കണ്ണൂരില്‍ വിമതന്‍ സംഹാരമാകുന്നു ! വിമതന്‍ രാഗേഷ്‌ വീണ്ടും മലക്കംമറിഞ്ഞു :മേയര്‍ക്കെതിരേ അവിശ്വാസം കൊണ്ടുവരും

കണ്ണൂര്‍: വിമതനായി മല്‍സരിച്ചു ജയിച്ച പി.കെ. രാഗേഷിനെ കോണ്‍ഗ്രസ്‌ തിരിച്ചെടുത്തതോടെ കണ്ണൂര്‍ കോര്‍പ്പറേഷനിലെ എട്ടു സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റികളില്‍ ഏഴും യു.ഡി.എഫിന്‌. രാഗേഷിന്റെ പിന്തുണയോടെ സി.പി.എമ്മിലെ ഇ.പി. ലത മേയറായ ഇവിടെ ആറു മാസത്തിനു ശേഷം യു.ഡി.എഫ്‌. അവിശ്വാസപ്രമേയം കൊണ്ടുവരും.
തന്റെ പിന്തുണയോടെ ജയിച്ച ഇ.പി. ലത മേയര്‍ സ്‌ഥാനത്തു തുടരണോ എന്നു തീരുമാനിക്കേണ്ടത്‌ ഇടതുപക്ഷമാണെന്ന്‌ രാഗേഷ്‌ പറഞ്ഞു. മേയര്‍ സ്‌ഥാനം രാജിവയ്‌ക്കില്ലെന്നും അവിശ്വാസപ്രമേയം വരുമ്പോള്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും ഇ.പി. ലത പ്രതികരിച്ചു.Abdullakutty -pk ragesh
എല്‍.ഡി.എഫിനും യു.ഡി.എഫിനും 27 സീറ്റ്‌ വീതം ലഭിച്ചതോടെയാണ്‌ കണ്ണൂരില്‍ പി.കെ. രാഗേഷിന്റെ നിലപാട്‌ നിര്‍ണായകമായത്‌. രാഗേഷിന്റെ പിന്തുണയില്‍ എല്‍.ഡി.എഫ്‌. മേയര്‍ സ്‌ഥാനം പിടിച്ചതോടെ അനുനയനീക്കങ്ങള്‍ സജീവമായി. ഇന്നലെ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി അധ്യക്ഷസ്‌ഥാനങ്ങളിലേക്കു തെരഞ്ഞെടുപ്പു നടക്കാനിരിക്കെ തിങ്കളാഴ്‌ച രാത്രി നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടു.കണ്ണൂര്‍ ഡി.സി.സി. ഓഫീസില്‍ കെ. സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ രാഗേഷുമായി നടത്തിയ ചര്‍ച്ചയിലാണ്‌ പ്രശ്‌നപരിഹാരമുണ്ടായത്‌. രാഗേഷിന്റെ സ്വാധീനമേഖലയായ പള്ളിക്കുന്നില്‍ സഹകരണ ബാങ്ക്‌ ഭരണസമിതി പിരിച്ചുവിടാന്‍ ഉത്തരവിട്ട സഹകരണ ജോയിന്റ്‌ രജിസ്‌ട്രാര്‍ കെ. സുരേന്ദ്രനെയും ബാങ്കില്‍ കയറി താനടക്കമുള്ളവരെ മര്‍ദിച്ച ടൗണ്‍ എസ്‌.ഐ. സനല്‍കുമാറിനെയും സ്‌ഥലം മാറ്റണമെന്ന രാഗേഷിന്റെ ആവശ്യം യു.ഡി.എഫ്‌. നേതൃത്വം കഴിഞ്ഞ ദിവസം നടപ്പാക്കിയിരുന്നു.
വിമതനായി മത്സരിച്ചതിന്റെ പേരില്‍ കെ.പി.സി.സി. പുറത്താക്കിയ രാഗേഷ്‌ ഉള്‍പ്പെടെയുള്ള ഒമ്പതു പേരെയും തിരിച്ചെടുക്കുന്ന തീരുമാനത്തില്‍ രാത്രി 12.30-ന്‌ ഡി.സി.സി. പ്രസിഡന്റ്‌ കെ. സുരേന്ദ്രന്‍ ഒപ്പുവച്ചു. മേയര്‍ സ്‌ഥാനാര്‍ഥിയായി മല്‍സരിപ്പിച്ച സുമാ ബാലകൃഷ്‌ണന്റെ വാര്‍ഡില്‍ റിബലായി മത്സരിച്ച ജയലതയുംഉള്‍പ്പെടും. പള്ളിക്കുന്ന്‌ മണ്ഡലം, ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റുമാരെ മാറ്റണമെന്ന രാഗേഷിന്റെ ആവശ്യം ഒരു മാസത്തിനകം നടപ്പാക്കും.ഇക്കാര്യം രാഗേഷ്‌ എഴുതി വാങ്ങിയിട്ടുണ്ട്‌. പാളയത്തിലേക്കു തിരിച്ചെത്തിയ രാഗേഷിനെ ആഹ്‌ളാദത്തോടെയാണ്‌ യു.ഡി.എഫ്‌. ഇന്നലെ അംഗങ്ങള്‍ വരവേറ്റത്‌. സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റികള്‍ പിടിച്ചടക്കിയ യു.ഡി.എഫിന്‌ മേയര്‍ സ്‌ഥാനം തിരിച്ചുപിടിക്കാനുള്ള അംഗബലവുമായി. ജില്ലയിലെ കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രതിസന്ധിയും നീങ്ങിക്കിട്ടി.
രാഗേഷ്‌ തിരിച്ചെത്തിയ നിലയ്‌ക്ക്‌ പള്ളിക്കുന്ന്‌, ചിറക്കല്‍ മേഖലയിലെ സംഘടനാ വിഷയങ്ങളില്‍ ഉടന്‍ നേതൃത്വത്തിന്റെ ഇടപെടലുണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും മുന്നണിയില്‍ ആരംഭിച്ചു. പൊട്ടിത്തെറിയുടെ വക്കിലെത്തിയ പ്രശ്‌നങ്ങള്‍ പരിഹരിച്ചതില്‍ ആര്‍ക്കും വിജയം അവകാശപ്പെടാനില്ലെങ്കിലും കെ. സുധാകരനും ഡി.സി.സി. പ്രസിഡന്റ്‌ കെ. സുരേന്ദ്രനും എ.പി. അബ്‌ദുള്ളക്കുട്ടിയും പി.കെ. രാഗേഷും എ ഗ്രൂപ്പ്‌ നേതാക്കളും തലയുയര്‍ത്തി നില്‍ക്കുകയും ചെയ്‌തു.

