കോട്ടയം : കോൺഗ്രസിനുള്ളിൽ അമർഷം പുകയുകയാണ്. എങ്കിലും തിരഞ്ഞെടുപ്പ് വിജയം പാർട്ടിയുടെ നിലനിൽപ്പിൻറെ പ്രശ്നമായതിനാൽ മാത്രമാണ് നേതാക്കളും പ്രവർത്തകരും സംയമനം പാലിക്കുന്നത്. പ്രവർത്തക കോപത്തിന് പാത്രമാകുന്നത് ഡിസിസി പ്രസിഡണ്ട് ജോഷി ഫിലിപ്പാണ്. തെരഞ്ഞെടുപ്പിൽ ഡിസിസിയുടെ ഭാഗത്തുനിന്ന് കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിച്ച മണ്ഡലങ്ങളിൽ വേണ്ടത്ര ഏകോപനമോ സഹകരണമോ ഉണ്ടായില്ല എന്ന് കടുത്ത ആരോപണം ആണ് പാർട്ടിയിൽ ഉയരുന്നത്. ജില്ലാ കോൺഗ്രസ് പ്രസിഡൻറ് പാർട്ടിയെ ജില്ലയിൽ ഇല്ലാതാക്കുന്നത് പോലെയാണ് പ്രവർത്തിക്കുന്നത് എന്ന ആക്ഷേപം നേതാക്കൾക്കിടയിലും സജീവമാണ്. ലതികാസുഭാഷ് പരസ്യ പ്രതിഷേധം കെപിസിസിയിൽ നടത്തുന്നതിനെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും അത് ഉന്നത നേതൃത്വത്തെ അറിയിക്കാതിരുന്നത് മാത്രമല്ല ലതിക പാർട്ടിക്കൊപ്പം നിൽക്കും എന്ന് നേതൃത്വത്തിന് ഉറപ്പു കൊടുത്തതും ഇദ്ദേഹമാണ് എന്നും വിവരങ്ങൾ ഉണ്ട്. ദേശീയ തലത്തിൽ തന്നെ പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയ സംഭവമാണ് ലതികാസുഭാഷ് നടത്തിയ തലമുണ്ഡനം.
ഉമ്മൻചാണ്ടി മത്സരിച്ച പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ അദ്ദേഹത്തിൻറെ സ്വന്തം പഞ്ചായത്തിൽ പോലും ഇദ്ദേഹം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിർജീവമായിരുന്നു എന്ന ആരോപണവും സജീവമാണ്. കൂടാതെ ഉമ്മൻചാണ്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്ത ഇദ്ദേഹം അവിടെയും ക്രമക്കേട് കാണിച്ചിട്ടുണ്ട് എന്ന് പ്രവർത്തകർ ആക്ഷേപം പറയുന്നുണ്ട്.
പാർട്ടിക്ക് അഭിമാന പോരാട്ടം നടത്തേണ്ട പൂഞ്ഞാർ മണ്ഡലത്തിൽ പ്രചരണത്തെ രംഗത്തേക്ക് അദ്ദേഹം തിരിഞ്ഞു പോലും നോക്കിയില്ല എന്ന ആക്ഷേപവും അവിടെ ഉയരുന്നുണ്ട്. പത്രക്കുറിപ്പുകൾ പോലും കൃത്യമായി നൽകുവാൻ പോലും ഡിസിസിയിൽ സംവിധാനം ഉണ്ടായിരുന്നില്ല എന്നും, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരുടെ പരിപാടികൾ കൃത്യമായി പ്രവർത്തകരെ അറിയിക്കുവാൻ പോലും അദ്ദേഹം മിനക്കെട്ടില്ല എന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ജില്ലയിൽ കോൺഗ്രസ് അഭിമാന വിജയം നേടിയാൽ അതിൻറെ പേരിൽ സ്ഥാനമാനങ്ങൾ നേടുവാനുള്ള ഇയാളുടെ ശ്രമങ്ങളെ ഏതുവിധേനയും ചെറുക്കണം എന്നാ തീരുമാനത്തിലാണ് പാർട്ടിയിൽ ഒരു കൂട്ടം ആളുകൾ. മറ്റുള്ളവരുടെ അധ്വാനം മുതലെടുത്ത് സ്ഥാനമാനങ്ങൾ നേടുന്ന ഇദ്ദേഹത്തിൻറെ ശൈലിക്കെതിരെ വലിയ കലാപം ഉയർത്താനാണ് പാർട്ടിയിൽ ഒരു വിഭാഗം തീരുമാനിച്ചിരിക്കുന്നത്. ഗ്രൂപ്പുകൾക്ക് അതീതമായ പ്രതിഷേധമാണ് ജോഷി ഫിലിപ്പിനെതിരെ ഇപ്പോൾ പാർട്ടിയിൽ ഉയരുന്നത്.


