ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മരണം 90,000 എത്തി. കൊവിഡ് രോഗികളുടെ എണ്ണം 56 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 83,347 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,085 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. 24 മണിക്കൂറിൽ 75,083 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. 1053 പേർകൂടി മരിച്ചു. 1,01,468 പേർ രോഗമുക്തരായി. ആദ്യമായാണ് പ്രതിദിന രോഗമുക്തി ഒരു ലക്ഷം കടക്കുന്നത്.കഴിഞ്ഞ നാലുദിവസമായി രോഗബാധിതരേക്കാൾ കൂടുതലാണ് രോഗമുക്തരുടെ എണ്ണം. ആകെ രോഗമുക്തർ 44.98 ലക്ഷമായി. രോഗമുക്തി നിരക്ക് 80.86 ശതമാനത്തിലെത്തി. മരണനിരക്ക് 1.59 ശതമാനം. ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടും 10 ലക്ഷത്തിൽ താഴെ. 9,75,861 പേരാണ് ചികിത്സയിലുള്ളത്.
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മഹാരാഷ്ട്ര, യുപി, ആന്ധ്ര, കർണാടകം, തമിഴ്‌നാട്, ഡൽഹി, പഞ്ചാബ് സംസ്ഥാനങ്ങളിലെ പ്രതിരോധപ്രവർത്തനങ്ങൾ പ്രധാനമന്ത്രി ബുധനാഴ്‌ച വിലയിരുത്തും. സർവകലാശാലകളിലും കോളേജുകളിലും ഒന്നാംവർഷ ബാച്ചിന്റെ ക്ലാസുകൾ നവംബർ ഒന്നുമുതൽ ആരംഭിക്കുമെന്ന് യുജിസി അറിയിച്ചു. കോളേജുകൾ തുറക്കാൻ ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചില്ലെങ്കിൽ ഓൺലൈൻ ക്ലാസ് ആരംഭിക്കും.
അതേസമയം, കൊവിഡ് വാക്‌സിൻ നയം വ്യക്തമാക്കി ഐസിഎംആർ രംഗത്തെത്തി. അൻപത് ശതമാനം വിജയകരമെന്ന് തെളിയുന്ന വാക്‌സിന് ഇന്ത്യയിൽ വിൽപനയ്ക്കായി അനുമതി നൽകുമെന്ന് ഐസിഎംആർ അറിയിച്ചു.
നൂറ് ശതമാനം ഫലപ്രാപ്തിയുള്ള പ്രതിരോധമരുന്നിന് സാധ്യത ഇല്ലെന്ന് ഐസിഎംആർ പറയുന്നു. 50 മുതൽ 100 ശതമാനം വരെ ഫലപ്രാപ്തി ഉണ്ടെന്ന് തെളിഞ്ഞാൽ ആ വാക്‌സിൻ ഇന്ത്യയിൽ അനുവദിക്കുമെന്ന് ഐസിഎംആർ ഡയറക്ടർ ഡോ.ബലറാം ഭാർഗവ അറിയിച്ചു. ശ്വാസകോശ രോഗങ്ങൾക്ക് 100 ശതമാനം ഫലപ്രാപ്തിയുള്ള മരുന്നുകൾ അപൂർവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.