ആലിംഗനം നിർത്തിയിട്ടും അമൃതാനന്ദമയി മഠത്തിലെ 67 പേർ ഐസൊലേഷനില്‍. മോഹനൻ വൈദ്യനും കൊവിഡ് നിരീക്ഷണത്തിൽ!

കൊച്ചി : സംസ്ഥാനത്ത് കൊറോണ ഭീകരരൂപി ആകുന്നു . രോഗികളെ പരിചരിക്കുന്നവരിലേക്ക് കൂടി വൈറസ് വ്യാപിക്കുന്നു. ആരോഗ്യപ്രവർത്തക ഉൾപ്പെടെ 14 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 105 ആയി.അതിനിടെ അമൃതാനന്ദമയി മഠത്തിലെ അന്തേവാസികള്‍ കൊവിഡ് നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. മഠത്തിലെ 67 അന്തേവാസികള്‍ക്കാണ് കൊവിഡ് ബാധ സംശയിക്കുന്നതെന്നാണ് വിവരം. ഇവരെ അമൃതാനന്ദ എഞ്ചിനീയറിംഗ് കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ജില്ലാ കളക്ടറുടെ ഇടപെടലിന് ശേഷമാണ് ഇവരെ കോളേജ് ഹോസ്റ്റലില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

അന്തേവാസികള്‍ക്ക് കൊവിഡ് രോഗലക്ഷണങ്ങള്‍ ഉളളതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരോഗ്യവകുപ്പിന് കൈമാറാന്‍ തുടക്കത്തില്‍ മഠം അധികൃതര്‍ വിസമ്മതിച്ചതായി വിവരങ്ങളുണ്ട്. തുടര്‍ന്നാണ് വിഷയത്തില്‍ ജില്ലാ കളക്ടര്‍ ഇടപെട്ടത്. ശേഷം ആരോഗ്യപ്രവര്‍ത്തകര്‍ മഠം അന്തേവാസികളുടെ സാമ്പിള്‍ ശേഖരിച്ച് ഇവരെ കോളേജ് ഹോസ്റ്റലിലേക്ക് മാറ്റുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ തന്നെ മഠത്തില്‍ സന്ദര്‍ശനങ്ങള്‍ വിലക്കിയിരുന്നു. അമൃതാനന്ദമയിയുടെ ആലിംഗനവും നിര്‍ത്തി വെച്ചിരുന്നു. ചൈനയില്‍ കൊവിഡ് വ്യാപകമാകുന്നതിന് മുന്‍പുളള അന്തേവാസികള്‍ മാത്രമാണ് മഠത്തിലുളളത് എന്നാണ് അധികൃതര്‍ വാദിച്ചത്. എന്നാല്‍ സംശയം തോന്നിയ മെഡിക്കല്‍ ഓഫീസര്‍ വിവരം ജില്ലാ കളക്ടറെ അറിയിച്ചതോടെയാണ് 67 പേരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ് എന്നറിഞ്ഞത്.

അതിനിടെ കൊവിഡിന് വ്യാജ ചികിത്സ നടത്തി അറസ്റ്റിലായ വൈദ്യന്‍ മോഹനന്‍ നായരെ കൊവിഡ് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. വിയ്യൂര്‍ ജയിലിലാണ് ഇയാള്‍ നിരീക്ഷണത്തിലുളളത്. ഇയാള്‍ക്കൊപ്പം സെല്ലില്‍ കഴിഞ്ഞവരെ നേരത്തെ ആലുവയിലേക്ക് കൊവിഡ് നിരീക്ഷണത്തിനായി മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് മോഹനനേയും ഐസൊലേഷനില്‍ പാര്‍പ്പിച്ചിരിക്കുന്നത്. തൃശൂരില്‍ വെച്ച് കൊവിഡിന് വ്യാജ ചികിത്സ നടത്തുന്നതിനിടെയാണ് കഴിഞ്ഞ ആഴ്ച ഇയാള്‍ പോലീസിന്റെ പിടിയിലായത്. കൊവിഡിന് വ്യാജ ചികിത്സ നടത്തിയതിന് ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പട്ടിക്കാട്ടുളള ചികിത്സാ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് നടത്തി. താന്‍ കൊവിഡിന് ചികിത്സ നടത്തിയിട്ടില്ല എന്നാണ് മോഹനന്‍ വാദിക്കുന്നത്. മറിച്ച് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ഉപദേശം കൊടുക്കുന്നതിന് വേണ്ടിയാണ് എത്തിയത് എന്നും ഇയാള്‍ പ്രതികരിക്കുകയുണ്ടായി. മോഹനന്‍ വൈദ്യരെ കസ്റ്റഡിയില്‍ വിട്ട് കിട്ടാന്‍ പോലീസ് അപേക്ഷ നല്‍കിയിരുന്നു. എന്നാലിത് കോടതി തളളി.

Top