കണ്ണൂര്‍:സി.പി.എം നടത്തിയ ജന്മാഷ്ടമി ആഘോഷങ്ങളുടെ വിവാദം ശമിക്കുന്നതിനു മുന്‍പേ ഇനി ഒരു ഭക്തി മാര്‍ഗത്തെ പരീക്ഷണവുമായി സി.പി.എം . സംഘപരിവാര സംഘടനകള്‍ക്ക് ബദലായി ശബരിമല തീര്‍ത്ഥാടകര്‍ക്ക് വൈദ്യസഹായം ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കാനാണ് സി.പി.എം തീരുമാനം. പാര്‍ട്ടിയുടെ സ്വാന്ത്വന പരിചരണ വിഭാഗമായ ഐ.ആര്‍.പി.സി (ഇനീഷ്യേറ്റിവ് ഫോര്‍ റിഹാബിലിറ്റേഷന്‍ ആന്റ് പാലിയേറ്റിവ് കെയര്‍) യുടെ നേതൃത്വത്തിലാണ് അയ്യപ്പഭക്തരെ ആകര്‍ഷിക്കാന്‍ പദ്ധതി തയ്യാറാക്കുന്നത്.
പരിപാടിയുടെ സ്വാഗതസംഘം രൂപീകരണ യോഗം ഈ മാസം പത്തിന്് കണ്ണൂരില്‍ നടക്കും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ സജീവമാണ്. നിലവില്‍ ഓരോ ശബരില ദര്‍ശന സീസണിലും സേവാഭാരതി പോലുള്ള സംഘപരിവാര സംഘടനകള്‍ ശബരിമല തീര്‍ത്ഥാടകരെ സഹായിക്കാനെ പേരില്‍ രംഗത്തുവരാറുണ്ട്. അതിനാല്‍ ഈ മേഖലയില്‍ സംഘപരിവാരം നടത്തുന്ന രാഷ്ട്രീയ ഇടപെടല്‍ ചെറുതല്ല. ഇക്കാര്യം കണക്കിലെടുത്താണ് അവര്‍ക്ക് ബദലായി സേവനപ്രവൃത്തികള്‍ നടത്തി രാഷ്ട്രീയനേട്ടം കൊയ്യാന്‍ സി.പി.എം. തീരുമാനിച്ചത്.
ജന്മാഷ്ടമി ഘോഷയാത്രകള്‍ ബാലസംഘത്തിന്റെയും സാംസ്‌കാരിക സംഘടനകളുടെയും ക്ലബ്ബുകളുടെയും പേരിലാണ് സി.പി.എം. സംഘടിപ്പിച്ചത്. അതിനാല്‍, ശബരിമല തീര്‍ത്ഥാടകരെ സഹായിക്കാനെ പേരില്‍ ആവിഷ്‌കരിച്ച പദ്ധതിയും സി.പി.എം. നേരിട്ടല്ല നടപ്പാക്കുന്നത്. ഐ.ആര്‍.പി.സിക്കാണ് നിര്‍വഹണ ചുമതല. ശബരിമല ദര്‍ശനത്തിനായി ഇതര സംസ്ഥാനങ്ങളില്‍നിന്നും സംസ്ഥാനത്തിന്റെ അതിര്‍ത്തി മേഖലകളിലില്‍നിന്നും വാഹനത്തിലും കാല്‍നടയായും കടന്നുപോവുന്നവര്‍ക്ക് വിശ്രമിക്കാനാണ് ഇടത്താവളമെന്ന നിലയില്‍ കണ്ണൂര്‍ ജില്ലയിലെ ദേശീയപാതയോരത്ത് പ്രത്യേക കേന്ദ്രം തുടങ്ങുക. ഇവിടെ ഹെല്‍പ് ഡെസ്‌കും സജ്ജീകരിക്കും. മെഡിക്കല്‍ കെയര്‍ ഉള്‍പ്പെടെയുള്ള സഹായങ്ങളും ലഭ്യമാക്കും.
സി.പി.എം. ജില്ലാ സെക്രട്ടറി പി ജയരാജനാണ് ഐ.ആര്‍.പി.സി.യുടെ ഉപദേശക സമിതി ചെയര്‍മാന്‍. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം ജെയിംസ് മാത്യു, കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം എം പ്രകാശന്‍ എന്നിവര്‍ രക്ഷാധികാരികളാണ്. വിശ്വാസികള്‍ നടത്തുന്ന എല്ലാ ആഘോഷങ്ങള്‍ക്കും പാര്‍ട്ടി പിന്തുണ നല്‍കുമെന്ന് നേരത്തെ പി ജയരാജന്‍ വ്യക്തമാക്കിയിരുന്നു.
പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നുള്‍പ്പെടെ പ്രവര്‍ത്തകര്‍ ബി.ജെ.പിയിലേക്ക് ചേക്കേറുന്നത് തടയാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം. ഇതിന്റെ മറവിലാണ് ഈയിടെ തളാപ്പില്‍ ചെഗുവേരയെയും ഗണപതിയെയും ആനയിച്ച് സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള ‘അമ്പാടി ബ്രദേഴ്‌സ്’ ഗണേശോല്‍സവ ഘോഷയാത്ര സംഘടിപ്പിച്ചത്. കഴിഞ്ഞ വൈശാഖോല്‍സവത്തില്‍ കൊട്ടിയൂരില്‍ ഐ.ആര്‍.പിസി. ഹെല്‍പ് ഡെസ്‌ക് ഒരുക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് മണ്ഡലകാല സീസണില്‍ അയ്യപ്പഭക്തര്‍ക്കായി വിശ്രമകേന്ദ്രം തുടങ്ങാന്‍ തീരുമാനിച്ചത്.