
തിരുവനന്തപുരം: സി.പി.എമ്മിന് അടുത്ത കാലത്തായി പീഡന പരാതികൾ കുമിഞ്ഞു കൂട്ടുകയാണ് .പ്രമുഖ നേതാവും എം എൽ എ യുമായ പികെ ശശിക്ക് എതിരായ യുവതിയുടെ ലൈംഗിക പീഡന പരാതിയിൽ കഴമ്പുണ്ടെന്നു പാര്‍ട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തി . ശശിക്ക് എതിരെ നടപടിക്ക് അന്വേഷണസംഘം ശുപാർശ നല്‍കിയെന്നും സൂചനയുണ്ട്. രണ്ട് ഡിവൈഎഫഐ ജില്ലാ നേതാക്കൾക്ക് എതിരെയും നടപടിക്ക് ശുപാർശയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പരാതി ഒതുക്കാൻ ശ്രമിച്ചതിനാണ് നടപടി ശുപാർശ. തനിക്കെതിരെ ഗൂഡലോചന നടന്നു എന്ന ശശിയുടെ പരാതി സംഘടനാ തലത്തിൽ അന്വേഷിക്കാനും പാര്‍ട്ടിക്ക് ശുപാര്‍ശ ലഭിച്ചിട്ടുണ്ട്.
ഷൊര്‍ണൂര്‍ എംഎല്‍എയായ പികെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. എംഎല്‍എ അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ഡിവൈഎഫ്ഐ സമ്മേളനത്തിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്.
എന്നാല്‍ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് പികെ ശശി രംഗത്ത് വന്നു. തനിക്കെതിരെ അങ്ങനെയൊരു പരാതി പാര്‍ട്ടിക്ക് കിട്ടിയ കാര്യം അറിയില്ലെന്നായിരുന്നു അന്ന് പികെ ശശി പറഞ്ഞത്.‘ഒരു പ്രധാന നേതാവിന്റെ തല ഉരുളുമെന്നു’ ജില്ലയിലെ ചില പ്രമുഖ നേതാക്കൾ പാർട്ടി കേന്ദ്രങ്ങളിൽ പ്രചരിപ്പിച്ചിരുന്നതായി പി.കെ.ശശി എംഎൽഎ സിപിഎം അന്വേഷണ കമ്മിഷനു മൊഴി നൽകിയതായി സൂചന. സെപ്റ്റംബർ 3നു ചില സംഭവങ്ങൾ നടക്കുമെന്ന പ്രചാരണമാണ് ഇവർ നടത്തിയതെന്നും ഇതേ സമയത്താണു തനിക്കെതിരെയുള്ള ആരോപണം പുറത്തുവന്നതെന്നും അറിയിച്ചു. തനിക്കെതിരായ ആരോപണം പാർട്ടിക്കുള്ളിൽ ചിലർ നടത്തിയ ഗൂഢാലോചനയാണെന്നു വിശദീകരിക്കുന്നതിന്റെ ഭാഗമായാണു ശശി ഇങ്ങനെ മൊഴി നൽകിയത്.
യുവജന സംഘടനയിലെ ബന്ധുക്കളായ രണ്ടു നേതാക്കൾ, തൊഴിലാളി സംഘടനയിലെ ഒരു പ്രധാന ജില്ലാ ഭാരവാഹി, ഒരു കർഷക സംഘം നേതാവ് എന്നിവരുടെ പേരുകളും കമ്മിഷൻ അംഗങ്ങളായ മന്ത്രി എ.കെ.ബാലൻ, പി.കെ.ശ്രീമതി എംപി എന്നിവർ മുൻപാകെ വെളിപ്പെടുത്തിയതായി പറയുന്നു. തന്റെ മണ്ഡലമായ ഷൊർണൂരിലെയും പ്രവർത്തനമേഖലയായ മണ്ണാർക്കാട്ടെയും പാർട്ടി പ്രവർത്തകരിൽ ചിലർക്ക് ആരോപണങ്ങളെക്കുറിച്ചു മുൻകൂട്ടി സൂചനകൾ ലഭിച്ചതു ഗൂഢാലോചനയുടെ ഫലമാണെന്ന വാദമാണു ശശി മുന്നോട്ടു വച്ചത്.
ഡൽഹിയിൽ ഈ മാസം അഞ്ചിനു നടന്ന കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ സിഐടിയുവിലെ ചില നേതാക്കൾ പോയതു സംഘടനാ തീരുമാനത്തിനു വിരുദ്ധമായിരുന്നെന്ന വാദവും സിപിഎമ്മിലെ ഒരു വിഭാഗം പ്രചാരണ ആയുധമാക്കുന്നുണ്ട്. ഡൽഹിക്കു പോകാൻ നിശ്ചയിച്ചിരുന്ന രണ്ടു സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കു പകരം മറ്റൊരാൾ പോയതിനെയാണ് ഇവർ സംശയത്തോടെ വീക്ഷിക്കുന്നത്. സിഐടിയു ജില്ലാ പ്രസിഡന്റ് കൂടിയായ പി.കെ.ശശിക്കു വിരുദ്ധ നിലപാടു സ്വീകരിക്കുന്നയാളാണ് ഇദ്ദേഹമെന്നതും ശശിയെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ സംശയം കൂട്ടുന്നു.