ജാര്‍ഖണ്ഡിലും വിജയമാവര്‍ത്തിച്ച് കോണ്‍ഗ്രസ്; ബിജെപിക്ക് മൂന്നാം തോല്‍വി, തോറ്റത് പതിനായിരത്തോളം വോട്ടുകള്‍ക്ക്

ജാര്‍ഖണ്ഡ്: കോണ്‍ഗ്രസിന് ഇത് ശുക്രദശ. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ വിജയത്തിന് പിന്നാലെ ഉപതെരഞ്ഞെടുപ്പിലും ശക്തമായി കോണ്‍ഗ്രസ് തിരിച്ചുവരവ്. ജാര്‍ഖണ്ഡിലെ സിംദേഗ ജില്ലയിലെ കോലേബിറ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പതിനായിരത്തോളം വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ നമന്‍ ബിക്സല്‍ കോന്‍ഗരി ബി.ജെ.പിയുടെ ബസന്ത് സോറെങിനെ 9658 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ജാര്‍ഖണ്ഡില്‍ ബിജെപിയുടെ തുടര്‍ച്ചയായ മൂന്നാമത്തെ ഉപതെരഞ്ഞെടുപ്പ് തോല്‍വിയാണ് ഇന്നത്തേത്.
വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയായിരുന്നു. 20 റൗണ്ട് വോട്ടുകളും എണ്ണിയപ്പോള്‍ കോന്‍ഗരിയ്ക്ക് 40,343 വോട്ടും സോറങ്ങിന് 30,685 വോട്ടുകളുമാണ് ലഭിച്ചത്.
മണ്ഡലത്തില്‍ വിജയപ്രതീക്ഷയുണ്ടായിരുന്ന ജാര്‍ഖണ്ഡ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി മേനോന്‍ എക്ക മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. 16,445 വോട്ടുകളാണ് എക്കയ്ക്ക് ലഭിച്ചത്. എംഎല്‍എയായിരുന്ന എനോസ് എക്കയുടെ ഭാര്യയാണ് മേനോന്‍ എക്ക.

സ്‌കൂള്‍ അധ്യാപകന്റെ കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട എനോസ് അയോഗ്യനായതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. ഈ വര്‍ഷം ജൂണില്‍ നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും ബിജെപി പരാജയപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top