തിരുവനന്തപുരം: പീഡനത്തിനിടെ ജനനേന്ദ്രിയം മുറിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദ എന്ന ശ്രീഹരിയെ ഇന്ന് പോലീസ് വിശദമായി ചോദ്യം ചെയ്യും. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതിനാല്‍ ഇന്നലെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല. അതേസമയം പീഡനത്തില്‍ നിന്നും രക്ഷപ്പെടുന്നതിനായി സ്വാമിയെ ആക്രമിച്ച യുവതിക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശയക്കുഴപ്പം തുടരുകയാണ്.
സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവത്തില്‍ പേട്ട സ്വദേശിനിയായ യുവതിയുടെ രഹസ്യമൊഴിയെടുത്തു. കൊല്ലം സ്വദേശിയായ ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമിയുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇപ്പോള്‍ ഇരുപത്തിമൂന്നു വയസ്സുള്ള യുവതിയെ 17 വയസ്സു മുതല്‍ ഇയാള്‍ പീഡിപ്പിച്ചിരുന്നതായാണു മൊഴി. യുവതിയുടെ അമ്മ പീഡനത്തിന് ഒത്താശ ചെയ്തിരുന്നതായും പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി.
അതേസമയം, ജനനേന്ദ്രിയം താന്‍ സ്വയം മുറിച്ചതാണെന്നാണ് സ്വാമി പൊലീസിനു നല്‍കിയ മൊഴി. വര്‍ഷങ്ങളായി ലൈംഗികചൂഷണം നടത്തിയ സ്വാമിയില്‍ നിന്ന് രക്ഷപെടാന്‍ സഹികെട്ട് ആക്രമിക്കേണ്ടിവന്നെന്നായിരുന്നു യുവതി അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. എന്നാല്‍ സംഭവത്തിന് പിന്നില്‍ മറ്റെന്തെങ്കിലും ദുരൂഹത ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുടുംബവുമായി കാലങ്ങളായി അടുപ്പത്തിലായിരുന്ന ഗംഗേശാനന്ദ മകളെ ദുരുപയോഗം ചെയ്തിരുന്ന കാര്യം അറിയില്ലെന്നായിരുന്നു അമ്മ പൊലീസിനോട് വെളിപ്പെടുത്തിയത്. ഇക്കാര്യം അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല.
ഇവരെ വീണ്ടും ചോദ്യംചെയ്യും. ചികിത്സയില്‍ കഴിയുന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസും ആശയക്കുഴപ്പത്തിലാണ്. യുവതിക്കെതിരെ കേസെടുത്തെന്ന് പേട്ട പൊലീസ് ആദ്യം പറഞ്ഞെങ്കിലും ഇത് െഎജി തന്നെ ഇടപെട്ട് തിരുത്തി. ഗംഗേശാനന്ദ എന്നറിയപ്പെട്ടിരുന്ന ശ്രീഹരിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തിന്റെ നിജസഥിതി പുറത്തുവരുമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
വെള്ളിയാഴ്ച രാത്രിയാണ് കേരളത്തെ പിടിച്ചുകുലുക്കിയ സംഭവം അരങ്ങേറിയത്. വര്‍ഷങ്ങളായി പെണ്‍കുട്ടിയുടെ വീട്ടില്‍ ഇയാള്‍ പൂജകള്‍ക്കും മറ്റുമായി എത്താറുണ്ടായിരുന്നു. വെള്ളിയാഴ്ച ഇയാള്‍ എത്തുന്നുണ്ടെന്ന് അറിഞ്ഞതിനെത്തുടര്‍ന്നു പെണ്‍കുട്ടി കത്തി കരുതിവയ്ക്കുകയും, പതിവുപോലെ ലൈംഗികാതിക്രമത്തിനു മുതിര്‍ന്നപ്പോള്‍ ജനനേന്ദ്രിയം മുറിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. ലൈംഗിക അതിക്രമത്തിന് ഇരയായ യുവതിക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. യുവതിയുടെ നടപടി ഉദാത്തവും ധീരവുമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോട്ടയം നെടുങ്കുന്നത്തുനിന്ന് 35 വര്‍ഷംമുമ്പ് കോലഞ്ചേരിയിലെത്തി പട്ടിമറ്റം ചെങ്ങറയില്‍ ഹോട്ടല്‍ നടത്തിയിരുന്ന കുടുംബത്തിലെ അംഗമാണ് പിന്നീട് ഗംഗേശാനന്ദ തീര്‍ത്ഥപാദരായിത്തീര്‍ന്ന ഹരികുമാര്‍. മികച്ച കളരിയഭ്യാസികൂടിയായ ഹരികുമാര്‍ 15 വര്‍ഷംമുമ്പ് നാടുവിട്ടതാണ്. സംഘപരിവാര്‍ ബന്ധവും ഒരു സുപ്രഭാതത്തിലുണ്ടായ ദൈവവിളിയുമാണ് ദേശാടനത്തിനുകാരണമായി പറഞ്ഞിരുന്നത്.
