പാര്‍ട്ടിയിലുളളവരും കൂടെ നിന്നില്ല;ജാതി അധിക്ഷേപം നേരിട്ട കൂടരഞ്ഞി സിപിഎം പഞ്ചായത്തംഗം രാജിവെച്ചു.

കൊച്ചി:ജാതീയമായി അധിക്ഷേപിച്ചെന്ന് ആരോപിച്ച് കോഴിക്കോട് കൂടരഞ്ഞിയിൽ സിപിഎം പഞ്ചായത്തംഗം രാജിവെച്ചു. സഹമെമ്പർ ജാതിപരമായി അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി കെ എസ് അരുൺ കുമാ‍ര്‍ ആണ് രാജിവെച്ചത്. സഹ വാര്‍ഡ് മെംബര്‍ ജാതീയമായി അധിക്ഷേപിച്ചതിലും അതില്‍ പാര്‍ട്ടിയിലെ നേതാക്കള്‍ കൂടെ നില്‍ക്കാത്തതിനാലുമാണ് രാജി. ജാതി അധിക്ഷേപത്തിന് സാക്ഷിയായ സ്വന്തം പാര്‍ട്ടിയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് തളളിപ്പറഞ്ഞതാണ് രാജിയ്ക്ക് കാരണമെന്ന് അരുണ്‍കുമാര്‍ വ്യക്തമാക്കി. കൂടെ നില്‍ക്കുന്നവര്‍, സ്വന്തം പാര്‍ട്ടിയിലെ വ്യക്തികള്‍ ഇങ്ങനെയൊക്കെ കരുതുമ്പോള്‍ അവരുടെ കൂടെ മൂന്നോട്ട് പോകാന്‍ വിഷമമുണ്ടെന്ന് അരുണ്‍ പറഞ്ഞു.

കൂടരഞ്ഞി ഗ്രാമപഞ്ചായത്തില്‍ ജനുവരി 27ന് നടന്ന കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ഒരംഗം അരുണിനെ ജാതിപ്പേര് വിളിച്ച് അപമാനിച്ചിരുന്നു. ഇതില്‍ പഞ്ചായത്ത് സെക്രട്ടറിക്കും പാര്‍ട്ടിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ നീതിപൂര്‍വമായ നടപടി ഇതില്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് രാജി. ഇന്ന് പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ വാ മൂടിക്കെട്ടി, പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് അരുണ്‍കുമാര്‍ എത്തിയത്. തന്റെ ഭാഗം കേള്‍ക്കാന്‍ സ്വന്തം പാര്‍ട്ടിയിലെ നേതാവ് പോലും തയ്യാറായില്ലെന്നും അരുണ്‍ ആരോപിച്ചു.നേതൃത്വത്തെ അടച്ച് കുറ്റം പറയാന്‍ ഇല്ല. എന്നാല്‍ സംഭവത്തിന് സാക്ഷിയായ സിപിഎമ്മിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് താന്‍ കളളം പറയുകയാണെന്നാണ് എല്ലാവരോടും പറഞ്ഞത്. ഇത് വ്യക്തിപരമായി മാനസിക പ്രയാസം ഉണ്ടാക്കിയെന്നും അതിനാല്‍ രാജിവെക്കുന്നുവെന്നും അരുണ്‍ എഫ്ബിയില്‍ കുറിച്ചു. ഈ ലോകത്ത് ഞാന്‍ ജനിക്കാന്‍ പോലും പാടില്ലായിരുന്നു എന്ന് പറഞ്ഞാണ് എഫ്ബിയിലെ കുറിപ്പ് അവസാനിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അരുൺ കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്:

വോട്ടർമാർ ക്ഷമിക്കണം ??

മാനസികമായി ഉൾക്കൊണ്ട്‌ പോകാൻ കഴിയാത്തത് കൊണ്ടാണ്… സഹ മെമ്പർ ജാതി പരമായി അധിക്ഷേപിച്ചതിന്റെയും സ്വന്തം പാർട്ടിയുടെ നേതാവ് മേൽവിഷയത്തിൽ തള്ളി പറഞ്ഞതിന്റെയും ഭാഗമായി ഞാൻ മെമ്പർ സ്ഥാനത്തു നിന്നും രാജി വെക്കുകയാണ് എന്ന് അറിയിച്ചു ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി…

മാനസികമായി ഉൾക്കൊണ്ട്‌ പോകാൻ കഴിയാത്തതു കൊണ്ടാണ്… ദയവു ചെയ്തു ക്ഷമിക്കണം

“ഈ ലോകത്ത് ഞാൻ ജനിക്കാൻ പോലും പാടില്ലായിരുന്നു “

Top