കൊറോണ വൈറസ്: കേരളത്തിൽ 288 പേർ നിരീക്ഷണത്തിൽ..!! ചൈനയില്‍ മരിച്ചവരുടെ എണ്ണം 80 ആയി; വൈറസ്ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2744 ആയി

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ കേരളത്തിലും കനത്ത ജാഗ്രത. സംസ്ഥാനത്ത് 288 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇതിൽ ഏഴ് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കൊച്ചിയില്‍ മൂന്ന് പേരും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് ആശുപത്രികളിലുള്ളത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.

കൊറോണ വൈറസ് ബാധ പടർന്ന് പിടിച്ച ചൈനയില്‍ മരിച്ചവരുടെ എണ്ണം 80 ആയി. ഹൂബെയ് പ്രവിശ്യയിലാണ് പുതിയതായി 24 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിനിടെ ചൈനയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2744 ആയി ഉയര്‍ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, ഹൂബെയ്ക്ക് പുറത്ത് മരണങ്ങള്‍ ഒന്നും പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 769 പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 461 പേരുടെ നില അതീവഗുരുതരമാണ്. പുതിയതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതില്‍ പകുതിയും ഹൂബെയില്‍ നിന്നാണ്.

അതിവേഗം പടരുന്ന വൈറസിനെ തുടര്‍ന്ന് ചൈനയിലെ പ്രധാന നഗരങ്ങള്‍ അടച്ചിരിക്കുകയാണ്. ഷാന്‍ഡോങ്, ബെയ്ജിങ്ങ്, ഷാങ്ഹായ്, ഷിയാന്‍, ടിയാന്‍ജിന്‍ തുടങ്ങി സ്ഥലങ്ങളിള്‍ കടുത്ത യാത്രാനിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോടിക്കണക്കിന് ജനങ്ങളെയാണ് നിയന്ത്രണം ബാധിക്കുന്നത്. ചൈനീസ് പുതുവത്സര ആഘോഷങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

തെക്കന്‍ പ്രവിശ്യകളായ ഗുവാങ്‌ഡോംഗ്, ജിയാങ്‌സി തുടങ്ങി മറ്റു മൂന്ന് നഗരങ്ങളില്‍ ജനങ്ങള്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കണമെന്ന് അധികൃതര്‍ കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഹുബെയുടെ തലസ്ഥാനമായ വുഹാനില്‍ നിന്നാണ് ഈ വൈറസ് ചൈനയിലും ലോകമെമ്പാടും പടര്‍ന്നുപിടിച്ചത്.

അതേസമയം ചൈനയിലെ സ്ഥിതി ഗുരുതരമാണെന്നാണ് ബീജിങ്ങിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് പറയുന്നത്. തങ്ങളുടെ പൗരന്മാരെ അടിയന്തിരമായി ചാര്‍ട്ടേഡ് വിമാനം വഴി ഒഴിപ്പിക്കാനാണ് കോണ്‍സുലേറ്റിന്റെ തീരുമാനം.

അതേസമയം പടര്‍ന്നുപിടിക്കാനുള്ള വൈറസിന്റെ ശേഷി വര്‍ധിക്കുന്നതായാണ് ചൈനീസ് അധികൃതര്‍ പറയുന്നത്. ഇത് ശരിയാണെങ്കില്‍ സാര്‍സിന് സമാനമായ അവസ്ഥയാണ് ചൈന നേരിട്ടുകൊണ്ടിരിക്കുന്നത്.

Top