തിരുവനന്തപുരം:ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ എന്ന തോക്കുസ്വാമി ഭീകരനാണോ ? ജിഷ്ണുവിന് നീതി ലഭിക്കാനായി അമ്മ മഹിജ നടത്തിയ സമരത്തിനിടെ അറസ്റ്റിലായതോടെയാണ് തോക്കു സ്വാമിയെ ഒരു ഭീകര ജീവിയായി വീണ്ടും വാര്‍ത്തകളില്‍ കാണിക്കുന്നത് . ഒരു കാര്യവുമില്ലാതെ തന്നെ അറസ്റ്റ് ചെയ്തതിനെക്കുറിച്ച് അദ്ദേഹം നേരത്തേ വെളിപ്പെടുത്തിയിരുന്നു. ജയിലിനുള്ളില്‍ നടന്ന സംഭവവികാസങ്ങളും ഹിമവല്‍ ഭദ്രാനന്ദ പങ്കുവയ്ക്കുകയാണ്.താന്‍ എങ്ങനെ തോക്കുസ്വാമിയായെന്നും മനോരമ ഓണ്‍ലൈനിലെ മറുപുറം പരിപാടിക്കു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വിവരിക്കുന്നു.
മഹിജയുടെ സമരവും പൊലീസ് നടപടിയും വിവാദമാക്കിയതിനു പിന്നില്‍ ബിജെപിയും യുഡിഎഫുമാണെന്ന് അദ്ദേഹം ആരോപിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനും ബിജെപിയുടെ വി. മുരളീധരനും ജയിലിലെത്തി തനിക്കൊപ്പം അറസ്റ്റിലായവരെ കണ്ടിരുന്നു. ഇവര്‍ ജയിലില്‍ കിടന്നു പറഞ്ഞ കാര്യങ്ങളാണ് പിറ്റേന്ന് ഈ നേതാക്കള്‍ മാധ്യമങ്ങളില്‍ പറഞ്ഞത്. പാര്‍ട്ടിക്കാരെപ്പോലെ പൊലീസുകാരെയും സ്‌നേഹിച്ചതും വിശ്വസിച്ചതുമാണ് പിണറായിക്കു പറ്റിയ തെറ്റെന്നും ഹിമവല്‍ ഭദ്രാനന്ദ അഭിപ്രായപ്പെടുന്നു. ഇതോടൊപ്പം അഭിമുഖത്തില്‍നിന്ന്:
തോക്കുസ്വാമിയുടെ ജനനം
തോക്കു സ്വാമിയുടെ ജനനം 2008 മെയ് 17നാണ്. മനുഷ്യമനസാക്ഷിയെ വെറുപ്പിക്കുന്നവിധത്തിലുള്ള പൈശാചിക പ്രവര്‍ത്തികള്‍ ആത്മീയതയുടെ മറവിയില്‍ ചെയ്ത സന്തോഷ് മാധവന്റെ വിഷയം നടക്കുമ്പോഴാണ് തോക്കുസ്വാമി എന്നുപറയുന്ന ആളുടെ അതായത് ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ(ഹിമവല്‍ ഭദ്രാനന്ദ എന്നല്ല) യെക്കുറിച്ചും വാര്‍ത്ത വരുന്നത്. എവിടെ സന്തോഷ് മാധവനുണ്ടോ അവിടെ ഭദ്രാനന്ദയുടെ പേരും ചേര്‍ത്ത് വാര്‍ത്തയിടാന്‍ തുടങ്ങി. കുറച്ചു മാധ്യമപ്രവര്‍ത്തകര്‍ കാണിച്ച കുരുത്തക്കേടായിരുന്നു അത്. വ്യക്തിവൈരാഗ്യവും അവരുടെ ചില സുഹൃത്തുക്കളുടെ താത്പര്യത്തിനനുസരിച്ചുമാണ് അവര്‍ അങ്ങനെ ചെയ്തത്.
