ഗര്‍ഭനിരോധന ഉറകള്‍ സൗജന്യമാക്കിയപ്പോള്‍ സംഭവിച്ചത്; ആരെയും ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

ബെംഗളൂരു: എയ്ഡ്സ് ഹെല്‍ത്ത്കെയര്‍ ഫൗണ്ടേഷന്‍ ഗര്‍ഭ നിരോധന ഉറകള്‍ക്കായി ഒരു ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിച്ചത് ഏപ്രില്‍ 28ന് ആണ്. 69 ദിവസംകൊണ്ട് ഓണ്‍ലൈനിലൂടെ രാജ്യത്തെമ്പാടും സൗജന്യമായി വിതരണം ചെയ്യപ്പെട്ട ഗര്‍ഭനിരോധന ഉറകളുടെ എണ്ണം ഫൗണ്ടേഷന്‍ അധികൃതരെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. 9.56 ലക്ഷം ഗര്‍ഭനിരോധന ഉറകളാണ് ഈ ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് വിതരണം ചെയ്തത്.

10 ലക്ഷത്തില്‍ 5.14 ലക്ഷം ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത് വിവിധ എന്‍ജിഒകളാണ്. ശേഷിക്കുന്ന 4.41 ലക്ഷം ഗര്‍ഭനിരോധന ഉറകള്‍ക്ക് വ്യക്തികള്‍ ഓര്‍ഡര്‍ നല്‍കി. ഡല്‍ഹി, കര്‍ണാടക സംസ്ഥാനങ്ങളാണ് ഓര്‍ഡറില്‍ മുന്നിലുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുരക്ഷിത ലൈംഗിക ബന്ധം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി എയ്ഡ്സ് നിയന്ത്രണത്തിനായി ഏറെ പ്രചരണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും അപ്പോഴൊന്നുമില്ലാത്ത സ്വീകാര്യതയാണ് ഗര്‍ഭനിരോധന ഉറകള്‍ക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ലൈംഗിക കാര്യങ്ങളില്‍ ഏറെ ഒളിവുകള്‍ നിലനില്‍ക്കുന്ന ഇന്ത്യയില്‍ സ്വയം വെളിപ്പെടുത്താതെ ഇവ വാങ്ങാം എന്നതാണ് ഇതിനു കാരണമെന്നാണ് എയ്ഡ്സ് ഹെല്‍ത്ത്കെയര്‍ ഫൗണ്ടേഷന്റെ ഓണ്‍ലൈന്‍ സ്റ്റോറില്‍നിന്നുള്ള കണക്കുകള്‍ നല്‍കുന്ന സൂചന.

പൊതു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡുമായി ചേര്‍ന്നാണ് എയ്ഡ്സ് ഹെല്‍ത്ത്കെയര്‍ ഫൗണ്ടേഷന്‍ സൗജന്യ ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കുന്നത്. ഇതിനു മാത്രമായി പ്രത്യേക ബ്രാന്‍ഡിലുള്ള ഉല്‍പന്നങ്ങളാണ് എച്ചഎല്‍എല്‍ നിര്‍മിക്കുന്നത്.

ഡിസംബര്‍ വരെയുള്ള വിതരണത്തിന് 10 ലക്ഷം ഉറകളാണ് വിതരണത്തിനായി തയ്യാറാക്കിയിരുന്നത്. എന്നാല്‍ ജൂണ്‍ മാസത്തില്‍ത്തന്നെ ഇവ തീര്‍ന്നതായി ഫൗണ്ടേഷന്‍ മേധാവി ഡോ. വി സാം പ്രസാദ് പറഞ്ഞു. തുടര്‍ന്ന് 20 ലക്ഷത്തിനു കൂടി ഓര്‍ഡര്‍ കൊടുത്തു. ജനുവരിയില്‍ 50 ലക്ഷംകൂടി എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടണ്‍ പോലുള്ള രാജ്യങ്ങളില്‍ 30 ശതമാനമാണ് ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗമെങ്കില്‍, ഇന്ത്യയില്‍ അത് അഞ്ചു ശതമാനം മാത്രമാണ്. ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒളിപ്പിച്ചുവയ്ക്കാനുള്ള ഇന്ത്യക്കാരുടെ പ്രവണതയാണ് ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗത്തില്‍നിന്ന് പിന്നോട്ടുവലിക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കടകളില്‍ പോയി ഇവ വാങ്ങുന്നതിന് പലര്‍ക്കും ലജ്ജയോ മടിയോ ആണ്. എന്നാല്‍, ഓണ്‍ലൈന്‍ വഴിയുള്ള വില്‍പ്പനയില്‍ ഇത്തരം പ്രശ്നങ്ങളില്ല എന്നതാണ് വ്യാപകമായ ആവശ്യക്കാരുണ്ടാകാന്‍ കാരണമെന്നും അവര്‍ പറയുന്നു.

Top