നാലുവര്‍ഷത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തുന്നത് സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന പേരിലാണ്. ദൈവസഹായം എന്ന പേരില്‍ കോലഞ്ചേരിയില്‍ അച്ഛനൊപ്പം ഹോട്ടലുകള്‍ നടത്തിയിരുന്ന ഹരികുമാര്‍ ആത്മീയപാതയിലായതോടെ പൈതൃകമായി ലഭിച്ച ഹോട്ടല്‍ സഹോദരങ്ങള്‍ക്ക് കൈമാറി.
ബുള്ളറ്റ് ബൈക്കുകളോട് വലിയ താത്പര്യമുണ്ടായിരുന്ന സ്വാമി ബുള്ളറ്റിലായിരുന്നു യാത്ര പതിവ്. കൊല്ലം പന്മനയിലെ ആശ്രമത്തില്‍നിന്ന് നാട്ടിലേക്ക് വന്നിരുന്നത് ബുള്ളറ്റിലായിരുന്നു. മേല്‍മുണ്ടുധരിച്ച് ചെരിപ്പില്ലാതെ ബുള്ളറ്റില്‍ സഞ്ചരിക്കുന്ന സ്വാമിക്ക് ഇതോടെ ബുള്ളറ്റ് സ്വാമിയെന്ന പേരും വീണു. പുത്തന്‍കുരിശിലെ ഒരു പണമിടപാടുസ്ഥാപനത്തിന്റെ കേസുകളുള്‍പ്പെടെ കോലഞ്ചേരി കോടതിയില്‍ ഗംഗേശാനന്ദക്കെതിരെ മൂന്ന് കേസുണ്ട്. നാട്ടില്‍ ഒട്ടേറെ ആരാധകരുണ്ട്. ഡല്‍ഹിയിലെ വൈഷ്ണവസന്ന്യാസിമാരില്‍ ചിലര്‍ സ്വാമിയുടെ അടുത്ത സുഹൃത്തുക്കളുമാണ്.
എറണാകുളം കോലഞ്ചേരി സ്വദേശിയായ ഇയാള്‍, അവിടെ ‘ദൈവസഹായം’ എന്ന പേരില്‍ ചായക്കട നടത്തുന്നതിനിടെയാണ് പതിനഞ്ചു കൊല്ലം മുന്‍പ് പന്മന ആശ്രമത്തിലെത്തുന്നത്. അവിടൈവച്ച് ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന പേര് സ്വീകരിക്കുകയായിരുന്നു. പത്തുകൊല്ലം മുന്‍പ് കണ്ണമ്മൂലയില്‍ നടന്ന ചട്ടമ്പിസ്വാമികളുടെ ജന്മഗൃഹവുമായി ബന്ധപ്പെട്ടു നടന്ന സമരത്തില്‍ ഇയാള്‍ മുഖ്യസ്ഥാനത്തുണ്ടായിരുന്നു.