കണ്ണുര്‍: കണ്ണൂരിലെ സി.പി.എമ്മിന് കനത്ത പ്രഹരമായിരിക്കയാണ് ഷുഹൈബ് വധക്കേസ് .ഷുഹൈബ് വധക്കേസില്‍ സര്‍ക്കാരിനെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കാന്‍ കോണ്‍ഗ്രസ്. കേസില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരുമെന്ന് കെ.സുധാകരന്‍ വ്യക്തമാക്കി. കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ സുധാകരന്‍ നടത്തുന്ന നിരാഹാര സമരം നാലു ദിവസം പിന്നിടുകയാണ്. ഇന്നു ചേര്‍ന്ന യു.ഡി.എഫ് യോഗത്തിലാണ് സമരം തുടരാന്‍ തീരുമാനമായത്. ഷുഹൈബ് വധത്തില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സുധാകരന്‍ തിങ്കളാഴ്ച ആരംഭിച്ച 48 മണിക്കൂര്‍ നിരാഹാര സമരമാണ് ഇന്ന് നാലു ദിവസം പിന്നിടുന്നത്.
കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാതെ സമരം പിന്‍വലിക്കില്ല. ഇക്കാര്യം ഉന്നയിച്ചുള്ള കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയെന്നും ചെന്നിത്തല പറഞ്ഞു. ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ കത്താണ് കൈമാറിയത്. സി.പി.എമ്മിന്റെ ഉന്നത തലങ്ങളില്‍ നടന്ന ഗൂഢാലോചനയുടെ ഫലമാണ് കൊലപാതകമെന്നും കത്തില്‍ മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കൊലപാതകം കഴിഞ്ഞ് പത്ത് ദിവസം പിന്നിട്ടിട്ടും കേസന്വേഷണം ഇഴഞ്ഞുനീങ്ങുന്നത്. സി.പി.എമ്മിന്റെ ഇടപെടല്‍ മൂലമാണെന്നും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളോ വാഹനങ്ങളോ കണ്ടെത്താന്‍ പോലീസിന് സാധിക്കാത്തതെന്നും കത്തില്‍ പറയുന്നു.
അതേസമയം സി.പി.എം നടപ്പാക്കുന്നത് കമ്മ്യൂണലിസമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കണ്ണൂരില്‍ യു.ഡി.എഫ് നേതൃയോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണ് ഷുഹൈബിന്റേത്. ഉത്തരേന്ത്യയിലെ ജുനൈദിന്റെ കൊലപാതകത്തെ കുറിച്ച് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കു മിണ്ടാന്‍ കഴിയില്ല. അത് ഇന്ത്യയില്‍ മുഴുവന്‍ നടക്കുന്ന ഫാഷിസ്റ്റ് പ്രവണതയ്ക്കു തുല്യമാണ്. മതേതരത്വത്തെ കുറിച്ച് പ്രസംഗിക്കുന്ന ആളുകള്‍ കൊലപാതകം ആവര്‍ത്തിക്കുന്നത് കേരളത്തിന്റെ സമാധാനത്തിനു ഭീഷണിയാണ്. സുധാകരന്റെ സമരത്തിനു മുസ്‌ലിം ലീഗിന്റെ പൂര്‍ണ്ണ പിന്തുണ അദ്ദേഹം പ്രഖ്യാപിച്ചു.