പി.കെ.ശശിക്കെതിരായ അന്വേഷണം അന്തിമഘട്ടത്തില്‍;ഡിജിറ്റല്‍ തെളിവുകള്‍ പരാതിക്കാരി കമ്മിഷന് കൈമാറി.സസ്‌പെന്‍ഡ് ചെയ്യാന്‍ സാധ്യത

കൊച്ചി:പി.കെ.ശശിക്കെതിരായ ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡനപരാതിയില്‍ സി.പി.ഐ.എം അന്വേഷണം അന്തിമഘട്ടത്തില്‍. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് രണ്ടംഗ അന്വേഷണ കമ്മിഷന്റെ ശ്രമം. പി.കെ.ശശിക്കെതിരായ നടപടി ശുപാര്‍ശയടക്കമായിരിക്കും റിപ്പോര്‍ട്ടെന്നാണ് സൂചന.

എ.കെ.ബാലനും പി.കെ.ശ്രീമതിയുമടങ്ങുന്ന അന്വേഷണ കമ്മിഷന്‍ പാലക്കാട്ടെത്തി പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു. കൂടാതെ പി.കെ.ശശിയുടെ വിശദീകരണവും രേഖപ്പെടുത്തി. ടെലിഫോണ്‍ സംഭാഷണം ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ പരാതിക്കാരി കമ്മിഷന് കൈമാറിയിട്ടുണ്ട്. ഉത്തരവാദിത്തമുള്ള പാര്‍ട്ടി നേതാവില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പെരുമാറ്റം പി.കെ.ശശിയുടെ ഭാഗത്തുനിന്നുണ്ടായി എന്നാണ് കമ്മിഷന്റെ പ്രാഥമിക വിലയിരുത്തല്‍. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ട് പരിഗണിക്കുമെന്നാണ് സൂചന. മുപ്പത്, ഒന്ന് തിയതികളില്‍ നടക്കുന്ന സംസ്ഥാന സമിതിയിലായിരിക്കും അച്ചടക്ക നടപടി തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനാണ് സാധ്യത. സമാനമായ പരാതിയില്‍ സംസ്ഥാന സമിതിയംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന പി.ശശിയോടു പോലും കാണിക്കാത്ത ദയ ഇക്കാര്യത്തില്‍ പി.കെ.ശശിക്കുണ്ടാകുമെന്നു കരുതാനാവില്ല. അതേസമയം, നിയമസഭാംഗത്വത്തിന്റെ കാര്യത്തില്‍ നേതൃനിരയില്‍ ആശയക്കുഴപ്പമുണ്ട്. പാര്‍ട്ടി തലത്തിലെടുക്കുന്ന നടപടി എം.എല്‍.എ സ്ഥാനം തുടരുന്നതിനു തടസമല്ലെന്ന വാദത്തിനാണ് നേതൃനിരയില്‍ മുന്‍തൂക്കം.മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. തൃപ്തികരമായ നടപടിയുണ്ടായില്ലെങ്കില്‍ പരാതിക്കാരിയുടെ പ്രതികരണം എന്താവുമെന്നതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും സി.പി.ഐ.എമ്മിന്റെ അന്തിമതീരുമാനം.

Top