ബെയ്ജിംഗ്: കൊറോണ വൈറസ് ശക്തിപ്പെടുന്നതിന്റെ സാദ്ധ്യതകൾ കണ്ടുവരുന്നതായി ചൈനീസ് ആരോഗ്യ മന്ത്രി മാ ഷിയോവി.. ലക്ഷണങ്ങള്‍ കാണുന്നതിന് മുമ്പേ കൊറോണവൈറസ് പടരുന്നുവെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്ത് ഇതുവരെ 56 പേർ മരിച്ചതായും രണ്ടായിരത്തോളം പേർ ചികിത്സയിലാണെന്നും മന്ത്രി പറഞ്ഞു.കൊറോണ വൈറസ് ബാധിച്ചുള്ള മരണം 56 ആയി ഉയര്‍ന്നതോടെ ചൈനയില്‍ വന്യജീവികളുടെ വില്‍പന നിരോധിച്ചു. ഇന്ന് മുതല്‍ വിലക്ക് നിലവില്‍ വരുമെന്ന് ചൈന അറിയിച്ചു.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക
ചന്തകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഭക്ഷണ ശാലകളിലും എല്ലാ രീതിയിലുമുള്ള വന്യജീവി വില്‍പ്പനയാണ് നിരോധിച്ചിരിക്കുന്നത്.മാംസ വിപണിയിലേക്കും വളര്‍ത്താന്‍ വേണ്ടിയും വന്യമൃഗങ്ങളെ വില്‍ക്കുന്നതിനും വിലക്ക് ബാധകമാണ്. രാജ്യാന്തര തലത്തില്‍ 2000ത്തോളം പേര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടാവുകയും 56 പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കര്‍ശന നടപടിയിലേക്ക് ചൈന കടക്കുന്നത്.
വന്യമൃഗങ്ങളിൽ നിന്നാണ് വൈറസിന്റെ ഉത്ഭവമെന്ന നിരീക്ഷണത്തെ തുടർന്നാണിത്. അതേ സമയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വൈറസ് പടരുന്നതിനാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും വൈറസ് ശക്തിപ്പെടുമെന്നും ചൈനീസ് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.കൊറോണ വൈറസ് രാജ്യത്ത് പടര്‍ന്ന് പിടിക്കുന്നത് തടയാനായി ഹോങ്കാങ്ങിലെ ഡിസ്നിലാന്‍ഡ്, ഒഷ്യന്‍ എന്നീ അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ അടച്ചിട്ടു. ഷാങ്ഹായ് സര്‍ക്കാരാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. എന്നാല്‍ ഡിസ്നിലാന്‍ഡിനുള്ളിലെ ഹോട്ടലുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മധ്യ ചൈനീസ് നഗരമായ ഹുബെയിലെ വുഹാനില്‍ നിന്നാണ് കൊറോണ വൈറസ് പടര്‍ന്നത്. ചൈനീസ് നഗരങ്ങളായ ബീജിയിങ്, ഷാങ്ഹായ്, എന്നീ നഗരങ്ങള്‍ കൂടാതെ തായ്ലന്‍ഡ്, അമേരിക്ക,കാനഡ, ജപ്പാന്‍, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, എന്നിവിടങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
വായുവിലൂടെ പകരുന്ന കൊറോണ വൈറസുകള്‍ സസ്തനികളുടെയും പക്ഷികളുടെയും ശ്വസനേന്ദ്രിയങ്ങളേയും അന്നനാളത്തെയുമാണ് ആദ്യം ബാധിക്കുന്നത്. സാധാരണ ജലദോഷപ്പനി മുതല്‍ സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം(സാര്‍സ്), മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം(മെര്‍സ്) എന്നിവ വരെയുണ്ടാകാന്‍ ഇടയാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകള്‍. ആന്റി വൈറല്‍ മരുന്നുകള്‍ ലഭ്യമല്ലെന്നാണ് ഇത്തരം രോഗങ്ങളുടെ പ്രധാന വെല്ലുവിളി.