ഇന്നലെ രാവിലെ ഡി.സി.സി ഓഫീസില്‍ നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കോര്‍പ്പറേഷനില്‍ വിമതനായി മത്സരിച്ച പി.കെ. രാഗേഷ് പങ്കെടുത്തതോടെയാണ് മഞ്ഞുരുക്കം ഉണ്ടായത് .അതോടെ ദിവസങ്ങളായി നീണ്ടുനിന്ന കോണ്‍ഗ്രസിലെ ആശയക്കുഴപ്പങ്ങള്‍ക്ക് വിരാമമായി.ഡി.സി.സി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ രാഗേഷിനെയും വിവിധ ഡിവിഷനുകളില്‍ നിന്ന് റെബലുകളായി മത്സരിച്ച 9 പേരെയും പാര്‍ട്ടിയില്‍ തിരിച്ചെടുക്കാനും രാഗേഷ് ഉന്നയിച്ച ചില ഉപാധികള്‍ക്കും കോണ്‍ഗ്രസ് വഴങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന് യു.ഡി.എഫിന് രാഗേഷ് പിന്തുണ നല്കുന്ന കാര്യത്തിലും ധാരണയായി. എന്നാല്‍ ഇന്ന് രാവിലെ 11 ന് നടക്കുന്ന കോര്‍പ്പറേഷന്‍ സ്ഥിരംസമിതി തിരഞ്ഞെടുപ്പില്‍ രാഗേഷ് മത്സരിക്കണമെന്ന് കൗണ്‍സിലര്‍മാരുടെ ഭാഗത്തുനിന്ന് ശക്തമായ സമ്മര്‍ദ്ദമുണ്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായിട്ടില്ല.PK RAKESH SUDHEERAN

