ഇടതുപക്ഷത്തിന്റേത് അഭിനവ അധികാര ജന്മിത്വ ധാർഷ്ട്യം

കേരളത്തിലേത് അടക്കം ആദിവാസി ദളിത് പിന്നോക്ക ജന വിഭാഗങ്ങളെ 3 സെന്റ് മിച്ചഭൂമി, ലക്ഷം വീട് കോളനികളിൽ, ചേരികളിൽ തളച്ചിട്ട ഭരണ-പാർട്ടി നയം  എക്കാലവും പുലർത്തിയ ഇടതുപക്ഷത്തിന്റെ അണികളുടെയും ബുദ്ധിജീവികളുടെയും പ്രൊഫൈലുകളിൽ ‘ജയ്‌ഭീം’ സിനിമയുടെ ആഘോഷം തീർത്തും അത്ഭുതപ്പെടുത്തുന്നു!
അധികാര രാഷ്ട്രീയവും
പോലീസിന്റെ കള്ളക്കേസുകളും മൃഗീയമായ ജയിൽ മർദ്ധന മുറകളും കൊലപാതകവും കോടതി വ്യവഹാരങ്ങളും എല്ലാം കാഴ്ചകളെയും ഹൃദയങ്ങളെയും വിറങ്ങലിപ്പിക്കുന്ന ദൃശ്യങ്ങളാണ്..
സിനിമ മികച്ചു നിൽക്കുന്നു,
പക്ഷേ,
ജയ്‌ഭീം മുന്നോട്ട് വെക്കുന്ന പിന്നോക്ക (അംബേദ്കർ ) രാഷ്ട്രീയത്തിന് വിരുദ്ധമായി സവർണ്ണതയുടെ മുന്നോക്ക ഭരണ-പാർട്ടി നയം ജനം ലൈവായി അനുഭവിക്കുകയാണ് ഇന്ന് കേരളത്തിൽ. അത് പറയാതിരിക്കാൻ ആവില്ല.

ജയ് ഭീം സിനിമയ്ക്കോ അതിന് ആസ്പദമായ സംഭവത്തിനോ സി.പി.എമ്മുമായി ഒരു ബന്ധവുമില്ലന്നും, 1988ല്‍ സി.പി.എമ്മുമായുള്ള ബന്ധം താൻ അവസാനിപ്പിച്ചതാണെന്നും 1993ലാണ് രാജാക്കണ്ണ് സംഭവം നടക്കുന്നതെന്നും ജസ്റ്റിസ് ചന്ദ്രു പറഞ്ഞത് മാധ്യമങ്ങളിൽ നമുക്ക് കാണാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൃത്യമായി വഴി പോലും ഇല്ലാത്ത ഒരു  കൂരയിൽ ആണ് സിനിമക്ക് ആസ്പദമായ രാജാക്കണ്ണ്ന്റെ കുടുംബം ഇപ്പോഴും ജീവിക്കുന്നത്.
93 ലും ശേഷവും പാർട്ടി ഉണ്ടായിരുന്നില്ലേ ആ കുടുംബത്തിന് എന്തെങ്കിലും ചെയ്തു നൽകാൻ എന്നൊന്നും  സിനിമ കൊണ്ടാടുന്ന സഖാക്കളോട് നാം ചോദിക്കുത് , ഇപ്പോഴെങ്കിലും സി പി എം ഈ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകാൻ മുന്നോട്ട് വരുന്നു ( സി പി എം തമിഴ്നാട് ഘടകം മുഖ്യമന്ത്രി സ്റ്റാലിന് കത്ത് നൽകിയ വാർത്ത കണ്ടിരുന്നു ) എന്നതാണ് ‘വലിയ ‘കാര്യം.