സന്തോഷ് മാധവന്റെ കൂടെ ഒരുപാട് സ്ത്രീകളുണ്ടെന്നു പറഞ്ഞ് അദ്ദേഹത്തെ അങ്ങനെയൊരു മോശം ഇമേജിലെത്തിച്ചു. ഭദ്രാനന്ദന്റെയും കൂടെ ഒരു സ്ത്രീ ഉണ്ടെന്നു പറഞ്ഞു. എന്റെ ഒപ്പം താമസിച്ചിരുന്ന എന്റെ അമ്മയെ എ്‌ന്റെ വെപ്പാട്ടിയായി ചിത്രീകരിച്ചപ്പോള്‍ എഴുപതോളം വരുന്ന ആള്‍ക്കാര്‍ വീട് ആക്രമിക്കാന്‍ വന്നു. അവരെ ചെറുച്ച് എന്റെ അമ്മയെ സംരക്ഷിക്കുകയെന്നത് എ്‌ന്റെ ധര്‍മ്മമാണ്.
സമൂഹത്തിന്റെ ഭാഗമായി ചല കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്നതുകൊണ്ട് ശത്രുകള്‍ ഒരുപാട് ഉണ്ടായിരുന്നു. മൂന്നു വധശ്രമം നേരിട്ടിട്ടും ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിട്ടും എനിക്ക് പൊലീസ് പ്രോട്ടക്ഷന്‍ തന്നിരുന്നില്ല. ആ തോക്കുമായി ഞാന്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തക എന്നെ വിളിച്ച് വിശേഷങ്ങള്‍ ചോദിച്ചു. അവിടെ നടന്ന വിശേഷങ്ങള്‍ ഞാന്‍ പറഞ്ഞു. എന്റെ വീടിന്റെ മുന്നില്‍ ഇപ്പോള്‍ ഇങ്ങനത്തെ ഒരു സാഹചര്യം ഉണ്ടായിരിക്കുകയാണ്. എനിക്കും അമ്മയ്ക്കും ഇവിടെ ജീവിക്കാന്‍ പറ്റുന്നില്ല എന്നു ഞാന്‍ പറഞ്ഞു.എന്നെയും എന്റെ അമ്മയെയും ചേര്‍ത്ത് ഇത്തരത്തിലൊരു വാര്‍ത്ത കേരളത്തിലെ ഒരു പ്രമുഖ മാധ്യമത്തില്‍ വരുന്നതായി തലേദിവസം തന്നെ എനിക്ക് ഒരു റിപ്പോര്‍ട്ട് കിട്ടിയിരുന്നു. ഇക്കാര്യവും ഞാന്‍ മാധ്യമപ്രവര്‍ത്തകയെ അറിയിച്ചു. ഒരു അമ്മയെയും മകനെയും പറ്റി ഇങ്ങനത്തെ ഒരു വാര്‍ത്ത വന്നാല്‍ എങ്ങനെ നമ്മള്‍ക്ക് ഈ ഭൂമിയില്‍ ജീവിച്ചിരിക്കാന്‍ പറ്റുമെന്ന് മാധ്യമപ്രവര്‍ത്തകയോട് ഞാന്‍ ചോദിച്ചു. എന്റെ ഈ വാക്കിനെ സെന്‍സേഷണലാക്കാന്‍ വേണ്ടിയിട്ട് അവര്‍ അവരുടെ വാര്‍ത്താ ഡെസ്‌കുമായി ഡിസ്‌കസ് ചെയ്തു. ഹിമവല്‍ ഭദ്രാനന്ദ ആത്മഹത്യാ ഭീഷണി മുഴക്കി തോക്കുമായി വീടിന്റെ മുന്നില്‍ നില്‍ക്കുന്നു എന്നാക്കിമാറ്റിയാണ് അവര്‍ വാര്‍ത്ത നല്കിയത്.
