പ്രതിഷേധമുയർത്തുന്ന അസം നിവാസികളോട് മോദിയുടെ ട്വീറ്റ്; പരിഹാസവുമായി കോൺഗ്രസ്

പൗരത്വബില്‍ പാര്‍ലമെന്റ് പാസാക്കിയതിനെ തുടര്‍ന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ സംഘര്‍ഷം കത്തിപ്പടരുകയാണ്. അസമിലും ത്രിപുരയിലും കലാപസമാനമാണ് കാര്യങ്ങൾ. ജനങ്ങളുടെ പ്രതിഷേധം അടിച്ചമർത്താൻ സൈന്യത്തെ ഇറക്കേണ്ട അവസ്ഥയിലാണ് സർക്കാർ. എന്നാൽ കൃത്യമായ മറുപടികൾ ലഭിക്കാതെ പിരിഞ്ഞുപോകില്ലെന്ന അവസ്ഥയിലാണ് ജനങ്ങൾ.

ഇതിനിടെ പ്രതിഷേധക്കാർക്ക് ഉറപ്പുകൾ നൽകി പ്രധാനമന്ത്രി ട്വിറ്ററിലൂടെ പ്രതികരിച്ചു. എന്നാൽ ഈ സന്ദേശത്തിനെതിരെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്.  പൗരത്വ ഭേദഗതി ബില്ല് പാസായതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതോടെ ജനങ്ങള്‍ മോദിയുടെ ട്വീറ്റ് വായിക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. പ്രധാമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റിന് മറുപടിയായാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

“മോദിജീ.. അസമിലുള്ള നമ്മുടെ സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും നിങ്ങളുടെ സന്ദേശം വായിക്കാന്‍ കഴിയില്ല. അസമിലെ ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ച കാര്യം നിങ്ങള്‍ മറന്നിട്ടുണ്ടാകും” എന്നാണ് കോണ്‍ഗ്രസിന്റെ മറുപടി.

‘പൗരത്വ ഭേദഗതി ബില്‍ പാസായതിന് ശേഷം ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് അസമിലെ എന്‍റെ സഹോദരങ്ങള്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കുന്നു. നിങ്ങളുടെ അവകാശങ്ങളും അതുല്യമായ തനിമയും മനോഹരമായ സംസ്കാരവും ആര്‍ക്കും അപഹരിക്കാനാവില്ല. അത് മനോഹരമായി തഴച്ച് വളരുകയും ചെയ്യും’- എന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. ഇതിന് മറുപടിയായാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

രാജ്യസഭ വിവാദ പൗരത്വ ഭേദഗതി ബില്ല് പാസാക്കിയതിന് പിന്നാലെ അസം ഉള്‍പ്പെടെയുള്ള വടക്കന്‍ സംസ്ഥാനങ്ങളില്‍ ആക്രമണകരമായ പ്രക്ഷോഭങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. ഇതോടെയാണ് മോദിയുടെ ട്വീറ്റ് പുറത്തുവന്നത്. ബുധനാഴ്ച രാത്രി പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതോടെ തന്നെ അസമിലും ത്രിപുരയിലും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ അയല്‍രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ മുസ്ലിങ്ങളല്ലാത്തവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭ്യമാക്കുകയാണ് ബില്ലിന്റെ പ്രഥമ ലക്ഷ്യം. ഗുവാഹത്തിയാണ് പൗരത്വ ഭേദഗതി വിരുദ്ധ ബില്ലിനെതിരായ പ്രക്ഷോഭങ്ങളുടെ പ്രഭവ കേന്ദ്രം. ഇതോടെ അസമിലെ നാലിടങ്ങളിലും ത്രിപുരയിലെ ചില പ്രദേശങ്ങളിലും സൈന്യത്തെ വിന്യസിച്ചിരുന്നു. ‍ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്തിരുന്നു. ഇതോടെ അസമില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

അസമിലെ 10 ജില്ലകളില്‍ ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരത്തോടെ പ്രതിഷേധം നഗരങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ നീക്കം. സോഷ്യല്‍ മീഡിയ ദുരുപയോഗം തടയുന്നതിനും ക്രമസമാധാനം പാലിക്കുന്നതിന് വേണ്ടിയാണ് ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചത്. ലക്ഷ്മിപൂര്‍, ധേമാജി, ടിന്‍സുത്ത, ദിബ്രുഗ‍ര്‍, ചരൈഡിയോ, ശിവസാഗ‍ര്‍, ജോര്‍ഹട്ട്, ഗോലാഘട്ട്, കാംരൂപ് എന്നിവിടങ്ങളിലാണ് ഇന്റര്‍നെറ്റ് വിഛേദിച്ചിട്ടുള്ളത്.

Top