കോടിയേരിയെ പുറത്താക്കുവാൻ കേന്ദ്രനേതൃത്വം ആർജ്ജവം കാണിക്കണം: ദമ്മാം ഒ ഐ സി സി

ദമ്മാം: ലോകമെമ്പാടുമുള്ള ബഹുഭൂരിപക്ഷം പ്രവാസികളും തങ്ങളുടെ കഠിനാദ്ധ്വാനം കൊണ്ടും വിശ്വസ്തത കൊണ്ടും ഇന്ത്യക്കും വിവിധ രാജ്യങ്ങളിലെ പ്രവാസി സമൂഹത്തിനും അഭിമാനമായിത്തീരുമ്പോൾ, സി പി എം സംസ്ഥാന സെക്രട്ടറിയുടെ മക്കൾ ദുബൈയിൽ കോടികളുടെ തട്ടിപ്പ് നടത്തി സ്വദേശികളെ വഞ്ചിച്ചത് പ്രവാസികൾക്കാകെ അപമാനമാണെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി കുറ്റപ്പെടുത്തി. നാളിതുവരെ ഇന്ത്യൻ സമൂഹം നേടിയെടുത്ത വിശ്വാസ്യതയ്ക്കേറ്റ കളങ്കമാണ് സി പി എം സംസ്ഥാന സെക്രട്ടറിയുടെ മക്കളും വിജയൻ പിള്ള എം എൽ എ യുടെ മകനും നടത്തിയ തട്ടിപ്പുകൾ. നിരവധി രാഷ്ട്രീയ നേതാക്കളുടെ മക്കൾ ഗൾഫ് രാജ്യങ്ങളിലും മറ്റും ജോലി ചെയ്ത് ജീവിക്കുന്നുണ്ട്. എന്നാൽ, ഗൾഫിൽ വന്ന് തട്ടിപ്പ് നടത്തി കാശുണ്ടാക്കാൻ ശ്രമിച്ചത് കോടിയേരിയുടെ മക്കളും വിജയൻപിള്ള എം എൽ എ യുടെ മകനും മാത്രമാണ്.

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെന്ന അച്ഛൻറെ രാഷ്ട്രീയ സ്വാധീനവും ബന്ധങ്ങളും ദുരുപയോഗപ്പെടുത്തിക്കൊണ്ടാ ണ് മക്കൾ ഗൾഫ് രാജ്യത്തും വഴിവിട്ട ജീവിതം നയിച്ചത്. സ്വന്തം മക്കളെ നേർവഴിക്ക് നടത്തിക്കാൻ കെൽപ്പില്ലാത്ത ഒരാൾ സി പി എമ്മിൻറെ നേതൃസ്ഥാനത്തിരിക്കണമോയെന്ന് കേന്ദ്രനേതൃത്വം ഗൗരവമായി ആലോചിക്കണം. ദുബൈ പൗരനെ മാത്രമല്ല, ഈയടുത്ത് തിരുവനന്തപുരത്ത് നടന്ന ലോക കേരളസഭയുമായി ബന്ധപ്പെട്ടും നടത്തിയ കച്ചവടത്തിൻറെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ചുരുക്കത്തിൽ പിണറായി സർക്കാരും കോടിയേരിയുടെ മക്കളും സി പി എമ്മിലെ മറ്റുചില നേതാക്കളുടെ കുടുംബാംഗങ്ങളും ചേർന്ന് പ്രവാസികളെ എങ്ങനെ ചൂഷണം ചെയ്യാമെന്നതിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇവരുടെ പ്രലോഭനങ്ങളുടെ ചതിക്കുഴിയിൽ വീണുപോകാതിരിക്കാൻ പ്രവാസികൾ ജാഗരൂകരായിരിക്കണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സി പി എം നേതാക്കളുടെ മക്കൾ ദരിദ്ര നാരായണമാരായെ ജീവിക്കാവൂവെന്ന് ആരും പറയുന്നില്ല. എന്നാൽ, മറ്റുള്ളവരെ പറ്റിച്ചും ഭീഷണിപ്പെടുത്തിയും കാശുണ്ടാക്കുന്നത് ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മക്കൾക്ക് ഭൂഷണമല്ല. അധികാരമുപയോഗിച്ച് കോടിയേരി ബാലകൃഷ്‍ണൻറെയും മറ്റുചില സഖാക്കളുടെയും മക്കൾക്ക് എന്തുമാകാമെന്ന അവസ്ഥ അപകടകരമാണ്. ദുബൈ സ്വദേശിയായ ഒരു അറബ് പൗരