നരേന്ദ്ര മോദിയെ സ്തുതിച്ചു പ്രസ്താവന നടത്തിയെന്ന പേരിൽ കോൺഗ്രസിലെ നേതാക്കളുടെ വിമർശനത്തിന് ഇരയായതിന് പിന്നാലെ ശശി തരൂർ എംപി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ സ്ഥാനം രാജിവയ്ക്കുന്നു. സെല്ലിന്റെ സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങളുടെയും കോഓർഡിനേറ്റർമാരുടെയും യോഗത്തിൽ തരൂർ തന്നെ രാജി തീരുമാനം പ്രഖ്യാപിച്ചു.
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റായ ശേഷം സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ കോൺഗ്രസ് ആശയപ്രചാരണത്തിനായി രൂപീകരിച്ചതാണു പ്രഫഷനൽ, രാഷ്ട്രീയ പ്രവർത്തകരുടെ കൂട്ടായ്മയായ ഡിജിറ്റൽ മീഡിയ സെൽ. ചെയർമാനായി ശശി തരൂരിനെയും കൺവീനറായി എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിയെയും നിയമിച്ചത് കെപിസിസി പ്രസിഡന്റിന്റെ പ്രത്യേക താൽപര്യപ്രകാരമായിരുന്നു. എംപിയെന്ന നിലയിൽ തന്നോടു വിശദീകരണം തേടേണ്ടിയിരുന്നത് എഐസിസിയാണെന്നും കെപിസിസി ഇതിനു മുതിർന്നതിലുള്ള മനോവ്യഥയാണു രാജി തീരുമാനത്തിലേക്കു നയിച്ചതെന്നും ശശിതരൂർ കരുതുന്നതായി അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നു.
രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കോൺഗ്രസിനുണ്ടെന്നും ഭൂരിപക്ഷ സമുദായ പ്രീണനത്തിനുള്ള ശ്രമം പാർട്ടിക്കു ദോഷം ചെയ്യുമെന്നും ശശി തരൂർ എംപി. തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനുള്ള രാഷ്ട്രീയ ആയുധമായാണു ഹിന്ദുത്വത്തെ ബിജെപി ഉപയോഗിക്കുന്നത്.
ഹിന്ദി ഹൃദയഭൂമിയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ബി.ജെ.പിയെ പോലെ ഹിന്ദുത്വ പ്രീണനം നയമായി സ്വീകരിക്കണമെന്ന് അഭിപ്രായപ്പെടുന്നവർ വലിയ അബദ്ധമാണ് ചെയ്യുന്നത്. കാരണം, യഥാർഥത്തിലുള്ള ഉല്‍പ്പന്നവും, അതിന്റെ അനുകരണവും മുന്നിൽ വന്നാൽ ജനങ്ങൾ യഥാർഥ ഉല്‍പ്പന്നത്തെയാണ് തിരഞ്ഞെടുക്കുക :- തരൂർ പറഞ്ഞു
കോൺഗ്രസിന് അതിന്റേതായ മൂല്യങ്ങളുണ്ട്. ബി.ജെ.പിയുടെ വലയിൽ വീഴുന്നതിന് പകരം ആ മൂല്യങ്ങളിൽ ഉറച്ചു നിൽക്കുകയാണ് വേണ്ടത്. ഇന്ത്യയെക്കുറിച്ചുള്ള വക്രീകരിച്ച ആശയങ്ങളെയും, അതിതീവ്ര ദേശീയതയെയും എതിർക്കുന്ന യുവാക്കളടക്കമുള്ള ജനവിഭാഗം ഇന്ത്യയിൽ ഉണ്ട്, നിലവിലെ അപകടകരമായ പ്രതിസന്ധിയെ മറികടക്കാൻ നമുക്ക് സാധിക്കും – തരൂർ ചൂണ്ടിക്കാട്ടി. തരൂർ രചിച്ച ‘ദ് ഹിന്ദു വേ: ആൻ ഇൻട്രൊഡക്‌ഷൻ ടു ഹിന്ദുയിസം’ എന്ന പുസ്തകം 12ന് 6.30നു ഡൽഹി തീൻ മൂർത്തി ഭവൻ നെഹ്റു സ്മാരക മ്യൂസിയത്തിൽ പ്രകാശനം ചെയ്യും.