തിരുവനന്തപുരം: സംസ്ഥാനത്ത് ആൾക്കൂട്ടങ്ങൾക്ക് വിലക്കേർപ്പെടുത്തി സർക്കാർ ഉത്തരവ്. അഞ്ച് പേരിൽ കൂടുതൽ ഒത്തു ചേരുന്നതിനാണ് സർക്കാർ വിലക്കേർപ്പെടുത്തിയത്.കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആണ് സംസ്ഥാനത്ത് കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് . ഒക്ടോബർ 31വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. മരണനാന്തര ചടങ്ങുകൾ, വിവാഹം എന്നിങ്ങനെ ഇളവുകൾ അനുവദിച്ചിട്ടുള്ളവ ഒഴികെ സംസ്ഥാനത്ത് വരെ 5 പേരിൽ കൂടുതൽ വരുന്ന എല്ലാ മീറ്റിങ്ങുകളും യോഗങ്ങളും കൂടിച്ചേരലുകളും നിരോധിച്ചു. ഒക്ടോബർ മൂന്നിന് രാവിലെ ഒമ്പത് മണിമുതൽ 31ന് അർദ്ധരാത്രി വരെയാണ് കൂടിച്ചേരലുകൾക്ക് കർശന നിയന്ത്രണം.
സാമൂഹിക അകലം പാലിക്കുന്നത് ലംഘിച്ചാൽ ക്രിമിനൽ ചട്ടം സെക്ഷൻ 144 പ്രകാരമുള്ള നിയമനടപടി സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. രോഗവ്യാപനം തടയുന്നതിന് ക്രിമിനൽ ചട്ടം സെക്ഷൻ 144 പ്രകാരമുള്ള നിയമനടപടി സ്വീകരിക്കാൻ അതത് ജില്ലാ മജിസ്ട്രേറ്റുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കണ്ടെയ്ൻമെന്‍റ് സോണുകളിൽ നിയന്ത്രണം കൂടുതൽ കർശനമായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു. വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവ ഒഴികെയുള്ള എല്ലാ കൂടിച്ചേരലുകൾക്കും വിലക്ക് ഉണ്ടായിരിക്കും.
സംസ്ഥാനത്ത് രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സർവ്വകക്ഷിയോഗം ചേർന്നിരുന്നു. ഇതിൽ ഉയർന്നുവന്ന നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് സർക്കാർ ഒക്ടോബർ 31 വരെ കൂടിച്ചേരലുകൾ വിലക്കിയിരിക്കുന്നത്.105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത്. എറണാകുളം ജില്ലയിലെ 2 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. ചികിത്സയിലായിരുന്ന 2828 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. ഇന്ന് 8135 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 7,013 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗ വ്യാപനം വർധിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. കടകളിൽ സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക് നിർബന്ധമായി ധരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ആൾക്കൂട്ട നിയന്ത്രണത്തിന്റെ ഭാഗമായി വിവാഹത്തിനും സംസ്‌കാര ചടങ്ങിലും ഏർപ്പെടുത്തിയ നിയന്ത്രണം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.