കേരള കോണ്‍ഗ്രസ്സുകള്‍ക്ക് പണി കൊടുക്കാനുറച്ച് കോണ്‍ഗ്രസ്സ്;ജേക്കബിന്റേയും മാണിയുടേയുംസീറ്റുകള്‍ പാര്‍ട്ടി ഏറ്റെടുക്കും,

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസുകളുടെ സീറ്റിനായുള്ള അവകാശ വാദമൊന്നും കോണ്‍ഗ്രസ് അംഗീകരിക്കില്ല. കേരളാ കോണ്‍ഗ്രസ് മാണിയുടേയും കേരളാ കോണ്‍ഗ്രസ് ജേക്കബിന്റെ അഭിപ്രായങ്ങള്‍ മുഖവിലയ്ക്ക് എടുക്കില്ല. രണ്ട് പാര്‍ട്ടികളില്‍ നിന്നും സീറ്റ് പിടിച്ചെടുക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. മാണി വിഭാഗത്തില്‍ നിന്ന് രണ്ടും ജേക്കബ് വിഭാഗത്തില്‍ നിന്ന് രണ്ടും സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കും. അതായത് ജേക്കബ് ഗ്രൂപ്പിന് ഒരു സീറ്റ് മാത്രമേ നല്‍കൂ. ഇവര്‍ വേണമെങ്കില്‍ മുന്നണി വിട്ടു പോകട്ടെ എന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ജേക്കബ് ഗ്രൂപ്പിനോട് പണ്ടേ താല്‍പ്പര്യക്കുറവുണ്ട്.

എകെ ആന്റണി രാജിവച്ച് ഉമ്മന്‍ ചാണ്ടി ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തിയപ്പോള്‍ ടിഎം ജേക്കബിനെ മന്ത്രി പോലുമാക്കിയിരുന്നില്ല. കരുണാകരനുമായുള്ള ജേക്കബിന്റെ സൗഹൃദമായിരുന്നു ഇതിന് കാരണം. എന്നാല്‍ 72 പേരുടെ പിന്തുണയുമായി അധികാരത്തിലെത്തിയതിനാല്‍ ജേക്കബിനെ ഇത്തവണ മന്ത്രിയാക്കി. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് പിറവത്ത് അനൂപ് ജേക്കബ് ജയിച്ചപ്പോള്‍ ഭക്ഷ്യവകുപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ അത് മന്ത്രിസഭയ്ക്കുള്ള ഭൂരിപക്ഷക്കുറവിന്റെ പ്രശ്‌നം കാരണം മാത്രമായിരുന്നു. അല്ലാത്ത പക്ഷം ഈ മന്ത്രിസഭയിലും ജേക്കബോ അനൂപ് ജേക്കബോ മന്ത്രിയാകുമായിരുന്നില്ല. മൂന്ന് സീറ്റുകളിലാണ് ജേക്കബ് ഗ്രൂപ്പ് കഴിഞ്ഞ തവണ മത്സരിച്ചത്. അതാണ് ഇത്തവണയും പ്രതീക്ഷിക്കുന്നത്. എന്നാല്‍ പിറവം മാത്രം നല്‍കാമെന്നാണ് നിലപാട്. പിറവത്ത് അനൂപ് ജേക്കബ് തോറ്റാല്‍ പിന്നെ ഈ രാഷ്ട്രീയ പാര്‍ട്ടി ഇല്ലാതാകുമെന്നും കരുതുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ വിഭാഗത്തെ ഇടതുപക്ഷവും എടുക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ കണക്ക് കൂട്ടല്‍. ഇത് മനസ്സിലാക്കി കരുതലോടെയാണ് ജേക്കബ് ഗ്രൂപ്പും പ്രതികരിക്കുന്നത്. കഴിഞ്ഞ തവണ മല്‍സരിച്ച അങ്കമാലിയോ മുന്‍പു പലവട്ടം വിജയിച്ച മൂവാറ്റുപുഴയോ കിട്ടണമെന്ന നിലപാടില്‍ മാറ്റമില്ലെന്നു കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍. ഈ സീറ്റുകളിലൊന്നു കിട്ടിയില്ലെങ്കില്‍ മല്‍സരിക്കില്ല. മറ്റൊരു സീറ്റിലും മല്‍സരിക്കാന്‍ താല്‍പര്യമില്ല. അതേസമയം, സീറ്റു കിട്ടിയില്ലെന്നു കരുതി യുഡിഎഫ് വിടില്ല. യുഡിഎഫ് വീണ്ടും അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോണ്‍ഗ്രസുകളുമായുള്ള സഹകരണം യുഡിഎഫ് കുറയ്ക്കുന്നതിന്റെ സൂചനയും പ്രകടമാണ്. ആര്‍ ബാലകൃഷ്ണ പിള്ളയും പിസി ജോര്‍ജും മുന്നണി വിട്ടത് പോലും ആശ്വാസമാണ്. ടിഎസ് ജോണ്‍ യുഡിഎഫിലെത്താന്‍ ശ്രമിച്ചെങ്കിലും അത് കോണ്‍ഗ്രസ് ഇടപെട്ട് തടയുകയും ചെയ്തു.

കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പ്രസക്തി കുറയ്ക്കാനായി മാണി ഗ്രൂപ്പിന്റെ സീറ്റുകളും കോണ്‍ഗ്രസ് ഏറ്റെടുക്കും. പിസി ജോര്‍ജ് മുന്നണി മാറിയതിനാല്‍ പൂഞ്ഞാര്‍ ഏറ്റെടുക്കുമെന്ന് ഉറപ്പാണ്. കോഴിക്കോട് മാണിക്കുള്ള സീറ്റും നല്‍കില്ല. സീറ്റ് വിഭജന ചര്‍ച്ചകളില്‍ കടുത്ത നിലപാട് തന്നെയാകും കോണ്‍ഗ്രസ് എടുക്കുക. കാര്യകാരണങ്ങള്‍ പറഞ്ഞ് സീറ്റുകള്‍ ഏറ്റെടുക്കും. പിജെ ജോസഫിലെ ഒരു വിഭാഗം മുന്നണി മാറുമെന്ന് ഭീഷണി മുഴക്കുന്നുണ്ട്. ഇവര്‍ പോയാലും ഇല്ലെങ്കിലും സീറ്റ് കൂടുതല്‍ നല്‍കില്ല. പരമാവധി സീറ്റുകളില്‍ കോണ്‍ഗ്രസുകാര്‍ തന്നെ മത്സരിക്കട്ടേ എന്നതാണ് ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും വി എം സുധീരന്റേയും നിലപാട്. ആര്‍എസ്പിയോടും നിലപാട് കടുപ്പിക്കാന്‍ സാധ്യതയുണ്ട്.

അതായത് മുസ്ലിം ലീഗിനോട് മാത്രമേ ഔദാര്യപൂര്‍വ്വം കോണ്‍ഗ്രസ് പെരുമാറൂ. വീരേന്ദ്ര കുമാറിന്റെ ജെഡിയുവിന് ചില നീക്കുപോക്കുകള്‍ നടത്തികൊടുക്കും. രാജ്യസഭാ സീറ്റ് വീരേന്ദ്ര കുമാറിന് നല്‍കിയതും ഈ വിട്ടുവീഴ്ചയുടെ ഭാഗമാണ്. എന്നാല്‍ സീറ്റുകള്‍ അധികം നല്‍കില്ല. വിജയസാധ്യതയുള്ളവ നല്‍കാന്‍ ശ്രമിക്കും. ജെഎസ്എസ്, സിപിഐ(എം) തുടങ്ങിയ ചെറുകക്ഷികളുടേയും അവകാശവാദങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിക്കില്ല. ജെഎസ്എസിന്റെ കെകെ ഷാജുവിനോട് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ചെറുകക്ഷികളുടെ വിലപേശല്‍ ഇല്ലാതാക്കാനാണ് ഇത്.

അധികാരത്തിലെത്തിയാല്‍ മന്ത്രിസഭയില്‍ കോണ്‍ഗ്രസും മുസ്ലിംലീഗും കേരളാ കോണ്‍ഗ്രസ് അംഗങ്ങള്‍ എന്ന നിലയിലേക്ക് കാര്യങ്ങളെത്തിക്കാനാണ് നീക്കം. കരുത്ത് കാട്ടിയില്ലെങ്കില്‍ ആര്‍എസ്പിക്കും മന്ത്രിസ്ഥാനം നഷ്ടമാകും.

Top