ന്യൂഡൽഹി: ഇന്ത്യയുടെ കൊറോണ വാക്‌സിനിൽ ലോകത്തിന് വിശ്വാസമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിനായി പ്രയത്‌നിച്ച ശാസ്ത്രജ്ഞർക്ക് അഭിനന്ദനം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വാക്‌സിനേൻ ഡ്രൈവിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ശേഷിയുടെയും പ്രതിഭയുടെയും ഉദാഹരണമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡ് കാലത്ത് രാജ്യത്തെ ജനങ്ങളും ആരോഗ്യപ്രവര്‍ത്തകരും അനുഭവിച്ച ദുരിതങ്ങളെപ്പറ്റി പറയവേ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രോഗം ആളുകളെ കുടുംബങ്ങളിൽ നിന്ന് അകറ്റിയെന്നും കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് ശരിയായ തരത്തിൽ അന്ത്യകര്‍മങ്ങള്‍ നടത്താൻ പോലും സാധിച്ചില്ലെന്നും മോദി പറഞ്ഞു. വാക്സിനേഷൻ ക്യാംപയിൻ ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുമ്പോഴായിരുന്നു മോദി കണ്ണീരണിഞ്ഞത്.
വാക്സിൻ വിതരണത്തിനായുള്ള തയ്യാറെടുപ്പുകളെല്ലാം രാജ്യത്ത് പൂർത്തിയായിട്ടുണ്ട്. രണ്ടു വാക്‌സിനുകൾക്കാണ് അടിയന്തിര ഉപയോഗത്തിനായി ഇന്ത്യ അനുമതി നൽകിയിരിക്കുന്നത്. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയുടെ കൊവിഷീൽഡിനും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനുമാണ് രാജ്യത്ത് ഉപയോഗിക്കുക.
ആരോഗ്യ പ്രവർത്തകർക്കും കൊറോണ മുൻനിര പോരാളികൾക്കുമാണ് രാജ്യത്ത് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുക. മൂന്ന് ലക്ഷത്തോളം ആരോഗ്യ പ്രവർത്തകർക്ക് കൊറോണ വാക്‌സിനേഷൻ നൽകും. രണ്ടാം ഘട്ടത്തിൽ 50 വയസിന് മുകളിൽ പ്രായമുള്ളവർക്കും രോഗ വ്യാപന സാധ്യത കൂടുതലുള്ള 50 വയസിന് താഴെ പ്രായമുള്ളവർക്കും നൽകും. 28 ദിവസത്തെ ഇടവേളകളിൽ രണ്ടു വാക്‌സിൻ ഡോസുകളാണ് സ്വീകരിക്കേണ്ടത്.