കാസർകോട്: സ്ഥാനാർഥിത്വത്തിൽനിന്ന് പിൻവാങ്ങാൻ കോഴ നൽകിയെന്ന പരാതിയിൽ കെ.സുരേന്ദ്രനും രണ്ട് പ്രാദേശിക നേതാക്കൾക്കുമെതിരെ കേസെടുക്കാൻ കോടതി അനുമതി നൽകി. മഞ്ചേശ്വരം ഇടതു സ്ഥാനാർഥിയായിരുന്ന വി വി രമേശന്റെ പരാതിയിലാണ് കോടതി ഉത്തരവ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 171 ബി (തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകുക) വകുപ്പ് പ്രകാരം പൊലീസിന് കേസ് എടുക്കാമെന്ന് കാസർഗോഡ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് രണ്ട് മജിസ്ട്രേറ്റ് കോടതിയുടെ അനുമതി നൽകിയത്.
മഞ്ചേശ്വരത്ത് കെ സുന്ദരയുടെ നാമനിർദേശപത്രിക പിൻവലിപ്പിക്കാൻ ബി ജെ പി നേതൃത്വം രണ്ടര ലക്ഷം രൂപ കോഴ നല്‍കിയെന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് നൽകിയ അപേക്ഷ നിയമതടസ്സമുള്ളതിനാൽ കോടതി തിരികെ നൽകിയിരുന്നു. കോഴ നല്‍കിയെന്ന സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കെ.സുരേന്ദ്രൻ ഉള്‍പ്പടെ ഉള്ളവര്‍ക്ക് എതിരെ ക്രിമിനല്‍ കുറ്റം ചുമത്തുന്നതില്‍ നിയമോപദേശം തേടാനും പൊലീസ് തീരുമാനിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയുടെ നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന ആരോപണത്തില്‍ കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതിയുടെ അനുമതി. മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിവി രമേശന്റെ പരാതിയിലാണ് നടപടി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കൂടാതെ രണ്ട് പ്രാദേശിക നേതാക്കള്‍ക്കെതിരെയും കേസെടുത്തേക്കും.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 ബി (തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലി നല്‍കുക) വകുപ്പ് പ്രകാരം പൊലീസിന് കേസ് എടുക്കാനാണ് നിര്‍ദ്ദേശം. കാസര്‍ഗോഡ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് അനുമതി.
നേരത്തെ സുന്ദരയുടെ വെളിപ്പെടുത്തലില്‍ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് നല്‍കിയ അപേക്ഷ നിയമതടസ്സം ഉള്ളതിനാല്‍ കോടതി തിരികെ നല്‍കിയിരുന്നു. 2020 ലെ ഹൈക്കോടതി റൂളിങ് പ്രകാരം പൊലീസ് അല്ല പരാതിക്കാരനാണ് കോടതിയെ സമീപിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി മടക്കയത്. പിന്നാലെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി വി രമേശന്റെ പരാതി കോടതി പരിഗണിച്ചതും ഇപ്പോള്‍ കേസെടുക്കാന്‍ അനുമതി നല്‍കിയതും.
മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അപരനായി പത്രിക നല്‍കിയ കെ സുന്ദരയ്ക്ക് പിന്മാറാന്‍ രണ്ടര ലക്ഷം കിട്ടിയെന്ന വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 15 ലക്ഷം രൂപയാണ് ചോദിച്ചതെന്നും രണ്ടര ലക്ഷം രൂപയും ഒരു സ്മാർട്ട് ഫോണും നൽകിയെന്നുമാണ് സുന്ദര വെളിപ്പെടുത്തിയത്. ജയിച്ചു കഴിഞ്ഞാല്‍ ബാക്കി നോക്കാമെന്ന് സുരേന്ദ്രന്‍ ഉറപ്പ് നല്‍കിയതായും സുന്ദര വെളിപ്പെടുത്തി. പ്രാദേശിക ബിജെപി നേതാക്കളാണ് വീട്ടില്‍ പണം എത്തിച്ചതെന്നും കെ.സുരേന്ദ്രന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും സുന്ദര പറഞ്ഞു.
2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു കെ സുന്ദര. അന്ന് 467 വോട്ടുകളാണ് സുന്ദരയ്ക്ക് ലഭിച്ചത്. ആ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥിയായ കെ സുരേന്ദ്രന്‍ 89 വോട്ടുകളുടെ വ്യത്യാസത്തിനായിരുന്നു രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
അതേസമയം, ബി.ജെ.പി കേരള ഘടകത്തെ പിടിച്ചുലച്ച കൊടകര കുഴൽപ്പണ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഫണ്ട് വിനിയോഗം അന്വേഷിക്കാൻ കേന്ദ്ര നേതൃത്വം. കുഴൽപ്പണ ഇടപാടുമായി ബന്ധമില്ലെന്ന് സംസ്ഥാന നേതൃത്വം ആവർത്തിക്കുന്നതിനിടെ ഫണ്ട് വിനിയോഗം സംബന്ധിച്ച് അന്വേഷിക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം സമിതിയെ ചുമതലപ്പെടുത്തി.
മെട്രോമാൻ ഇ ശ്രീധരൻ, മുൻ ഡിജിപി ജേക്കബ് തോമസ്, മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനായ സി വി ആനന്ദബോസ് എന്നിവരടങ്ങിയ സമിതിയെയാണ് കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തിയിട്ടുളളത്.
പാർട്ടി അംഗങ്ങളാണെങ്കിലും സംഘടന ഭാരവാഹികൾ അല്ലാത്തവരെയാണ് അന്വേഷണ ചുമതല ഏൽപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്. അന്വേഷണത്തിൽ സമ്മർദ്ദമോ ഇടപെടലുകളോ ഉണ്ടാകാതിരിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന നേതൃത്വത്തിനെതിരെ നിരവധി പരാതികൾ കേന്ദ്രത്തിന് ലഭിച്ചിരുന്നു.