ഇവിടെ
അന്തിയുറങ്ങാൻ പാർപ്പിട ത്തിനും, ഉപജീവനത്തിന് കൃഷിക്കും ഭൂമിയില്ലാത്ത,  സ്വന്തമായി
മേൽവിലാസം ഇല്ലാത്ത, എന്തിന് മരണപ്പെട്ടാൽ ശവസംസ്‌കാരത്തിന് ഭൂമിയില്ലാതെ അടുക്കളയിൽ അടക്കം ചെയ്യേണ്ട ദുർഗതിയുള്ള ആയിരക്കണക്കിന് മനുഷ്യർ ഇന്നും കേരളത്തിൽ ഉണ്ട്!? നെയ്യാറ്റിൻകരയിലെ രാജൻ- അമ്പിളി ദമ്പതിമാർ ജീവഹാനി നടത്തിയത് വിപ്ലവ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ ആയിരുന്നു, ആ ദാരുണമായ സംഭവങ്ങൾ ഉണ്ടായതും അവരുടെ മകൻ രോഷത്തോടെ, നിസ്സഹായതയോടെ അധികാരത്തിന് നേരെ വിരൽചൂണ്ടുന്നത് നാം കണ്ടത്.

പതിനായിരകണക്കിന് ഹെക്ടർ പൊതു ഭൂമി ഹാരിസൺ അടക്കമുള്ള വൻകിട കോർപ്പറേറ്റ് കുത്തക കമ്പനികൾ കൈവശം വെച്ച് അന്യാധീനപ്പെടുത്തുന്ന കാലത്ത്, കേരളത്തിലെ ഭൂ പ്രശ്നം ഭൂപരിഷ്കരണത്തോടെ പരിഹരിക്കപ്പെട്ടു കഴിഞ്ഞു എന്നും, ഇനി ആരും ഭൂമിക്ക് വേണ്ടി സമരം ചെയ്യേണ്ടതില്ല എന്നും അഥവാ അതിനൊക്കെ ഞങ്ങളുണ്ട് എന്നുമാണ് സിപിഎം ഭാഷ്യം.
ഇവിടെ പാവപ്പെട്ട ഭൂരഹിതരെ അണിനിരത്തി സമരം ചെയ്യുന്ന വെൽഫെയർ പാർട്ടി അടക്കമുള്ളവരുടെ ഭൂസമരങ്ങളെ പരിഹസിക്കുകയാണ് ഭരണകൂടവും പാർട്ടിയും.
‘പോലീസ് ഭരണകൂടത്തിന്റെ മർദ്ധനോപകരണമാണെന്ന്’ സിദ്ധാന്തിച്ചവർ ഇന്നത്  സമർത്ഥമായി ഉപയോഗിച്ച്  സമരങ്ങൾക്ക് നേരെ അമിതാധികാരം ആസ്വദിക്കുകയാണ്.

