വിവാദ പ്രസ്താവനയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് കോടിയേരി ബാലകൃഷ്ണൻ വിവാദ പ്രസ്താവന നടത്തിയത്.
കോൺഗ്രസിനെ നയിക്കുന്നവരിൽ മതന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ആരും ഇല്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. രാഹുൽ ഗാന്ധി ജയ്പുർ റാലിയിൽ പ്രഖ്യാപിച്ച ഹിന്ദുത്വ വാദത്തിനു വേണ്ടിയാണോ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഏതെങ്കിലും മതന്യൂനപക്ഷ വിഭാഗത്തിൽ നിന്നാകുന്ന പതിവ് കോൺഗ്രസ് ഒഴിവാക്കിയത് എന്ന് കോടിയേരി ചോദിച്ചു.
ഹിന്ദുക്കൾ രാജ്യം ഭരിക്കണം എന്നാണ് രാഹുൽ അന്ന് പ്രസംഗിച്ചത് എന്ന് കോടിയേരി പറഞ്ഞു. ഹിന്ദു, ക്രിസ്ത്യൻ, മുസ്‍ലിം വിഭാഗങ്ങൾ ഉള്ള നാടാണു കേരളമെന്നും ന്യൂനപക്ഷ വിഭാഗം കോൺഗ്രസിൽ നിന്ന് അകലാൻ തുടങ്ങിയിരിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.
ബിജെപിയെയും പ്രസംഗത്തിൽ കോടിയേരി പരിഹസിച്ചു. മറ്റു സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് എതിരായ നയം സ്വീകരിക്കുന്ന ബിജെപി നേതാക്കൾ കേരളത്തിൽ എത്തുമ്പോൾ ക്രൈസ്തവ മതമേലധ്യക്ഷന്മാരെ സന്ദർശിക്കാൻ നടക്കുന്നത് ഇരട്ടത്താപ്പാണെന്ന് കോടിയേരി ആരോപണം ഉന്നയിച്ചു.