രാഹുല്‍ തരംഗത്തിൽ സിപിഎമ്മും; അഞ്ച് സംസ്ഥാനങ്ങളില്‍ സഖ്യം; മതേതര ബദലിനായി വിട്ടുവീഴ്ച്ച

മൂന്ന് സംസ്ഥാനങ്ങളില്‍ മോദി തരംഗത്തെ പരാജയപ്പെടുത്താന്‍ കഴിഞ്ഞ രാഹുല്‍ ഗാന്ധിയില്‍ പ്രതീക്ഷയര്‍പ്പിചചിരിക്കുകയാണ് രാജ്യത്തെ പ്രതിപക്ഷകക്ഷികള്‍. എന്നാല്‍ സിപിഎം കോണ്‍ഗ്രസിനോട് അത്ര പ്രിയം കാണിച്ചിരുന്നില്ല. പ്രധാനമായും സിപിഎമ്മിലെ പ്രബലമായ ഒരു പക്ഷം കോണ്‍്ഗ്രസിനോട് അടുക്കുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ രാഹുല്‍ എഫക്ടില്‍ വീണിരിക്കുകയാണ് സിപിഎമ്മും. കോണ്‍ഗ്രസുമായി സഹകരണം വേണ്ട എന്ന നിലപാടില്‍ നിന്നും മാറിച്ചിന്തിക്കുകയാണ് സിപിഎം.

കേരളത്തിലടക്കം പ്രാദേശിക തലത്തില്‍ ബിജെപിയെ പോലെ തന്നെ സിപിഎമ്മിന്റെ ശത്രുക്കളിലൊന്ന് കോണ്‍ഗ്രസ് ആണ്. എന്നാല്‍ ദേശീയ തലത്തില്‍ മുഖ്യശത്രുവായ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി സഖ്യം ആകാമോ എന്ന ചര്‍ച്ച സിപിഎമ്മിനുളളില്‍ വളരെക്കാലമായി നടക്കുന്നുണ്ട്. കോണ്‍ഗ്രസുമായി സഖ്യം വേണം എന്ന നിലപാടാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വിഎസ് അച്യുതാനന്ദനും അടക്കമുളള നേതാക്കള്‍ക്കുളളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ പ്രകാശ് കാരാട്ട് പക്ഷം ഇതിനെ വിശാഖപട്ടണം, ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിലും പിബിയിലും എതിര്‍ത്തു. കേരളത്തിലെ നേതൃത്വത്തിനും കോണ്‍ഗ്രസുമായി സഖ്യം വേണ്ട എന്ന നിലപാടായിരുന്നു. കാരണം കേരളത്തിലെ സിപിഎമ്മിന്റെ മുഖ്യഎതിരാളിയായ കോണ്‍ഗ്രസുമായി മറ്റ് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുന്നത് പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുമെന്ന് കേരള നേതൃത്വം വിലയിരുത്തുന്നു.

കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമോ സഹകരണമോ വേണ്ട എന്ന തീരുമാനമാണ് വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിന്റെത്. യെച്ചൂരിയുടേയും ബംഗാള്‍ ഘടകത്തിന്റെയും അഭിപ്രായം ഭൂരിപക്ഷ പിന്തുണയോടെ പിബി തള്ളി. എന്നാല്‍ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ അയഞ്ഞു. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം വേണ്ടെന്നും ധാരണ ആകാം എന്നും നിലപാട് തിരുത്തി. ഇത് പ്രകാരം കോണ്‍ഗ്രസുമായി പലയിടത്തും രാഷ്ട്രീയ സഹകരത്തിന് ഒരുങ്ങുകയാണ് സിപിഎം.

