തിരുവനന്തപുരം: പാര്‍ട്ടി നേതാക്കന്‍മാരുടെ മക്കള്‍ക്കെതിരായ ആരോപണങ്ങളില്‍ സിപിഎം ഇരട്ട നിലപാട് സ്വീകരിക്കുന്നുവെന്ന ആക്ഷേപം ശക്തമാകുന്നു. ബിനീഷ് കോടിയേരിക്കെതിരെ ആരോപണം വന്നപ്പോള്‍ പ്രതികരിക്കാതിരുന്ന പാര്‍ട്ടി മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ആരോപണം വന്നപ്പോള്‍ പ്രതിരോധം തീര്‍ക്കുന്നത് ഉയര്‍ത്തിയാണ് വിമര്‍ശനം ശക്തമാകുന്നത്.
മകന്‍ ബിനീഷ് കോടിയേരിയും മകനെതിരെ ഉയര്‍ന്ന ആരോപണങ്ങളും വേറെയാണെന്നും സിപിഎം പാര്‍ട്ടി സംവിധാനം അതിന് പുറത്താണെന്നും സ്ഥാപിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കോടിയേരി ബാലകൃഷ്ണന്‍ എത്തിയത്. പാര്‍ട്ടി നേതൃത്വവും അത് തന്നെ ആവര്‍ത്തിച്ചു. അധികനാള്‍ പിടിച്ച് നില്‍ക്കാന്‍ കോടിയേരിക്ക് കഴിഞ്ഞില്ല. ചികിത്സയുടെ പേരില്‍ അവധിയെടുത്ത് കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിന്നു.
പാര്‍ട്ടി വേറെ കുടുംബം വേറെയെന്ന് വിവാദങ്ങളില്‍ നിലപാടെടുത്തിരുന്ന പാര്‍ട്ടിയുടെ മലക്കം മറിച്ചിലാണ് കരിമണല്‍ മാസപ്പടി വിവാദത്തിലടക്കം ഉണ്ടായത്. ആക്ഷേപം മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഉയര്‍ന്നപ്പോള്‍ തന്നെ പ്രതിരോധിക്കാന്‍ പല പഴുതുകളുണ്ടായി. കണ്‍സള്‍ട്ടന്‍സിക്ക് കരാറുണ്ടാക്കിക്കൂടെ എന്നും ഇടപാടില്‍ സുതാര്യമല്ലാതെ എന്തുണ്ടെന്ന ചോദ്യവും പാര്‍ട്ടി നേതാക്കളില്‍ നിന്ന് തന്നെ ഉയര്‍ന്നു. മേല്‍കമ്മിറ്റി ചേരുകയോ വിശദീകരണം തേടുകയോ ചെയ്യും മുന്‍പേ കേന്ദ്രകമ്മിറ്റി അംഗം മുതല്‍ സംസ്ഥാന സെക്രട്ടറി വരെ ന്യായീകരണ വാദവുമായി വന്നു. പൊതുസമൂഹത്തോട് മാത്രമല്ല സംസ്ഥാന സെക്രട്ടറിയേറ്റിലോ സംസ്ഥാന സമിതിയിലോ പോലും മുഖ്യമന്ത്രിക്ക് വിവാദം വിശദീകരിക്കേണ്ടിയും വന്നില്ല. നേതൃനിരയാകെ മാസപ്പടി ഡയറിയില്‍ നിരന്നതോടെ പ്രതിപക്ഷത്തിനും മിണ്ടാട്ടമില്ല.