കോർപ്പറേറ്റ്കൾ യഥേഷ്‌ടം ഭൂമി കൈവശം വെക്കുമ്പോൾ ആണ് അട്ടപ്പാടിയിലെതടക്കം ആദിവാസികൾക്കും (നഞ്ചിയമ്മയുടേതടക്കം നിരവധി ആദിവാസികളുടെ ഭൂമി നഷ്ടപ്പെട്ട വാർത്ത വരുന്നു) പിന്നോക്കക്കാർക്കും സാധാരണ ഭൂരഹിതർക്കും
ഒരിഞ്ച് ഭൂമി നൽകാതെ അഭിനവ അധികാര ജന്മിത്വ ധാർഷ്ട്യം കാണിച്ചു കൊണ്ട് ആകാശത്ത് ഫ്ലാറ്റ് നൽകും എന്നൊക്കെ പറയുന്നത്. സാധാരണക്കാരുടെ സ്വസ്ഥമായ തനത് ജീവിത രീതിയെ പോലും അട്ടിമറിക്കാൻ ആണ് ഫ്ലാറ്റ് സംസ്ക്കാരത്തിലൂടെ ഭൂമിയുടെ രാഷ്ട്രീയം മറന്ന ഇടതുപക്ഷ പാർട്ടിയും സർക്കാരും മുന്നോട്ട് പോകുന്നത്.
ലക്ഷക്കണക്കിന് ഭൂരഹിത ഭവന രഹിതർ ഉണ്ടായിരിക്കെ കെ-റെയിൽ പോലുള്ള ജനവിരുദ്ധ പദ്ധതിയുമായി പിണറായി സർക്കാർ മുന്നോട്ട് പോകുന്നത്, വെറും ഒൻപതിനായിരം വീട് പൊളിക്കണം പോലും! ഇവരുടെ സ്വപ്ന പദ്ധതിക്ക് വേണ്ടി, കേരളത്തിലെ വികസനത്തിന്റെ ഇരകൾ നമുക്ക് മുൻപിലുണ്ട്, ഒരു സർക്കാരും ക്രിയാത്മകമായ ഒരു പുനരധിവാസവും നടത്തിയിട്ടില്ല എന്ന് മാത്രമല്ല,
അഭ്യസ്തവിദ്യരായ
യുവജനങ്ങൾക്ക് തൊഴിൽ അന്യമാകുന്ന, പി.എസ്.സിയെ അട്ടിമറിച്ച് സ്വന്തക്കാർക്ക് പിൻവാതിൽ നിയമനങ്ങൾ നടത്തുന്ന, മലബാറിലെ വിദ്യാർത്ഥികൾക്ക് പഠിക്കാൻ സീറ്റ് നൽകാതെ വിദ്യാഭ്യാസ അവകാശങ്ങൾ റദ്ദ് ചെയ്യുന്ന, 175 പ്ലസ് വൺ സ്കൂൾ ആവശ്യപ്പെട്ട ജനങ്ങൾക്ക് 175 പുതിയ ബാറുകൾ നൽകി മദ്യസൽക്കാരം നടത്തുന്ന, മൗലികാവകാശ, പൗരാവകാശ സമരങ്ങൾക്ക് നേരെ പോലീസിനെ ഉപയോഗിച്ച് നരനായാട്ട് നടത്തുന്ന,  കരിനിയമങ്ങൾ ചാർത്തുന്ന, വെടിവെച്ചു കൊല്ലുന്ന, സർക്കാരും അതിനെ ന്യായീകരിക്കുന്ന നയിക്കുന്ന പാർട്ടിയും പിന്നെയും പിന്നെയും സ്വയം പറയുന്നത് പുരോഗമന പക്ഷം എന്നാണ്!?

ഇവിടെ,
ചരിത്രപരമായി
കൊട്ടിഘോഷിച്ച ഭൂപരിഷ്കരണത്തിന്റെ തുടർച്ചകൾക്ക് എന്ത് സംഭവിച്ചു എന്ന് കേരളീയ പൗരസമൂഹം ചിന്തിക്കേണ്ടതുണ്ട്. ഭൂമിക്ക് വേണ്ടി ചോദ്യങ്ങൾ ഉയർത്തുകയും സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

അധികാര തുടർച്ചയുടെ പോരിശകൾ പി ആർ,കിറ്റ്  രാഷ്ട്രീയത്തിൽ ‘എല്ലാം ശരിയാക്കി’ കൊണ്ടിരിക്കുമ്പോൾ, ‘നമ്മളല്ലാതെ മറ്റാര് സഖാക്കളെ’ എന്ന് ബി.ജി.എം ഇട്ട് താളത്തിൽ ഇങ്കിലാബ് വിളിച്ചാൽ വിപ്ലവമാവില്ല കൂട്ടരേ..
നമ്മൾ കൊയ്യും വയലെല്ലാം മറ്റാരുടേതോ ആവുന്ന, ചോര വീണ മണ്ണിൽ നിന്നുയർന്നുവന്ന പൂമരങ്ങൾ കെട്ടുകാഴ്ചകളാവുന്ന, കയ്യൂരും കരിവള്ളുരും പുന്നപ്ര വയലാറും തീർത്ത വിപ്ലവത്തിന്റെ ഓർമ്മകൾക്കപ്പുറം, അധ്വാനിക്കുന്ന തൊഴിലാളി വർഗത്തിന്റെ, ദളിത്, ആദിവാസി, പിന്നോക്ക ന്യുനപക്ഷ-സാധാരണ മനുഷ്യരുടെയും ചരിത്രം മാറ്റി മറിക്കാൻ കെൽപ്പുള്ള ഭരണം കയ്യിലേന്തി കേവല ഇങ്കിലാബിന്റെ വിപ്ലവഗീതം പൊഴിക്കുകയല്ല വേണ്ടത്, ജനം ഇടതുപക്ഷത്ത് നിന്ന് ആഗ്രഹിക്കുന്നതും അതല്ല,

