തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 24 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 265 ആയി. 7969 സാമ്പിളുകളാണ് പരിശോധനയ്‌ക്ക് അയച്ചത്. അതിൽ 7256 എണ്ണവും രോഗബാധയില്ല എന്ന് ഉറപ്പാക്കായിട്ടുണ്ട്. 12 പേര്‍ കാസര്‍കോട് സ്വദേശികളാണ്. എറണാകുളത്ത് മൂന്ന് പേര്‍ക്കും തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 164, 130 പേരാണ് കൊവിഡ് നിരീക്ഷണത്തിലുളളത്.
622 പേരാണ് ആശുപത്രികളില്‍ ഉളളത്. 1,63, 508 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് മാത്രം 123 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 191 പേരും വിദേശത്ത് നിന്ന് വന്നവരാണ്. ഇക്കൂട്ടത്തില്‍ 7 വിദേശികള്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.
കാസര്‍കോട് മെഡിക്കല്‍ കോളേജ് നാല് ദിവസത്തിനകം കൊവിഡ് ആശുപത്രിയായി മാറ്റിയെടുക്കും. മില്‍മ പാല്‍ കണ്‍സ്യൂമര്‍ഫെഡ് വഴി വിതരണം ചെയ്യും. കേരളത്തില്‍ നിന്ന് കൂടുതല്‍ പാല്‍ വാങ്ങാമെന്ന് തമിഴ്‌നാട് സമ്മതിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് 14 ലക്ഷം പേര്‍ക്ക് സൗജന്യ റേഷന്‍ വിതരണം ചെയ്തു. എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് റേഷന്‍ വീടുകളില്‍ എത്തിച്ച് നല്‍കും. ദില്ലി തബ്ലീഗ് പ്രശ്‌നവുമായി ബദ്ധപ്പെട്ട് അസഹിഷ്ണുതയോടെയുളള പ്രചാരണം നടക്കുന്നുണ്ടെന്നും രോഗകാലത്ത് വര്‍ഗീയ വിളവെടുപ്പ് വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ മതം നോക്കി ബാധിക്കുന്ന ഒന്നല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രിമിനല്‍ പശ്ചാത്തലം ഉളളവര്‍ സന്നദ്ധ പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കണം. ജോര്‍ദാനില്‍ കുടുങ്ങിയ സിനിമാ പ്രവര്‍ത്തകരെ തിരിച്ച് എത്തിക്കാന്‍ വിദേശകാര്യ മന്ത്രിക്ക് സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് രോഗ വ്യാപനം തടയുന്നതിന് ഗുണം ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.