ഇതുകേട്ട് പൊലീസ് വന്നു. ഞാനും എന്റെ അമ്മയും എന്തു തെറ്റാണ് ചെയ്തതെന്ന് ഞാന്‍ പൊലീസിനോടു ചോദിച്ചു. കുഴപ്പമില്ല, സേറ്റേഷനില്‍ വരൂ, നമുക്ക് എല്ലാത്തിനും പരിഹാരം ഉണ്ടാക്കാം എന്നുപറഞ്ഞ് അവര്‍ എന്നെ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയി. ആ പരിഹാരം ഉണ്ടാക്കിയത് 31 ദിവസം ജയിലില്‍ അടച്ചുകൊണ്ടായിരുന്നു. സിഐയെ വെടിവച്ചുകൊല്ലാന്‍ ശ്രമിച്ചുവെന്ന കള്ളക്കേസാണ് എനിക്കെതിരേ ചുമത്തിയത്. കേസ് കോടതിയില്‍ പൊട്ടിപ്പോളീഷായി.
സിഐയെ വെടിവച്ചുകൊല്ലാന്‍ ശ്രമിച്ചുവെന്നു പറഞ്ഞാന്‍, കയ്യില്‍ ഒരു മില്ലീമീറ്ററിന്റെ ഒരു മുടിനാരിഴ സ്‌ക്രാച്ചാണ്. അഡീഷണല്‍ സെഷന്‍സ് ജഡ്ജിയാണ് കേസ് കേട്ടത്. പൊലീസുകാര്‍ പറഞ്ഞ കഥ ജഡ്ജിക്കു വിശ്വാസമായില്ല. 750 കിലോഗ്രാം ത്രസ്റ്റില്‍ വന്നടിക്കുന്ന, 1300 ഫീറ്റ് സ്പീഡില്‍ വരുന്ന ഒരു വെടിയുണ്ടയെ കൈകൊണ്ടു തട്ടിക്കളഞ്ഞുവെന്നാണ്. അങ്ങനെ തട്ടിക്കളഞ്ഞപ്പോള്‍ ഒരു മില്ലീമീറ്ററിന്റെ ഹെയര്‍ സ്‌ക്രാച്ച് വന്നുവെന്നാണ്. ഇത് കേട്ട ജഡ്ജി, വെടിയുണ്ട ഇങ്ങനെ തട്ടിക്കളയാന്‍ നിങ്ങളാര് രജനീകാന്താണോ എന്നു ചോദിച്ചു. തന്റെ മുറില്‍വച്ചാണു വെടി പൊട്ടിയതെന്നാണ് സിഐ മൊഴി കൊടുത്തത്. എസ്‌ഐ പറഞ്ഞത് റൈറ്ററുടെ മുറിയില്‍വച്ച് വെടിപൊട്ടിയെന്നാണ്. ഡിവൈഎസ്‌പി പറഞ്ഞത് അങ്ങനെയൊരു സംഭവമേ അവിടെ ഉണ്ടായിട്ടില്ലെന്നാണ്. എനിക്കെതിരെ പൊലീസ് കൊടുത്ത എല്ലാ മൊഴികളും പരസ്പര വിരുദ്ധമായിരുന്നു.
ബ്ലഡ് എന്നു പേരിലുള്ള എന്റെ നായയും എന്റെ തോക്കും എന്റെ വിശ്വസ്തരാണ്. ഇതൊരിക്കലും ചതിക്കത്തില്ല നമ്മളെ. ഒരുപാട് പ്രശ്‌നങ്ങളില്‍നിന്നുമാണ് തോക്കുസ്വാമി ജനിച്ചത്. തൊട്ടാല്‍പൊട്ടും. തോക്കായി തന്നെ ഇരിക്കട്ടെ. എന്റെ അമ്മയും വിളിക്കും, എടാ തോക്കേ…
