ക്ഷേത്രങ്ങള്‍ നിയന്ത്രിക്കാനൊരുങ്ങി സിപിഐഎം; പ്രത്യേക സംഘടന രൂപീകരിക്കാന്‍ ധാരണ

ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളെ സി.പി.ഐ.എം. പ്രത്യേകമായി സംഘടിപ്പിക്കുന്നു. കണ്ണൂരിലാണ് ആദ്യ പരീക്ഷണം. മതതീവ്രവാദ ശക്തികളില്‍നിന്ന് ക്ഷേത്രത്തെ വിശ്വാസികള്‍ക്കായി മോചിപ്പിച്ചു നല്‍കുകയെന്ന വാദമാണ് ഇതിനായി സി.പി.ഐ. എം. മുന്നോട്ടുവെക്കുന്നത്. ആദ്യഘട്ടത്തില്‍ ക്ഷേത്രം ഭാരവാഹികളുടെ കണ്‍വന്‍ഷന്‍ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസില്‍ വിളിച്ചുചേര്‍ത്തു. ഒരുമാസത്തിനുള്ളില്‍ സംഘടനാ രൂപവത്കരണം നടത്താനാണ് ഇതിലുണ്ടാക്കിയ ധാരണ.

ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് ക്ഷേത്രം വിട്ടുനല്‍കരുതെന്ന തീരുമാനമാണ് ആദ്യ കണ്‍വന്‍ഷനില്‍ തന്നെ ഉണ്ടായത്. ബാലഗോകുലം നടത്തുന്ന ശ്രീകൃഷ്ണജയന്തി ഘോഷയാത്രയ്ക്ക് ബദലായി സി.പി.ഐ. എമ്മിന്റെ സാംസ്‌കാരിക വേദി ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്തുണ നല്‍കുന്ന തീരുമാനമാണ് ക്ഷേത്രം ഭാരവാഹികളുടെ കണ്‍വന്‍ഷനും കൈക്കൊണ്ടിട്ടുള്ളത്. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര പോലെ കുട്ടികളെ വര്‍ഗീയവത്‌രിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ക്ഷേത്രം സ്ഥലം വിട്ടുനല്‍കരുതെന്നാണ് തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ കൂട്ടായ്മയ്ക്ക് രാഷ്ട്രീയമില്ലെന്ന് കണ്‍വന്‍ഷന് നേതൃത്വം നല്‍കിയ സതീശന്‍ തില്ലങ്കേരി പറഞ്ഞു. വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കുന്നതും ക്ഷേത്രങ്ങളെ പൊതുസ്വത്താക്കി നിലനിര്‍ത്തുന്നതുമായി ഒരു കൂട്ടായ്മയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുടുംബ ക്ഷേത്രങ്ങളിലെയും ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലേയും കമ്മിറ്റി ഭാരവാഹികള്‍ സി.പി.ഐ.എം. ഓഫീസിലെ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഹിന്ദു വിഭാഗത്തിലെ വിവിധ സമ്പ്രദായങ്ങളിലുള്ള ആരാധാനാലയങ്ങളിലെ കമ്മിറ്റി ഭാരവാഹികളെയാണ് വിളിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു. ദേവസ്വം ബോര്‍ഡ് മേഖലാ പ്രസിഡന്റ് ഒ.കെ.വാസുവിന്റെ സാന്നിധ്യത്തിലാണ് കണ്‍വെന്‍ഷന്‍ നടന്നത്. സി.പി.ഐ.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

Top