നികത്തിയപ്പോള്‍ സര്‍ക്കാര്‍ പുറമ്പോക്കിലെ റോഡും നികന്നു -റിപ്പോര്‍ട്ടില്‍ പറയുന്നു.
കളക്ടര്‍ നേരിട്ടെത്തി പരിശോധന നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഉപഗ്രഹരേഖാചിത്രങ്ങളുടെ സഹായത്തോടെയാണ് പഴയകാല സ്ഥിതിവിവരം മനസ്സിലാക്കിയത്. മുന്‍ വര്‍ഷങ്ങളിലെ ഉപഗ്രഹചിത്രങ്ങളും പരിശോധിച്ചു. ലേക്ക് പാലസിനു സമീപത്തെ റോഡ് നിര്‍മ്മാണം, റിസോര്‍ട്ടിനു മുന്നിലെ പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മ്മാണം, മാര്‍ത്താണ്ഡം കായല്‍ നികത്തല്‍, ഉദ്യോഗസ്ഥരുടെ വീഴ്ച എന്നിവയെക്കുറിച്ചാണ് കളക്ടര്‍ അന്വേഷിച്ചത്.

Top