ഫലത്തില്‍ ഈ സഹകരണം തെരഞ്ഞെടുപ്പ് സഖ്യമായി മാറുകയാണ് ചെയ്യുക. പശ്ചിമ ബംഗാളിലും ത്രിപുരയിലും ഭരണം നഷ്ടപ്പെട്ടതോടെ കേരളത്തില്‍ മാത്രമായി അധികാരത്തില്‍ ചുരുങ്ങിയിരിക്കുകയാണ് സിപിഎം. അതേസമയം രാജസ്ഥാന്‍ അടക്കമുളള മറ്റ് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാനായി എന്നത് സിപിഎമ്മിനെ സംബന്ധിച്ച് നേട്ടമാണ്. മഹാരാഷ്ട്രയില്‍ അടക്കം രാജ്യത്തെ കര്‍ഷക മുന്നേറ്റങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതും സിപിഎം അടക്കമുളള ഇടത് പ്രസ്ഥാനങ്ങളാണ്.

2019ലെ പൊതുതെരഞ്ഞെടുപ്പില്‍ വലിയ വിഷയമാവുക കര്‍ഷകരുടെ പ്രശ്നങ്ങളാണ്. കോണ്‍ഗ്രസും ബിജെപിയും അത് തിരിച്ചറിഞ്ഞ് കഴിഞ്ഞു. കര്‍ഷകര്‍ അടുത്തിടെ ദില്ലിയില്‍ നടത്തിയ മാര്‍ച്ചില്‍ സിപിഎം, കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ കക്ഷികളെല്ലാം പിന്തുണയുമായി ഒരുമിച്ച് എത്തിയിരുന്നു. ബിജെപിക്കെതിരെയുളള വിശാല ഐക്യത്തില്‍ കോണ്‍ഗ്രസിനൊപ്പമുളള സിപിഎം, ഈ സഹകരണം സംസ്ഥാന തലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ഒരുങ്ങുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലെങ്കിലും സിപിഎം കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഹകരണമുണ്ടാക്കും. മഹാരാഷ്ട്ര, ബീഹാര്‍, ഉത്തര്‍ പ്രദേശ്, തമിഴ്നാട് അടക്കമുളള സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ്-സിപിഎം സഹകരണമുണ്ടാവുക. ബിജെപി സഖ്യത്തെ തോല്‍പ്പിക്കുക, പാര്‍ട്ടിയുടെ സീറ്റ് കൂട്ടുക, മതേതര ബദല്‍ സര്‍ക്കാരുകളുണ്ടാക്കുക എന്നീ നിര്‍ദേശങ്ങളാണ് സിപിഎം കേന്ദ്ര കമ്മിറ്റി ലോക്സഭാ തെരഞ്ഞെടുപ്പ് നയമായി അംഗീകരിച്ചിരിക്കുന്നത്.

തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഡിഎംകെ സഖ്യത്തില്‍ സിപിഎം മത്സരിക്കും. ബീഹാറില്‍ ആര്‍ജെഡി- കോണ്‍ഗ്രസ് സഖ്യമാണ്. ഈ സഖ്യത്തിനൊപ്പം സിപിഎമ്മും ചേരും. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്- എന്‍സിപി സഖ്യത്തിനൊപ്പം സിപിഎം ചേരും. അതേസമയം ഉത്തര്‍ പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യമാണ്. ഈ സഖ്യത്തില്‍ കോണ്‍ഗ്രസ് ചേരുമോ എന്നതില്‍ തീരുമാനമായിട്ടില്ല.

കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായാലും ഇല്ലെങ്കിലും എസ്പി-ബിഎസ്പി സഖ്യത്തോട് ചേരാനാണ് സിപിഎം നീക്കം. ഉത്തര്‍ പ്രദേശില്‍ ഒരു സീറ്റ് സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി അടവ് നയത്തിനാണ് സിപിഎം നീക്കം. ബംഗാളില്‍ നാമാവശേഷമായ സിപിഎമ്മിന് മുന്നേറ്റമുണ്ടാക്കണമെങ്കില്‍ കോണ്‍ഗ്രസുമായി അടവ് നയം വേണമെന്ന നിലപാടാണ് ബംഗാള്‍ ഘടകത്തിന്റെത്.

Top