ന്യൂഡല്‍ഹി: എതിരാളികളെ ബഹുദൂരം പിന്നിലാക്കി യാഹുവിന്റെ ഇന്ത്യയിലെ ‘പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍’ ആയി’പശു’ തെരഞ്ഞെടുക്കപ്പെട്ടു. മറ്റെല്ലാ എതിരാളികളെയും അപ്രതീക്ഷിതമായി പിന്നിലാക്കിയാണ് ‘പശു’ ഒന്നാം സ്‌ഥാനം സ്വന്തമാക്കിയതെന്ന് യാഹു പത്രക്കുറിപ്പില്‍ വ്യക്‌തമാക്കുകയും ചെയ്തു. രാജ്യത്ത് ഈ വര്‍ഷം നടന്ന സംഭവ വികാസങ്ങളിലും ഓണ്‍ലൈനിലൂടെ നടന്ന ചര്‍ച്ചകളില്‍നിന്നുമാണ് പശു തെരഞ്ഞെടുക്കപ്പെട്ടത്.
സംസ്‌ഥാനത്ത് ബീഫ് നിരോധിച്ചുകൊണ്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍ ഉത്തരവിട്ടതോടെയാണ് യാഹൂവില്‍ പശുവിന്റെ തേരോട്ടം ആരംഭിച്ചതെന്ന് പത്രക്കുറിപ്പ് വ്യക്‌തമാക്കുന്നു. തുടര്‍ന്ന് ബീഫിന്റെ പേരില്‍ ‘ഓണ്‍ലൈനായും ഓഫ് ലൈനായും’ ചര്‍ച്ചകള്‍ കൊഴുത്തു. പിന്നാലെവന്ന ദാദ്രി കൊലപാതകം, അവാര്‍ഡ് വാപസി, അസഹിഷ്‌ണുത തുടങ്ങിയവ പശുവിനെ ഉയര്‍ത്തിവിട്ടുവെന്നും കുറിപ്പിലുണ്ട്.
ഗൂഗിളിന് സമാനമായി യാഹുവിലും ഇന്ത്യ ഏറ്റവും കൂടുതല്‍ തവണ തിരഞ്ഞ വനിതാ താരം മുന്‍ പോണ്‍ താരവും ബോളിവുഡ് നടിയുമായ സണ്ണി ലിയോണ്‍ തന്നെ. ബോളിവുഡ് സുന്ദരിമാരായ കത്രീനാ കൈഫിനെയും ദീപികാ പദുക്കോണിനെയും രണ്ടും മൂന്നും സ്‌ഥാനത്തേയ്‌ക്ക് പിന്തള്ളിയാണ് സണ്ണി ഒന്നാം സ്‌ഥാനമുറപ്പിച്ചത്. സല്‍മാന്‍ ഖാനാണ് ഒന്നാം സ്‌ഥാനം നേടിയ പുരുഷ താരം.
ഡല്‍ഹി, ബിഹാര്‍ തെരഞ്ഞെടുപ്പുകള്‍ ദേശിയ ചര്‍ച്ചയായെങ്കിലും ഇന്ത്യ ഏറ്റവും കൂടുതല്‍ തവണ തിരഞ്ഞ രാഷ്‌ട്രീയ നേതാവായി നരേന്ദ്ര മോഡി തെരഞ്ഞെടുക്കപ്പെട്ടു. വാര്‍ത്താ വിഭാഗത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റ്, ഡോ. എ.പി.ജെ അബ്‌ദുള്‍ കലാം, ഐ.സി.സി വേള്‍ഡ്‌കപ്പ് 2015 എന്നിങ്ങനെയും തെരഞ്ഞെടുക്കപ്പെട്ടു. കായിക താരങ്ങളില്‍ എം.എസ് ധോണിയും സാനിയ മിര്‍സയും മുന്‍നിരയിലെത്തി. സീ ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.