സൂര്യന് ചുറ്റുമുള്ള വാതകം നിറഞ്ഞ പ്രദേശമായ കൊറോണയോട് രൂപത്തില്‍ സാമ്യമുള്ളതിനാലാണ് ഈ വൈറസുകള്‍ക്ക് ആ പേര് വന്നത്. ആര്‍.എന്‍.എ വൈറസാണ് കൊറോണ. പക്ഷിമൃഗാദികളിലാണ് ഇവ സാധാരണയായി രോഗങ്ങളുണ്ടാക്കുക. രോഗബാധിതരായ പക്ഷിമൃഗാദികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്ന മനുഷ്യരിലേക്കും കൊറോണ വൈറസ് പകരാറുണ്ട്. മനുഷ്യരിലെത്തി കഴിഞ്ഞാല്‍ ജനിതക മാറ്റം സംഭവിച്ച് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും കൊറോണ വൈറസ് പകരാറുണ്ട്.
ഇത്തവണത്തെ കൊറോണ വൈറസ് ബാധയുടെ ഉറവിടം ചൈനയില്‍ നിന്നാണ്. ചൈനയില്‍ വൈറസിന്റെ ഉറവിടം പാമ്പുകളാകാമെന്നാണ് കരുതപ്പെടുന്നത്. ചൈനീസ് ക്രയ്റ്റ്, ചൈനീസ് കോബ്ര എന്നീ പാമ്പുകളാകാം വൈറസിന്റെ യഥാര്‍ഥകേന്ദ്രമെന്നാണ് സൂചന. പാമ്പ്, എലി, പല്ലി തുടങ്ങിയവയെയെല്ലാം ചൈനക്കാര്‍ ആഹാരമാക്കാറുണ്ട്. ഏറ്റവും പുതിയ കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ 25 മരണങ്ങളും ചൈനയിലാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.
ജലദോഷം മുതല്‍ ന്യൂമോണിയയും ശ്വസനത്തകരാറും വരെ കൊറോണ വൈറസ് മനുഷ്യരില്‍ ഉണ്ടാക്കുന്നു. നവജാത ശിശുക്കളിലും ഒരു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയ്ക്കും മെനിഞ്ചൈറ്റിസിനും കാരണമാകാറുണ്ട് ഈ വൈറസ്. രോഗി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ചിതറിത്തെറിക്കുന്ന ഉമിനീര്‍ കണങ്ങള്‍ വഴിയോ സ്രവങ്ങള്‍ വഴിയോ രോഗം പകരാം. രോഗാണു ശരീരത്തില്‍ എത്തി രോഗലക്ഷണം കണ്ട് തുടങ്ങാന്‍ ഏതാണ്ട് 6 മുതല്‍ 10 ദിവസങ്ങള്‍ വരെ എടുക്കാം.
2002-03 കാലഘട്ടത്തില്‍ ചൈനയിലും സമീപരാജ്യങ്ങളിലും പടര്‍ന്നു പിടിച്ച സാര്‍സ്(സഡന്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം) 8096 പേരെ ബാധിക്കുകയും 776 പേരുടെ ജീവനെടുക്കുകയും ചെയ്തിരുന്നു. 2012ല്‍ സൗദി അറേബ്യയില്‍ മെര്‍സ്(മിഡില്‍ ഈസ്റ്റ് റെസ്പിരേറ്ററി സിന്‍ഡ്രോം) ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത് 858 പേര്‍ക്കാണ്. ഇവയും കൊറോണ വൈറസ് മൂലമുണ്ടായ സാംക്രമിക രോഗബാധകളാണ്.
കൊറോണ വൈറസിനെതിരെ ഫലപ്രദമായ ആന്റി വൈറല്‍ മരുന്നുകള്‍ നിലവില്‍ ലഭ്യമല്ലെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. രോഗ തീവ്രതയും മരണ നിരക്കും കുറയ്ക്കുന്നതിനുമുള്ള ചികിത്സയാണ് രോഗികളില്‍ ചെയ്യുന്നത്. ഇതൊരു പുതിയ ഇനം വൈറസായതു കൊണ്ടുതന്നെ, അതിന്റെ ജനിതക ഘടനയടക്കം നിരവധി കാര്യങ്ങള്‍ പഠനവിധേയമാക്കേണ്ടതുണ്ട്. പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് ശേഷം കാര്യക്ഷമമായ വാക്‌സിന്‍ ലഭ്യമാകാന്‍ ഏതാനും മാസങ്ങളോ വര്‍ഷങ്ങളോ വേണ്ടി വരാം.