കൊറോണ പ്രതിരോധിക്കാന്‍ പല മണ്ടത്തരങ്ങളും രാജ്യത്ത് നടക്കുന്നുണ്ട്. കൂട്ട പ്രാര്‍ത്ഥനകളും, വഴിപാടുകളും തുടങ്ങി ഗോമൂത്രം കുടിപ്പിക്കല്‍ വരെ. എന്നാല്‍, ഇത്തരം മണ്ടത്തരത്തിന്റെ ഫലങ്ങള്‍ ചെറുതല്ല. ഗോ മൂത്രം കുടിച്ചയാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ കൊല്‍ക്കത്തയില്‍ ഗോമൂത്ര വിതരണ പരിപാടി സംഘടിപ്പിച്ച ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍.
ഗോമൂത്രം കുടിച്ചയാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ജൊറസാഖോ സ്വദേശിയായ നാരായണ്‍ ചാറ്റര്‍ജി എന്ന നാല്‍പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്.
നാരായണ ചാറ്റര്‍ജി തിങ്കളാഴ്ച പശു ആരാധന പരിപാടി സംഘടിപ്പിച്ച് പശു മൂത്രം വിതരണം ചെയ്തതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗോമൂത്രത്തിന് അത്ഭുതസിദ്ധിയുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ ഗോമൂത്രം മറ്റുള്ളവര്‍ക്ക് കൊടുത്തത്.
അതേസമയം അറസ്റ്റില്‍ ബിജെപിയുടെ പ്രാദേശിക ഘടകം പ്രതിഷേധം രേഖപ്പെടുത്തിയിട്ടുമുണ്ട്. നാരായണ്‍ ചാറ്റര്‍ജി ആരെയും നിര്‍ബന്ധിപ്പിച്ച് ഗോമൂത്രം കുടിച്ചിട്ടില്ലെന്നും അതിന്റെ ഗുണങ്ങള്‍ വിവരിച്ച ശേഷം വിതരണം ചെയ്യവേ പരാതിക്കാരന്‍ സ്വമേധയാ വന്ന് കുടിച്ചതാണെന്നും ബിജെപി വക്താവ് സയന്തന്‍ ബസു പറയുന്നു.