കൊച്ചി:കൊറോണ വൈറസ് ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ യുകെയെ മറികടന്ന് ഇന്ത്യ നാലാം സ്ഥാനത്തേക്ക്. ഏറ്റവും ഒടുവിലായുള്ള ഔദ്യോഗിക കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ 2,97,832 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. യുകെയിൽ 2,91,409 പേർക്കും. ഇതുവരെ 8498 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യയിൽ കൊവിഡ് മരണം 300 കടന്നു. പതിനായിരം കടന്ന് കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കൃത്യമായി പറഞ്ഞാൽ 24 മണിക്കൂറിനിടെ 10,956 പോസിറ്റീവ് കേസുകളും 396 മരണവും റിപ്പോർട്ട് ചെയ്തു. പോസിറ്റീവ് കേസുകളിലും മരണസംഖ്യയിലും ഒറ്റ ദിവസത്തെ റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായ മൂന്നാം ദിവസവും രോഗമുക്തരായവരുടെ എണ്ണം ചികിത്സയിൽ ഉള്ളവരേക്കാൾ കൂടുതൽ രേഖപ്പെടുത്തിയിട്ടുണ്ട്. 147194 പേർ രോഗമുക്തരായി. ചികിത്സയിലുള്ളവരുടെ എണ്ണം 141842 ആണ്.
രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ കൂടുതൽ റെയിൽവേ ഐസൊലേഷൻ കോച്ചുകൾ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. ഡൽഹി, ഉത്തർപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളാണ് ആവശ്യമുന്നയിച്ചത്. രോഗികളെ ചികിത്സിക്കുന്നതിലും മൃതദേഹങ്ങൾ മാന്യമായി സംസ്‌കരിക്കുന്നതിലും സ്വമേധയാ എടുത്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പശ്ചിമ ബംഗാളിൽ പോസിറ്റീവ് കേസുകൾ പതിനായിരത്തിലേക്ക് അടുക്കുകയാണ്. കൊവിഡ് സാഹചര്യം രൂക്ഷമായ ഡൽഹിയിൽ പത്ത് റെയിൽവേ ഐസൊലേഷൻ കോച്ചുകളാണ് അധികമായി ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ അനുവദിച്ച കോച്ചുകൾ വിവിധ സ്റ്റേഷനുകളിൽ സജ്ജമായിട്ടുണ്ട്. തെലങ്കാന അറുപതും ഉത്തർപ്രദേശ് 240 കോച്ചുകളും ആവശ്യപ്പെട്ടു.