കൊച്ചി:ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിങ്ങ് മാളായ ലുലുവിന്റെ അനധികൃത പാര്‍ക്കിങ്ങ് ഫീ കൊള്ളക്കെതിരായി കണ്‍സ്യുമര്‍ കോടതിയില്‍ പരാതി.എറണാകുളം ഉപഭോക്തൃ കോടതിയിലാണ് പത്മശ്രീ എംഎ യൂസഫലിയുടെ ബഹുനില മാളിനെതിരായി പരാതി വന്നത്.ലുലു യാതൊരു നിയമവും ഇല്ലാതെ പാര്‍ക്കിങ്ങ് ഫീ ഈടാക്കുന്നതായി കാണിച്ച് ലോക്ജനശക്തി പാര്‍ട്ടി നേതാവ് രമാ ജോര്‍ജ് ആണ് നിയമവഴിയില്‍ എത്തിയത്.കേരള മുന്‍സിപ്പല്‍ കെട്ടിട നിയമ പ്രകാരം പാര്‍ക്കിങ്ങ് ഏരിയ ഉണ്ടെങ്കില്‍ മാത്രമേ ഒരു ഷോപ്പിങ്ങ് മാളിന് അനുമതി നല്‍കാവൂ എന്നാണ് നിയമം.ഇത്തരത്തിലുള്ള പാര്‍ക്കിങ്ങ് ഏരിയ ഉപഭോക്താവ് ഉപയോഗിക്കുന്നതിന് പണം വാങ്ങുന്നത് നിയമ വിരുദ്ദമാണെന്ന് പരാതിക്കാരിക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ലൈജു റാം കല്ലിടവാദിച്ചു.ഇത് കൂടാതെ മാളില്‍ എവിടേയും പേ ആന്റ് പാര്‍ക്ക് എന്ന ബോര്‍ഡും സ്ഥാപിച്ചിട്ടില്ല.
17 ലക്ഷം ചതുരശ്രയടി വിസ്തീണ്ണമുള്ള മാളിന്റെ ഏറ്റവും താഴത്തെ നില പൂര്‍ണ്ണമായും പാര്‍ക്കിങ്ങിന് മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിയമം.ഇത് ഉപഭോക്താവിന്റെ അവകാശമാണെന്ന് ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.കാറിന് മണിക്കൂറിന് 20 രൂപ മുതല്‍ ഈടാക്കുനതായാണ് ആരോപണം.മണിക്കൂറുകള്‍ കണക്കാക്കി 60 രൂപ വരെ ലുലു വാങ്ങുന്നുണ്ടെന്ന് രമ ജോര്‍ജ് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.കഴിഞ്ഞ ദിവസം താന്‍ ലുലുവില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ പോയപ്പോഴാണ് ഇത്തരത്തിലുള്ള അവസ്ഥ നേരിട്ട് മനസിലായത്.പാര്‍ക്കിങ്ങിന് രശീതി ഇവര്‍ നല്‍കാറില്ല.താന്‍ പോലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോഴാണ് രശീതി നല്‍കാന്‍ ലുലു അധികൃതര്‍ തയ്യാറായതെന്നും അവര്‍ ആരോപിച്ചു.പരാതിക്കാരിയുടെ ആരോപണത്തിന്മേല്‍ വിശദീകരണം നല്‍കാന്‍ ലുലു എംഡി എംഎ യൂസഫലിയോടും ജനറല്‍ മാനേജരോടും നേരില്‍ ഹാജരാകാന്‍ നോട്ടീസ് അയക്കാന്‍ കോടതി തീരുമാനിച്ചു.
എന്നാല്‍ പാര്‍ക്കിങ്ങ് ഫീ പിരിക്കുന്നതിന് സ്റ്റോപ്പ് മെമ്മോ നല്‍കണമെന്ന ഹര്‍ജിക്കാരിയുടെ ആവശ്യത്തിന്മേല്‍ നാളെയും വാദം തുടരും.ഇതാദ്യമായാണ് യൂസഫലിയോട് നേരില്‍ ഹാജരാകാന്‍ കോടതി ആവശ്യപ്പെടുന്നത്.തുടക്കത്തില്‍ പാര്‍ക്കിങ്ങ് സൗജന്യമായ ഇവിടെ ഏതാനും മാസങ്ങളായി പാര്‍ക്കിങ്ങിന്റെ പേരില്‍ വന്‍ കൊള്ളയാണ് നടക്കുന്നതെന്നാണ് ആരോപണം.വിഷയം ഇത്ര ഗൗരവകരമാണെന്നിരിക്കെ മുഖ്യധാര മാധ്യമങ്ങള്‍ ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടില്ല.പാര്‍ക്കിങ്ങ് ഫീ ഈടാക്കുന്നത് അവസാനിപ്പികും വരെ നിയമ പോരാട്ടം തുടരുമെന്ന് രമജോര്‍ജ് കൂട്ടിച്ചേര്‍ത്തു.