കൊച്ചി:ലോകം മുഴുവൻ കൊറോണ വൈറസ് വ്യാപന ഭീതിയിലാണ്. ചൈനയില്‍ നിന്ന് തുടക്കമിട്ട കൊറോണ വൈറസ് ബാധ ഇതുവരെ ഏഴായിരത്തിൽ അധികം പേരുടെ ജീവനെടുത്ത് കഴിഞ്ഞു. ഇന്ത്യ അടക്കം നൂറിലേറെ രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.സംസ്ഥാനത്ത് ഇന്ന് പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 18,011 പേരാണ് കൊറോണ രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിലുളളത്. 17743 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 268 പേരാണ് ആശുപത്രികളിലുളളത്. പുതിയതായി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് 5372 പേരാണ്.
പുതിയ റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു. സർക്കാരും ആരോഗ്യവകുപ്പും വേണ്ട നിർദേശങ്ങൾ നൽകുന്നുണ്ട്. നാം കാണിക്കേണ്ടുന്ന ചില ജാഗ്രതകളിലാണ് ഈ രോഗത്തിന്റെ കടിഞ്ഞാണെന്നും ഇവിടെ ജീവിക്കുന്ന ഓരോ മനുഷ്യർക്കും അതിൽ ഉത്തരവാദിത്തം ഉണ്ടെന്നും പറയുകയാണ് നിപ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്ന ഡോ. എ. എസ് അനൂപ് കുമാർ.
കൊറോണ / കോവിഡ് 19 ബാധിതരുടെ എണ്ണം വർധിച്ചു വരുന്നു എന്നതാണ് സമീപ ദിനങ്ങളിലെ യാഥാർഥ്യം. കേരളത്തിലെയും ഇന്ത്യയിലെയും കണക്കുകളും അതുതന്നെയാണ് സൂചിപ്പിക്കുന്നത്. പതറി നിൽക്കേണ്ടുന്ന ഘട്ടമല്ലിത്; പൊരുതി മുന്നേറേണ്ടുന്ന സമയമാണ്; ഒറ്റക്കെട്ടായി, ഒരു മനസ്സോടെ..
ചൈനയിൽ നിന്നും ആരംഭിച്ച് ഇറ്റലിയിലും യൂറോപ്യൻ രാഷ്ട്രങ്ങളിലും പടർന്ന് ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാഷ്ട്രങ്ങളെയും ഈ രോഗബാധ പിടിച്ചുലയ്ക്കുന്നുണ്ട്. നിപ പോലെ മുഴുവനായി തളയ്ക്കൽ എളുപ്പമല്ല കൊറോണയിൽ. പക്ഷേ തളർന്നിരിക്കലല്ല, കർമനിരതരാവലാണ് നമ്മുടെ മുന്നിലെ വഴി.
നാം കാണിക്കേണ്ടുന്ന ചില ജാഗ്രതകളിലാണ് ഈ രോഗത്തിന്റെ കടിഞ്ഞാൺ. ഇവിടെ ജീവിക്കുന്ന ഓരോ മനുഷ്യർക്കും അതിൽ ഉത്തരവാദിത്തം ഉണ്ട്.ഏറ്റവും പ്രധാനം വിദേശ രാജ്യങ്ങളിൽ നിന്ന് ഇവിടേക്ക് വരുന്നവർ പതിനാല് ദിവസത്തെ ഐസൊലേഷന് തയാറാവുക എന്നതു തന്നെയാണ്. അവരിൽ രോഗലക്ഷണം പ്രകടമാകുന്ന പക്ഷം ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന ഇടങ്ങളിൽ മാത്രം ചികിത്സക്കായി സമിപിക്കുക .
മറ്റൊരു പ്രധാന കാര്യം എഴുപത് വയസ്സിന് മുകളിലുള്ളവർ’ ഹൃദ്രോഗം, കിഡ്നി, ശ്വാസകോശ സംബന്ധിയായ അസുഖങ്ങൾ ഉള്ളവർ, കാൻസർ രോഗികൾ ഉൾപ്പെടെ രോഗ പ്രതിരോധശേഷി കുറഞ്ഞ വിഭാഗത്തിൽ പെട്ട മനുഷ്യരുടെ പൊതു ഇട സമ്പർക്കങ്ങൾ ഒഴിവാക്കുക. അവർ രോഗബാധിതർ ആകാതിരിക്കാൻ പ്രത്യേക പരിരക്ഷ നൽകുക.