എക്‌സ്ട്രീമിസ്റ്റുകളുടെ ഒരുപാട് പ്രവര്‍ത്തികളെക്കുറിച്ച് ഞാന്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇത് സിറിയയൊന്നുമല്ല, ഇവിടെ അങ്ങനത്തെ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് പൊലീസുകാര്‍ പറഞ്ഞത്. എനിക്ക് കിട്ടിയ വിവരങ്ങള്‍ ഞാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്കും(എന്‍ഐഎ) രാജ്‌നാഥ് സിംഗി(കേന്ദ്ര ആഭ്യന്തരമന്ത്രി)നും അയച്ചുകൊടുത്തു. ഇതിനെ തുടര്‍ന്ന് അവര്‍ നടത്തിയ അന്വേഷണത്തിലാണ് പത്തിരുപത്തിമൂന്നു പ്രതികള്‍ പിടിയിലാകുന്നത്. ——(ബീപ് ശബ്ദം) പറയുന്ന അദ്ദേഹത്തിന്റെ അടുത്തും ഞാന്‍ ഈ പരാതി കൊടുത്തു. അദ്ദേഹം എന്നെ പിടിച്ച് അകത്തിടുകയായിരുന്നു. മയക്കുമരുന്നു മാഫിയയും അദ്ദേഹവും തമ്മിലുള്ള ഞെട്ടിക്കുന്ന ബന്ധം മനസിലാക്കാനാണ് എനിക്കു സാധിച്ചത്. കൊച്ചി നഗരത്തില്‍ എനിക്ക് പൊലീസ് പ്രൊട്ടക്ഷന്‍ തരാതിരിക്കുന്നതിനു പിന്നില്‍ മയക്കുമരുന്നു മാഫിയ ആണെന്നാണ് കൊച്ചിയില്‍നിന്ന് എനിക്കു മനസിലാക്കാന്‍ സാധിച്ചത്. ഇത് ഞാന്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയന്റെയും ഡിജിപിയുടെയും ശ്രദ്ധയില്‍പ്പെടുത്തും. എനിക്ക് എറണാകുളം റൂറലില്‍ മാത്രമാണ് പ്രൊട്ടക്ഷനുള്ളത്. ഒറ്റയ്ക്ക് നടക്കരുതെന്നും ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും എറണാകുളം റൂറല്‍ പൊലീസ് മേധാവി ഉണ്ണിരാജ എനിക്ക് മുന്നറിയിപ്പു നല്കിയിട്ടുണ്ട്. എന്റെ തോക്കും ഇവര്‍ പിടിച്ചുവച്ചിരിക്കുകയാണ്. പ്രശ്‌നം വന്നുകഴിഞ്ഞാല്‍ ഡിഫന്‍സിനു പോലും എന്റെ കയ്യില്‍ ഒന്നുമില്ല. ഇത് ഡിജിപിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ആഗ്രഹിച്ചു. ഡിജിപി എന്നെക്കുറിച്ച് സിനിമാ സംവിധായകന്‍ മേജര്‍ രവിയോട് അന്വേഷിച്ചശേഷം എന്നെ ഫോണില്‍ വിളിച്ചു. അതിനുശേഷമാണ് പൊലീസ് എന്നെ 59 ദിവസം ജയിലില്‍ അടയ്ക്കുന്നത്. മതസ്പര്‍ദ്ധയെന്ന കേസാണു ചുമത്തിയത്. തിരുവനന്തപുരത്ത് ദളിത് പെണ്‍കുട്ടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അവന്റെ ലിംഗം മുറിച്ചുകളയണമെന്നു പറഞ്ഞതിനാണ് ഈ കേസ്.
