തലശ്ശേരി: വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സി.ഒ.ടി നസീറിനെതിരായ വധശ്രമത്തില്‍ പ്രതികളായ രണ്ട് സി.പി.എം പ്രവർത്തകർ കസ്റ്റഡിയിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. നസീറിനെതിരായ അക്രമ സംഭവത്തിൽ പങ്കില്ലെന്ന സി.പി.എമ്മിന്റെ വാദമാണ് ഇതോടെ പൊളിയുന്നത്. കേസിൽ പ്രദേശിക തലത്തിലുള്ള രാഷ്ട്രീയ ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. സി.പി.എം പ്രാദേശിക നേതാക്കള്‍ തന്നെയാണ് തന്നെ വധിക്കാനുള്ള ഗൂഢാലോചന നടത്തിയതെന്ന് സി.ഒ.ടി നസീര്‍ തന്നെ വ്യക്തമാക്കിയിരുന്നു.
വധശ്രമത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് നസീര്‍ തങ്ങളോട് പറഞ്ഞെന്ന് സി.പി.എം വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.ജയരാജൻ ചികിത്സയിൽ കഴിയുന്ന നസീറിനെ സന്ദർശിച്ച ശേഷം പറഞ്ഞിരുന്നു. എന്നാൽ തലശേരിയിലെയും കൊളശേരിയിലെയും ബ്രാഞ്ച് കമ്മിറ്റിയംഗങ്ങൾക്കും തലശേരിയിലെ ഒരു പ്രമുഖ നേതാവിനും അക്രമത്തിൽ ബന്ധമുണ്ടെന്നും സി.ഒ.ടി നസീർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസിൽ നേരിട്ട് ബന്ധമുള്ള 3 പേരെയും ഗൂഡാലോചന നടത്തിയ 3 പേരെയും പ്രതിചേർത്തിട്ടുണ്ട്.
അതേ സമയം , കേസില്‍ പിടിയിലായ രണ്ട് സി.പി.എം പ്രവര്‍ത്തകരുടെ അറസ്റ്റ് ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തിയേക്കും. തിരുവില്വാമലയില്‍ നിന്നാണ് ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തത് . കൊളശേരി സ്വദേശിയായ ഇയാള്‍ നസീറിനെ വെട്ടിയ സംഘത്തിലെ അംഗമാണ്. കസ്റ്റഡിയിലുള്ള മറ്റൊരാൾ ഗൂഢാലോചന കേസിലെ പ്രതിയാണ്.ഈ മാസം 19 നാണ് സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും തലശ്ശേരി നഗരസഭാംഗവുമായിരുന്ന നസീറിന് തലശ്ശേരിയില്‍ വച്ച് വെട്ടേറ്റത് . നസീര്‍ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്