കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ പൊതുയോഗങ്ങൾ നടത്തുന്നതിനെതിരെ കേരള ഹൈക്കോടതി രംഗത്ത്. 50 പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്ന പൊതുയോഗങ്ങൾ ഹൈക്കോടതി വിലക്കി.
രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനത്തിന് എന്താണ് പ്രത്യേകതയെന്ന് കോടതി ചോദിച്ചു. നിലവിലെ മാനദണ്ഡം യുക്തിസഹമാണോയെന്നും കോടതി ചോദിച്ചു. റിപ്പബ്ലിക്ക് ദിനാചരണത്തിന് 50 പേരെ മാത്രമല്ലേ അനുവദിച്ചതെന്നും കോടതി ചോദിച്ചു.
കാസർകോട് 36 ശതമാനമാണ് ആശുപത്രിയിൽ ഉള്ളവരുടെ നിരക്കെന്നും കോടതി ചൂണ്ടിക്കാട്ടി. കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച ജില്ലാ കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്തുളള ഹർജിയിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
കാസർകോട് ജില്ലയിൽ ഒരാഴ്ചത്തേക്കാണ് ഉത്തരവ് ബാധകമാവുക. സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്നും ഡിവിഷൻ ബെഞ്ച് കുറ്റപ്പെടുത്തി.
അതിനിടെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കാസർകോട് ജില്ലാ സമ്മേളനം സിപിഎം വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഇന്ന് തുടങ്ങിയ സമ്മേളനം നാളെ സമാപിക്കും. ഞായറാഴ്ച ലോക്ക്ഡൗണായ സാഹചര്യത്തിലാണ് തീരുമാനമെന്നാണ് പാർട്ടി നേതൃത്വം അറിയിച്ചത്.
നേരത്തെ ജില്ലയിൽ കളക്ടർ പൊതുയോഗത്തിന് വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഉത്തരവ് പിൻവലിച്ചത് സിപിഎം നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണെന്ന് വിമർശനം ഉയർന്നിരുന്നു.