കണ്ണൂർ: വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനെതിരെ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ നടത്തിയ പ്രസ്താവന അതിരുകടനെന്ന് നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.സി. സനൂപ്. മന്ത്രിയെ പൊതു മധ്യത്തിൽ അപമാനിക്കാനാണ് എ.ഐ.വൈ.എഫിന്റെ ശ്രമം. കാലാകാലങ്ങളായി സർക്കാരിനെയും ഘടക കക്ഷി മന്ത്രിമാരെയും കുറ്റപ്പെടുത്തൽ മാത്രമാണ് എ.ഐ.വൈ.എഫിന്റെ സംഘടനാ പ്രവർത്തനം.
ജാഥ നടത്തുന്നത് സർക്കാരിനെയും മന്ത്രിമാരെയും കുറ്റപ്പെടുതാൻ വേണ്ടിയാണോ എന്ന് നേതാക്കൾ വ്യക്തമാക്കണം. വാർത്തയിലിടം കിട്ടാൻ വേറെ വഴിയില്ലെന്ന തോന്നലിൽ നിന്നാണോ ഇത്തരം പ്രസ്താവനകൾ എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാകില്ല. സാധരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് അവരെ ചേർത്ത് പിടിക്കുന്ന വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനെ അപമാനിക്കാനുള്ള ശ്രമം വിലപോവില്ല.
പുതുവിഷയങ്ങളെ വൈകാരികരിമായി കൈകാര്യം ചെയ്യുന്നവർക്ക് പിന്തുണ പ്രഖ്യാപിക്കുന്ന നിലപാടാണോ എ.ഐ.വൈ.എഫിന്റേത് എന്നത് അവർ തന്നെ വ്യക്തമാക്കണം. സർക്കാരിനെയും മന്ത്രിമാരെയും പൊതുമധ്യത്തിൽ അപമാനിക്കുന്നത്തിലൂടെ പ്രതിപക്ഷത്തെ സഹായിക്കുന്ന നിലപാടിലേക്കാണ് എ.ഐ.വൈ.എഫ് നീങ്ങുന്നത്. എ.ഐ.വൈ.എഫിനെ നിയന്ത്രിക്കാൻ സി.പി.ഐ നേതാക്കൾ തയ്യാറാകണമെന്നും പി.സി.സനൂപ് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.