മഹിജയുടെ സമരത്തിനിടെ അറസ്റ്റിലായത് മാധ്യമപ്രവര്‍ത്തകനുമായി സംസാരിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍
ഇതിന്റെയൊക്കെ സത്യാവസ്ഥ ഇങ്ങനെയൊക്കെ ആണെന്ന് ഡിജിപിയെ നേരിട്ടറിയിക്കണമായിരുന്നു. തിരുവനന്തപുരത്തെത്തി രാവിലെ ഡിജിപിയെ വിളിച്ചു. അദ്ദേഹത്തിന്റെ ഗണ്‍മാനാണ് എടുക്കുന്നത്. ഡിജിപിയുമായി അപ്പോയിന്റ്‌മെന്റ് വേണമെന്നു പറഞ്ഞു. അദ്ദേഹം സാറിനോട് ചോദിച്ചിട്ട് 11നും 12നും ഇടയ്ക്ക് വരാന്‍ പറഞ്ഞു. ഡിജിപിയുടെ സമയം വിലപ്പെട്ടതായതുകൊണ്ട് വെയ്റ്റ് ചെയ്യിപ്പിക്കേണ്ടെന്നു കരുതി പത്തരയ്ക്ക് അവിടെ എത്തി. അവിടെ ചെല്ലുമ്പോള്‍ കംപ്ലീറ്റ് മീഡിയക്കാര്‍ അവിടെ നില്‍ക്കുന്നുണ്ട്. മനുഭരത് എന്നു പറയുന്ന എന്റെയൊരു സുഹൃത്ത് ഉണ്ടായിരുന്നു. അദ്ദേഹത്തെ വിളിച്ചിട്ട് വാര്‍ത്തയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാന്‍ വൈകിട്ട് കാണാമെന്നു പറഞ്ഞു. അദ്ദേഹം പറഞ്ഞു ഞാന്‍ ഇവിടെതന്നെയുണ്ട്, നമുക്ക് ഇവിടെവച്ചുതന്നെ കാണാമെന്നു പറഞ്ഞു. അവിടെ ജിഷ്ണുവിന്റെ അമ്മയും സമരക്കാരും കൂടിനില്‍ക്കുകയാണ്. പൊലിസുമുണ്ട്. ഞാന്‍ ജയിലിലായിരുന്നതുകൊണ്ട് ജിഷ്ണുവിന്റെ വിഷയം കൂടുതല്‍ എനിക്കറിയില്ലായിരുന്നു. ഈ വിഷയം എന്താണെന്നറിയാന്‍ വേണ്ടി മനുവുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടന്ന് അവിടെ സംഘര്‍ഷം ഉണ്ടാകുന്നു. മ്യൂസിയം സ്റ്റേഷിനെ എസ്‌ഐ സുനില്‍ ഓടി എന്റടുത്തു വന്നിട്ട് എന്താ ഇവിടെ എന്നു ചോദിച്ചു. സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാന്‍ പറഞ്ഞു. എന്തിനാണ് ഇവിടെ വന്നതെന്നു ചോദിച്ചപ്പോള്‍ ഡിജിപിയെ കാണാന്‍ വന്നതാണെന്നും പറഞ്ഞു. അപ്പോള്‍, ഇങ്ങുവാ എന്നു പറഞ്ഞിട്ട് എന്റെ കൈപിടിച്ച് വലിച്ചിട്ട് വണ്ടിയില്‍ കയറ്റി മ്യൂസിയം സ്റ്റേഷനിലിരുത്തി. പതിനഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ അവിടുന്നു നേരേ പൂജപ്പരയിലേക്കു കൊണ്ടുപോയി വൈകിട്ടുവരെ ഇരുത്തി. വീണ്ടും സ്‌റ്റേഷനില്‍ കൊണ്ടുവന്നു. 12 മണിക്ക് മജിസ്‌ട്രേറ്റിന്റെ അടുത്തെത്തിച്ചു. മൂന്നു മണിയായപ്പോള്‍ ജയിലില്‍ റിമാന്‍ഡ് ചെയ്യുകയായിരുന്നു. എന്തിനാ ഈ കേസ് എന്നു ചോദിച്ചപ്പോള്‍ ഒന്നും മിണ്ടിയില്ല. പിന്നെ പത്രം നോക്കിയപ്പോള്‍, കേസിന് കൂടുതല്‍ ബലം കിട്ടാന്‍ വേണ്ടിയാണ് തോക്കു സ്വാമിയെ പിടിച്ചതെന്ന് എഴുതിയിരിക്കുന്നു. മാധ്യമസുഹൃത്തുകള്‍ അന്ന് അവിടെ കണ്ടില്ലായിരുന്നുവെങ്കില്‍ ജനത്തിന്റെ ഇടയില്‍ ഞാന്‍ വീണ്ടും വിവാദനായകനാകുമായിരുന്നു.കേസുമായി ബന്ധപ്പെട്ട ആള്‍ക്കാരുമായിട്ട് എനിക്ക് യാതൊരു മുന്‍പരിചയവുമില്ല.അവരുമായി സംസാരിക്കുകയോ നേരില്‍ കാണുകയോ ചെയ്തിട്ടില്ല. ഒരേ സെല്ലില്‍ ആയിരുന്നിട്ടും കാര്യമായി സംസാരിച്ചില്ല. യുഡിഎഫിന്റെയും ബിജെപിയുടെയും നല്ലൊരു പങ്ക് ഇതിലുണ്ടായിരുന്നു. എന്നാല്‍ പകുതി ആയപ്പോള്‍ ബിജെപി പുറന്തള്ളപ്പെട്ടു. തന്റെ ബന്ധുവിനെ ആര്‍എസ്എസുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച കാര്യം മഹിജയുടെ സഹോദരന്‍ ശ്രീജിത്ത് വെളിപ്പെടുത്തിയതോടെ ബിജെപി അതില്‍നിന്ന് സ്‌കൂട്ട് ചെയ്തു.