അമ്പത് വയസ്സിൽ താഴെ ഉള്ളവർക്ക് രോഗം വന്നാലും മറികടക്കാനുള ആരോഗ്യം ഉണ്ടാകാം പക്ഷേ അവരിൽ നിന്നു പടരുന്നവരുടെ എണ്ണം നിയന്ത്രണ വിധേയമാക്കുക എന്നത് ശ്രമകരമായ പ്രവർത്തനമാണ്. ഒറ്റയടിക്ക് പടർന്ന് പെരുകുന്ന നില നമ്മളെപ്പോലെ ഒരു ചെറിയ സംസ്ഥാനത്തിന്റെ ആരോഗ്യ വ്യവസ്ഥയെതന്നെ പ്രതികൂലമായി ബാധിക്കും.
പടരാതിരിക്കൽ / പകരാതിരിക്കൽ രണ്ടും വളരെ പ്രധാനമാണ് ഈ ഘട്ടത്തിൽ ..
അതിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം, നാം അതിനെ അഭിമുഖീകരിക്കാൻ മാനസികമായും, അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും സജ്ജരായി ഇരിക്കുക എന്നതാണ്. പരിഭ്രാന്തിയരുത്. ഭയപ്പാട് ഒഴിവാക്കണം. ഓരോരുത്തരും യുദ്ധമുഖത്തെ പോരാളിയെ പോലെ ഇതിനെ നേരിടാൻ സ്വയം സജ്ജരാവണം.
റിപ്പോർട്ട് ചെയ്യുന്ന കേസിന്റെ എണ്ണം, നിരീക്ഷിക്കപ്പെടുന്നവരുടെ എണ്ണം ഇവ വർധിക്കുന്നതിൽ ആശങ്കപ്പെടുന്നതിനു പകരം സമചിത്തതയോടെ നേരിടാൻ തയാറാവണം.നിരീക്ഷണത്തിൽ ഇരിക്കുന്നവർ എല്ലാവരും രോഗികളല്ല എന്ന യാഥാർത്ഥ്യം തിരിച്ചറിയണം; രോഗം പടരാതിരിക്കാൻ സമൂഹത്തിനായി ത്യാഗം ചെയ്യുന്നവർ എന്ന നിലയ്ക്ക് അവർക്ക് നമ്മുടെ പിന്തുണ അനിവാര്യമാണ്. നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കി സാധ്യമായ എല്ലാ പിന്തുണയും നമ്മളവർക്ക് ഉറപ്പ് വരുത്തണം.
സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ട് എല്ലാവരും എന്നത് നമ്മൾ പരസ്പരം ഉറപ്പ് വരുത്തണം.സാമുഹികമായ അകലം പാലിക്കണം, മതപരം/രാഷ്ട്രീയം/തൊഴിൽ പരം/ വ്യക്തിപരം ആയിട്ടുള്ള എല്ലാ കൂടിച്ചേരലുകളും ഒഴിവാക്കണം. വ്യക്തിപരമായി പാലിക്കേണ്ട ശുചിത്വം കർക്കശ ബുദ്ധിയോടെ പാലിക്കുന്നുണ്ട് എന്ന് ഓരോരുത്തരും സ്വയം ഉറപ്പ് വരുത്തണം. രോഗബാധിതരുടെ ചങ്ങലയിൽ ഞാൻ കണ്ണിയാവില്ല എന്ന് സ്വയം പ്രഖ്യാപിക്കണം.
നിപയെ തുരത്തിയ അനുഭവം നമുക്ക് മുന്നിലുണ്ട്. ആ യുദ്ധത്തിൽ പങ്കാളിയായ ഒരാളെന്ന നിലക്കുള്ള അനുഭവം കരുത്താക്കി പറയുന്നു നമുക്കിതും മറികടക്കാനാവും.വരും ദിനങ്ങൾ നിർണായകമാണ്. ആ ദിനങ്ങളെ മറികടക്കാൻ ഒരു യുദ്ധമുഖത്ത് എന്ന പോലെ നമ്മൾ ജാഗരൂകരാകണം, കർമനിരതരാകണം. സർക്കാറിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം, പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം.
ലോക മാതൃകയായ കേരളമാതൃക വികസനത്തിലെ നാഴികക്കല്ലായ കേരളത്തിലെ പൊതുജനാരോഗ്യ മേഖലക്കും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച കരളുറപ്പുള്ള കേരളത്തിനും കോറണ കാലത്ത അതിജീവിച്ച് ലോകത്തിന് വീണ്ടും മാതൃകയാകാൻ കഴിയണം.നാം ഒറ്റക്കെട്ടായി കൊറോണ വൈറസിനെതിരായ ഈ യുദ്ധമുഖത്ത് അണിനിരന്നാൽ നമുക്കതിനു സാധിക്കുകതന്നെ ചെയ്യും.ഇതെന്റെ വിശ്വാസം മാത്രമല്ല, അനുഭവങ്ങളിൽ നിന്നും ഉയിർത്തിരിഞ്ഞ് വന്ന ഒരുറപ്പാണ്.<