സംഘപരിവാറിനെ ചൂണ്ടിക്കാട്ടി ‘എല്ലാരും ഞമ്മന്റെ ഒപ്പം കൂടണം’ എന്നാണ് ഇതുവരെ  ഇടതുപക്ഷം പയറ്റിയിരുന്ന കുടില തന്ത്രം,
അതിന് വേണ്ടി സാമുദായിക ധ്രുവീകരണരാഷ്ട്രീയം ആണ് ടൂൾ! അത് കേരളം കണ്ടതാണ് മുൻപ് കുഞ്ഞൂഞ്ഞ്- -കുഞ്ഞുമാണി- കുഞ്ഞാലിക്കുട്ടി എന്ന സഖാവ് വി.എസിന്റെ പ്രയോഗത്തിലൂടെ, ഇപ്പോൾ അതും പോരാഞ്ഞ് പിണറായി യുടെ ഭരണതുടർച്ചക്ക് ഭൂരിപക്ഷ സമുദായത്തിന്റെ മാത്രമല്ല ക്രൈസ്തവ വോട്ട് കൂടി ലക്ഷ്യം വെച്ച് ഒരു സമുദായത്തെ നിഴലിൽ നിർത്തി ഹസ്സൻ-അമീർ-കുഞ്ഞാലിക്കുട്ടി എന്നതിലേക്ക് എത്തിക്കുന്ന നരേറ്റിവ് അത് സംഘപരിവാർ ഉയർത്തുന്ന വർഗ്ഗീയ ഭാഷ്യം ആയിരുന്നു. ഗുജറാത്തിൽ കോണ്ഗ്രസ് അഹമ്മദ് പട്ടേൽനെ മുഖ്യമന്ത്രി ആക്കാൻ പോകുന്നുവെന്ന ബിജെപിയുടെ ധ്രുവീകരണ പ്രചാരണം ഇതുമായി ചേർത്ത് വായിച്ചാൽ  ഇവരുപയോഗിച്ച സാമുദായിക ധ്രുവീകരണ രാഷ്ട്രീയത്തിന്റെ അപകടം എന്തെന്ന് നമുക്ക് മനസ്സിലാവും.
അവിഭക്ത ഇന്ത്യയിൽ
ബ്രിട്ടീഷ് അധിനിവേശ ശക്തികളും സ്വാതന്ത്ര്യനന്തരം സംഘപരിവാറും രാജ്യത്ത് ഉപയോഗിച്ച് വിജയിപ്പിച്ച
വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും വർഗ്ഗീയ തയുടെയും സാമുദായികതയുടെയും അക്രമത്തിന്റെയും ടൂൾ ആര് പ്രയോഗിച്ചാലും, പിന്തുടർന്നാലും പ്രബുദ്ധ കേരളത്തിന് അത് പെട്ടെന്ന് മനസ്സിലാവും.
സത്യത്തിൽ അധികാരം ഇവരെ ദുഷിപ്പിച്ചിരിക്കുന്നു എന്നെ ആത്യന്തികമായി നമുക്ക് പറയാൻ കഴിയൂ.

Top