സഹകരണ ജോയിന്റ് രജിസ്ട്രാര്‍ കെ. സുരേന്ദ്രനെ വയനാട് സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടറായി സ്ഥലംമാറ്റി. പിന്നീട് ആക്ഷേപങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്ഥലമാറ്റത്തിനുള്ള അപേക്ഷ വാങ്ങിയതിനു ശേഷമാണ് ഉത്തരവിറക്കിയത്. ടൗണ്‍ എസ്.ഐ കെ. സനല്‍കുമാറിനെ വടകര ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. മേയര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ഈ രണ്ട് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റാതെ ചര്‍ച്ചയില്ലെന്ന നിലപാടായിരുന്നു രാഗേഷിന്. ഒമ്പത് ഉപാധികള്‍ ഉണ്ടായിരുന്നെങ്കിലും ഈ രണ്ട് കാര്യത്തില്‍ തീരുമാനമായാല്‍ മാത്രമേ ചര്‍ച്ചയുള്ളൂ എന്ന നിലപാപാടില്‍ ഉറച്ചുനിന്ന രാഗേഷിന് വഴങ്ങാന്‍ അവസാന നിമിഷം വരെ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനും ഡി.സി.സി നേതൃത്വവും തയ്യാറായിരുന്നില്ല. മേയര്‍ തിരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കിയാല്‍ എല്ലാകാര്യവും പരിഗണിക്കാമെന്ന വാഗ്ദാനം മാത്രമാണ് ഡി.സി.സി നേതൃത്വത്തില്‍ നിന്ന് ഉണ്ടായത്.

ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ വന്നതോടെയാണ് രാഗേഷിന്റെ വോട്ട് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ഡി.സി.സി നേതൃത്വം നേരത്തെ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നുവെങ്കില്‍ കോണ്‍ഗ്രസിലെ സുമാ ബാലകൃഷ്ണന്‍ തന്നെ മേയറായി വരുമായിരുന്നു. കോര്‍പ്പറേഷന്‍ സ്ഥിരം സമിതി തിരഞ്ഞെടുപ്പിന് മുന്നെയെങ്കിലും ഉപാധികള്‍ക്ക് കോണ്‍ഗ്രസ് വഴങ്ങിയത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം തന്ത്രപരമായ കീഴടങ്ങലാണ്. ഉപാധികള്‍ അംഗീകരിച്ചാല്‍ ആറുമാസത്തിനു ശേഷം അവിശ്വാസത്തിലൂടെ മേയറെ പുറത്താക്കാമെന്ന സന്ദേശം രാഗേഷിനെ അനുകൂലിക്കുന്നവര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ സ്ഥിരംസമിതി അംഗങ്ങളെ ഒരിക്കല്‍ തിരഞ്ഞെടുത്താല്‍ പിന്നീട് അവിശ്വാസത്തിലൂടെ പുറത്താക്കാന്‍ സാധിക്കില്ലെന്നതിനാലാണ് ഇന്നലെ മാരത്തോണ്‍ ചര്‍ച്ചയിലൂടെ തീരുമാനമെടുത്തത്.

രാഗേഷിന്റെ പിന്തുണ ഉറപ്പാക്കാന്‍ ആദ്യം മുന്നിട്ടിറങ്ങിയത് എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എ ആയിരുന്നു. പാര്‍ട്ടിക്കുള്ളില്‍ സുധാകര അനുകൂലികളുടെ എതിര്‍പ്പ് കണക്കിലെടുക്കാതെ മുന്നോട്ടുപോയപ്പോള്‍ സണ്ണി ജോസഫ് എം.എല്‍.എയും അബ്ദുള്ളക്കുട്ടിയുടെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കുകയായിരുന്നു. കോണ്‍ഗ്രസിലെ എ വിഭാഗം ചര്‍ച്ചയുടെ എല്ലാ കാര്യങ്ങളിലും ഇക്കുറി നേരിട്ട് ഇടപെട്ടില്ല. ഉദ്യോഗസ്ഥരെ മാറ്റുന്ന കാര്യം ഭരണപരമായ കാര്യമായതിനാല്‍ ഡി.സി.സി നേതൃത്വം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കട്ടെ എന്ന നിലയ്ക്ക് മാറിനില്‍ക്കുകയായിരുന്നു.  രാത്രി വൈകുവോളം നടന്ന ചര്‍ച്ചയില്‍ ഡി.സി.സി പ്രസിഡന്റ് കെ. സുരേന്ദ്രന്‍, ടി.ഒ. മോഹനന്‍, പുഴാതി മണ്ഡലം പ്രസിഡന്റും കൗണ്‍സിലറുമായ വിനോദ്, ഡി.സി.സി സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ്, പള്ളിക്കുന്ന് ബാങ്ക് പ്രസിഡന്റ് എം.വി. പ്രദീപ്കുമാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍, പി.കെ. രഞ്ജിത്ത് തുടങ്ങിയവരാണ് പങ്കെടുത്തത്. തീരുമാനങ്ങളില്‍ ഏറെക്കുറെ ധാരണ ഉണ്ടായതോടെ ഒടുവില്‍ കെ. സുധാകരനും രാഗേഷുമായുള്ള അവസാനവട്ട ചര്‍ച്ചയില്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാവുകയായിരുന്നു.

Top