തിരുവനന്തപുരം :കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് പിജെ കുര്യന്‍. എഐസിസി നിര്‍ദേശം അനുസരിച്ചല്ല സ്ഥാനാര്‍ഥി നിര്‍ണയം നടന്നതെന്നും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും പദവികളില്‍ നിന്ന് മാറണമെന്നും പിജെ കുര്യന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇഷ്ടമില്ലാത്തവരെ ചില നേതാക്കള്‍ ടാര്‍ജറ്റ് ചെയ്യുന്നുണ്ടെന്നും പിജെ കുര്യന്‍ യോഗത്തില്‍ വിമര്‍ശിച്ചു. തോൽവിയിൽ തന്നെമാത്രം പഴിക്കരുതെന്ന് മുല്ലപ്പള്ളി. തനിക്കും ഉത്തരവാദിത്തമുണ്ടെന്ന് ഉമ്മൻചാണ്ടി. നേതാക്കള്‍ക്കെതിരെ കെ സുധാകരന്‍ വിമര്‍ശനം നടത്തി. നേതാക്കള്‍ ഗ്രൂപ്പ് പണി നിര്‍ത്തി തെറ്റ് തിരുത്തണമെന്നാണ് സുധാകരന്‍ ആവശ്യപ്പെട്ടത്.മണിക്കൂറുകളുടെ ചർച്ചയ്‌ക്കുശേഷം സമ്പൂർണ അഴിച്ചുപണി നടത്തണമെന്ന നിർദേശത്തോടെ തന്ത്രപൂർവം യോഗം പിരിഞ്ഞു.
കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പുനസംഘടനയ്ക്കും രാഷ്ട്രീയ കാര്യ സമിതിയില്‍ തീരുമാനമായി. പുനസംഘടന സമയത്ത് നേതൃത്വവും മാറും. അഴിച്ചു പണിക്ക് വിശദമായ മാര്‍ഗരേഖ തയാറാക്കാനും തീരുമാനമായി. ഇതിനായി ലോക്ഡൗണിന് ശേഷം രണ്ടു ദിവസം നീളുന്ന രാഷ്ട്രീയ കാര്യസമിതി ചേരും. സമൂഹ മാധ്യമങ്ങളില്‍ പാര്‍ട്ടിയെ ആക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും യോഗം തീരുമാനമായിട്ടുണ്ട്.
അതേസമയം, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദി താന്‍ മാത്രമാണെന്ന് വരുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും തോല്‍വിയില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നുമാണ് യോഗത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനെന്ന നിലയില്‍ ഉത്തരവാദിത്വം തനിക്കാണെന്നും അത് ഏറ്റെടുക്കുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം, പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ വകയുണ്ടാക്കരുതെന്നാണ് രമേശ് കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ യോഗത്തില്‍ ചെന്നിത്തല പറഞ്ഞത്.
പാര്‍ട്ടിയിലും പാര്‍ലമെന്ററി പാര്‍ട്ടിയിലും എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്നാണ് രമേശ് ചെന്നിത്തല യോഗത്തിന് മുന്‍പാകെ അറിയിച്ചത്. പരസ്പരം ആരോപണം ഉന്നയിച്ച് മറ്റുള്ളവര്‍ക്ക് പറഞ്ഞ് ചിരിക്കാന്‍ ഇനിയും അവസരമുണ്ടാക്കരുത്. കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ബിജെപി അറിഞ്ഞു കൊണ്ട് എല്‍ഡിഎഫിന് വോട്ടു മറിച്ചു. 60 മണ്ഡലങ്ങളില്‍ എങ്ങനെ വന്നാലും എല്‍ഡിഎഫ് ജയിക്കുന്ന രീതിയിലാണ് മണ്ഡല പുനര്‍നിര്‍ണയം നടന്നതെന്നും ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളെ വലയിലാക്കാന്‍ ആര്‍എസ്എസില്‍ നിന്നും വ്യാപകമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ചെന്നിത്തല ആരോപിക്കുന്നുണ്ട്. ആര്‍എസ്എസ് തന്ത്രത്തിന് എതിരെ ജാഗ്രത വേണമെന്ന് നേതാക്കള്‍ ഒറ്റക്കെട്ടായി തീരുമാനമെടുത്തു. തമ്മിലടിച്ചു ആര്‍.എസ്.എസ്സിന് മുതലെടുക്കാന്‍ അവസരം നല്‍കരുത് എന്ന കാര്യത്തിലും നേതാക്കള്‍ കെപിസിസി യോഗത്തില്‍ ഒറ്റക്കെട്ടായി ഉറച്ചുനിന്നു.
കെ. സുധാകരനെ ആര്‍എസ്എസ് ലക്ഷ്യമിടുന്നതായിട്ടാണ് സൂചന. നേരത്തെ യുഡിഎഫ് തോറ്റാല്‍ ബിജെപിക്ക് കാര്യങ്ങള്‍ അനുകൂലമാവുമെന്നും നേതാക്കള്‍ ബിജെപിയിലേക്ക് പോകുമെന്നും സുധാകരന്‍ പ്രതികരിച്ചിരുന്നു. പാര്‍ട്ടിക്കുള്ളില്‍ ചരടുവലികള്‍ ശക്തമായാല്‍ ഗ്രൂപ്പുകളെ ഉപയോഗിച്ച് സമ്മര്‍ദ്ദ തന്ത്രം പുറത്തെടുക്കാനാവും ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ശ്രമിക്കുക. തോല്‍വിയില്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെയും അണികള്‍ക്കിടയില്‍ നിന്ന് വിമര്‍ശനമുയരുന്നത് ആര്‍എസ്എസിന് അനുകൂല സാഹചര്യമുണ്ടാക്കും. കുഞ്ഞാലിക്കുട്ടിക്കെതിരെ യുഡിഎഫില്‍ പടയൊരുക്കം നടന്നാല്‍ ആര്‍എസ്എസിലേക്ക് പോകാന്‍ ജില്ലാ നേതാക്കള്‍ക്ക് കാരണമായി ഉപയോഗിക്കുകയും ചെയ്യാം. കോവിഡ് പ്രതിസന്ധി മയപ്പെട്ടാല്‍ യുഡിഎഫിലും പൊട്ടിത്തെറിക്ക് സാധ്യതയുണ്ട്. ഈ സാഹചര്യം മുതലെടുത്ത് ഘടക കക്ഷികളിലെ സുപ്രധാന നേതാക്കളെ ബിജെപിയിലെത്താക്കാമെന്നാണ് ആര്‍എസ്എസിന്റെ കണക്കുകൂട്ടല്‍.
തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മൻചാണ്ടിയടക്കം രംഗത്ത് ഇറങ്ങിയത് വിമർശങ്ങളുടെ മൂർച്ച കുറയ്‌ക്കാനുള്ള തന്ത്രമായിരുന്നു. തെരഞ്ഞെടുപ്പ് അധ്യക്ഷനെന്ന നിലയിൽ തോൽവിക്ക് നമ്പർവൺ ഉത്തരവാദി താനാണെന്ന് ഏറ്റുപറഞ്ഞ ഉമ്മൻചാണ്ടി പരസ്‌പരം പഴിചാരാതെ മുന്നോട്ട് പോകണമെന്നും നിർദേശിച്ചു. പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച് ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ നിലപാട്. പാർടിയിലും നിയമസഭാ കക്ഷിയിലും എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.