രാജ്യത്ത് ഒറ്റദിവസത്തിനിടെ 6088 പേർക്ക് കൂടി രോഗം. മഹാരാഷ്ട്ര ഗുരുതരം.24 മണിക്കൂറിനിടെ 2,345 പുതിയ കേസുകൾ.സ്വകാര്യ ആശുപത്രികളിലെ 80% കിടക്കകൾ ഏറ്റെടുത്തു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഭീകരമായി കൂടുകയാണ് . കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 6088 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് രാജ്യത്ത് ഒറ്റദിവസം ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,18,447 ആയി ഉയർന്നു. 148 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആകെ മരണസംഖ്യ 3,583 ആയി.ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് 48,533 പേർ രോഗമുക്തരായിട്ടുണ്ട്. 66,330 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്.

മഹാരാഷ്ട്രയില്‍ കോവിഡ്–19 രോഗികൾ അനുദിനം വർധിക്കുകയാണ് . സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിലെ 80% കിടക്കകൾ സർക്കാർ ഏറ്റെടുത്തു . ഓഗസ്റ്റ് 31 വരെ ഈ കിടക്കകൾ സർക്കാരിന്റെ കൈവശമായിരിക്കും. മഹാരാഷ്ട്രയിലെ കോവിഡ്–19 കേസുകൾ 40,000നു മുകളിലെത്തിയതോടെയാണ് അതീവ ഗുരുതര സാഹചര്യത്തെ നേരിടാൻ സംസ്ഥാനം തയാറെടുക്കുന്നത്. മുംബൈയിൽ മാത്രം രോഗികളുടെ എണ്ണം 25,000 കടന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യാഴാഴ്ച രാത്രി വൈകി ഇറങ്ങിയ ഉത്തരവു പ്രകാരം സ്വകാര്യ ആശുപത്രിയിലെ കിടക്കകൾ എങ്ങനെ ഉപയോഗിക്കണമെന്ന് സർക്കാരിനു തീരുമാനിക്കാം. മാത്രമല്ല, ഇവിടുത്തെ ചികിത്സയുടെ ചെലവും രോഗികൾക്ക് പരമാവധി എത്ര രൂപയുടെ ബിൽ നൽകാനാകുമെന്നതും സർക്കാരാണ് തീരുമാനിക്കുക. ബാക്കി 20% കിടക്കകളിൽ എത്ര രൂപ ബിൽ ചെയ്യണമെന്നത് ആശുപത്രികൾക്കു തീരുമാനിക്കാം.

ബാക്കിയുള്ളവ – ഐസലേഷനും വാർഡുമുൾപ്പെടെ പരമാവധി 4000 രൂപ മാത്രമേ ബിൽ നൽകാനാകൂ. വെന്റിലേറ്റർ ഉപയോഗിക്കാതെ ഐസിയുവിൽ കഴി‍ഞ്ഞാൽ ദിവസവും 7,500 രൂപയും വെന്റിലേറ്റർ ഉപയോഗിച്ച് ഐസിയുവിൽ കഴിഞ്ഞാൽ ദിവസം 9000 രൂപയും ആശുപത്രികൾക്ക് ഈടാക്കാം. അർബുദ ചികിത്സ ഉൾപ്പെടെയുള്ള 270 വിവിധ ചികിത്സാ രീതികൾക്കും ശസ്ത്രക്രിയകൾക്കുമുള്ള തുകയും നിശ്ചയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 2,345 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ആകെ 41,642 കേസുകളായി. മുംബൈയിൽ മാത്രം രോഗികളുടെ എണ്ണം 25,000 കടന്നു. ഇവിടെ ഇന്നലെമാത്രം 1,382 പേർക്കു പുതിയതായി രോഗം ബാധിച്ചു. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട 64 മരണത്തിൽ 41 എണ്ണവും മുംബൈയിലാണ്. സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 1454 ആയി.

തുടർച്ചയായ അഞ്ചാം ദിവസമാണ് സംസ്ഥാനത്ത് പുതിയ കേസുകളുടെ എണ്ണം 2000ൽ കൂടുന്നത്. അഞ്ചു ദിവസംകൊണ്ട് 10,000ൽ അധികം കേസുകളാണ് മഹാരാഷ്ട്രയിൽ ഉണ്ടായിരിക്കുന്നത്. മേയ് 17നാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് – 2347 എണ്ണം.

സംസ്ഥാനത്തെ ആക്ടീവ് കണ്ടെയ്ൻമെന്റ് സോണുകൾ 1949 എണ്ണമാണ്. 64.89 ലക്ഷം പേരെ നിരീക്ഷിക്കാനായി 15,894 ഹെൽത് സ്ക്വാഡുകളുണ്ട്. ആകെ 4.37 ലക്ഷം പേരെ വീടുകളിൽ ക്വാറന്റീനിലാക്കിയിട്ടുണ്ടെന്നും 26,865 പേർ സർക്കാർ ക്വാറന്റീൻ കേന്ദ്രങ്ങളിലുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

അതേസമയം ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷത്തിലേക്ക് കടക്കുകയാണ്. മരണസംഖ്യ 334,616 ആയി. അമേരിക്കയില്‍ മാത്രം രോഗംബാധിച്ചത് പതിനാറ് ലക്ഷത്തി ഇരുപതിനായിരത്തിലേറെ ആളുകള്‍ക്കാണ്

Top