ന്യുഡൽഹി:ഇന്ത്യയില്‍ കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നു. തുടര്‍ച്ചയായി ആറാം ദിനവും രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,23,144 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,76,36,307 ആയി.
കഴിഞ്ഞ ഒരു ദിവസത്തിനിടെ 2771 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 1,97,894 പേര്‍ക്കാണ് കൊവിഡ് രോഗബാധ മൂലം ഇതുവരെ ജീവന്‍ നഷ്ടമായത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 2,51,827 പേരാണ് കൊവിഡ് മുക്തരായത്. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 28,82,204 പേര്‍ നിലവില്‍ കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നുണ്ട്.മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക, കേരളം, ഡല്‍ഹി എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നത്.പതിവ് പോലെ രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ 47.67 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിൽ മാത്രം 15.07 ശതമാനം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ മരിച്ചവരിൽ 524 പേരും മഹാരാഷ്ട്രയിൽ നിന്നാണ്. ഡൽഹിയിൽ ഇന്നലെ 380 പേർ കോവിഡ് ബാധിച്ച് മരിച്ചു.
കേരളത്തില്‍ ഇന്നലെ 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസര്‍ഗോഡ് 1086, ഇടുക്കി 779, കൊല്ലം 741, വയനാട് 500, പത്തനംതിട്ട 457 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ 96,378 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.71 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,52,13,100 സാമ്പിളുകളാണ് പരിശോധിച്ചത്.
അതേസമയം, സംസ്ഥാനത്ത് ജനിതക മാറ്റം സംഭവിച്ച വൈറസുകളുടെ സാന്നിധ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനിതക വ്യതിയാനം സംഭവിച്ച വൈറസുകള്‍ ഏപ്രില്‍ ആദ്യവാരം മുതല്‍ സംസ്ഥാനത്ത് വ്യാപിച്ചു കഴിഞ്ഞെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.