സംസ്ഥാനത്ത് ഇന്ന് 57 പേർക്ക് കോവിഡ്. 18 പേരുടെ ഫലം നെഗറ്റീവ്

തിരു: സംസ്ഥാനത്ത്  ഇന്ന് 57 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇവരിൽ 55 പേരും പുറത്തു നിന്ന് വന്നവരാണ്. 27 പേർ വിദേശത്തു നിന്ന് വന്നവരും, 28 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ എയർ ഇന്ത്യ സ്റ്റാഫും ഒരാൾ ആരോഗ്യ പ്രവർത്തകനുമാണ്. 18 പേരുടെ ഫലം നെഗറ്റീവ് ആയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

കാസര്‍കോട്- 14 മലപ്പുറം-14 തൃശ്ശൂര്‍- 9,കൊല്ലം-5, പത്തനംതിട്ട- 4,തിരുവനന്തപുരം- 3, എറണാകുളം- 3, ആലപ്പുഴ- 2, പാലക്കാട്- 2, ഇടുക്കി- 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. ഇതുവരെ സംസ്ഥാനത്ത് 1,326 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 728 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 1,39,661 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 174 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുതുതായി പാലക്കാട്, കണ്ണൂര്‍ ജില്ലകളിലായി അഞ്ച് ഹോട്ട്‌സ്‌പോട്ടുകള്‍ ഉള്‍പ്പെടുത്തി. വിദേശത്ത് മരിച്ചത് 210 മലയാളികള്‍. ഇന്ന് ഒന്‍പത് മലയാളികള്‍ വിദേശരാജ്യങ്ങളില്‍ മരിച്ചു.

കണ്ടെയ്ന്‍‍മെന്റ് സോണുകളില്‍ 24 മണിക്കൂറും കര്‍ഫ്യൂവിന് സമാനമായ നിയന്ത്രണമുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയാലും സംഘംചേരല്‍ അനുവദിക്കില്ല. പരമാവധി 50 പേര്‍ വച്ച് ഓഡിറ്റോറിയങ്ങളിലും ഗുരുവായൂരിലും വിവാഹത്തിന് അനുമതി. ജൂലൈയിലോ അതിനുശേഷമോ മാത്രമേ സ്കൂള്‍ തുറക്കുന്നത് ആലോചിക്കൂ. രണ്ട് ജില്ലകള്‍ക്കിടയില്‍ ബസ് സര്‍വീസ് നടത്താം. ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് മതമേധാവികളുമായി ചര്‍ച്ച ചെയ്യുമെന്നും സംസ്ഥാനത്തിന്റെ നിലപാട് കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എട്ടാം തിയതിക്ക് ശേഷം അനുവദിക്കേണ്ട ഇളവുകളുടെ കാര്യത്തില്‍ സംസ്ഥാനത്തിന്റെ അഭിപ്രായവും കേന്ദ്രത്തെ അറിയിക്കും.

Top