യുഡിഎഫിനെ സംബന്ധിച്ചിടത്തോളം സൂപ്പര്‍ലോട്ടോ അടിച്ചപോലായിരുന്നു. ജയിലില്‍ വിഐപികള്‍ വരുമ്പോള്‍ അവര്‍ നോര്‍മല്‍ ഇന്റര്‍വ്യൂ റൂമിലല്ല അവര്‍ കാണുന്നത്. സൂപ്രണ്ടിന്റെ റൂമിലോ, അകത്തു മാറിനിന്നോ ആയിരിക്കും സംസാരിക്കുക. അവിടെ രമേശ് ചെന്നിത്തല വന്നിരുന്നു. കെ. മുരളീധരന്‍ വന്നിരുന്നു. വി. മുരളീധരന്‍ വന്നിരുന്നു. ഈ രാഷ്ട്രീയ നേതാക്കള്‍ ഇവരെ വിളിച്ചു മാറ്റി നിര്‍ത്തി സംസാരിച്ചിരുന്നു. ഇവര്‍ സെല്ലിനകത്തു കിടന്നു സംസാരിക്കുന്ന കാര്യങ്ങള്‍ പിറ്റേന്ന് നേതാക്കള്‍ മീഡിയയിലൂടെ പറയുന്നു. അതെങ്ങനെ സംഭവിക്കുന്നു. പിണറായി വിജയന്റെ ചോര സ്‌ട്രോ ഇട്ട് കുടിക്കാന്‍ ശ്രമിക്കുന്ന ചിലര്‍ മാക്‌സിമം ഇതിനെ മുതലെടുക്കാന്‍ ശ്രമിച്ചു.
പിണറായിക്കും മഹിജയ്ക്കും തെറ്റുപറ്റി
എല്ലാവരുടെയും ഭാഗത്ത് തെറ്റുകളുണ്ടായി. പിണറായിയുടെ ഭാഗത്തും തെറ്റുപറ്റി. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരോടു കാണിക്കുന്ന സ്‌നേഹം പൊലീസിനോടും കാണിച്ചു വിശ്വസിക്കുന്നതാണ് അദ്ദേഹത്തിനു പറ്റിയ ഏറ്റവും വലിയ തെറ്റ്. ട്രേഡ് യൂണിയന്‍ സമരം നേരിടുന്ന രീതിയിലാണ് പൊലീസ് മഹിജയുടെ സമരം നേരിട്ടത്. പൊലീസ് അങ്ങനെ ആകരുതായിരുന്നു. ജിഷ്ണുവിന്റെ വീട്ടുകാര്‍ക്കും തെറ്റുപറ്റി. ഒരു സമരരീതിയില്‍ അവിടെ അവര്‍ വരാന്‍ പാടില്ലായിരുന്നു. ഡിജിപിയുടെ ഓഫീസില്‍ ചര്‍ച്ചചെയ്യാന്‍ വന്നെങ്കില്‍ അങ്ങനെ പോകണമായിരുന്നു. പൊലീസിനെ പ്രകോപ്പിക്കുന്ന രീതിയില്‍ പെരുമാറിയത് പ്രവര്‍ത്തകര്‍ക്കും പറ്റിയ തെറ്റാണ്.