സ്വന്തം ലേഖകൻ
തിരുവനന്തപുരം: നഗരപരിധിയിൽ പൊലീസുകാർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷം. തിരുവനന്തപുരം നഗരപരിധിയിൽ രണ്ട് എസ് ഐമാർ ഉൾപ്പടെ 25പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
പേരൂർക്കട സ്റ്റേഷനിൽ മാത്രം 12 പൊലീസുകാർക്കാണ് കൊവിഡ് ബാധിച്ചത്. സിറ്റി സ്‌പെഷ്യൽ ബ്രാഞ്ചിലെ ഏഴ് പേർക്കും കൺന്റോൺമെന്റ് സ്‌റ്റേഷനിലെ ആറ് പേർക്കും രോഗം ബാധിച്ചിട്ടുണ്ട്. ജില്ലയ്ക്ക് പുറത്തും പൊലീസുകാർക്കിടയിൽ കൊവിഡ് വ്യാപിക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്.
രണ്ടാം തരംഗം രൂക്ഷമായതിന് പിന്നാലെ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. നിയന്ത്രണം പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പൊലീസുകാരെ വിവിധയിടങ്ങളിൽ വിന്യസിച്ചിരുന്നു. ജനങ്ങളുമായുണ്ടായ സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പൊലീസുകാർക്ക് കൊവിഡ് ബാധിച്ചെങ്കിലും പരിശോധന പലയിടത്തും കർശനമായി തുടരുന്നതിനായുള്ള സംവിധാനം ക്രമീകരിക്കുന്നതിനുവേണ്ടിയുളള നെട്ടോട്ടത്തിലാണ് അധികൃതർ.
ബുധനാഴ്ച വരെ സർക്കാർ നിർദേശിച്ചത് അനുസരിച്ചുളള പരിശോധനകൾ നടത്തേണ്ടതുണ്ട്. അതിനുശേഷമുളള ദിവസങ്ങളിലെ കാര്യത്തിൽ ഇന്ന് വൈകുന്നേരത്തോടെ തീരുമാനമുണ്ടാകുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്.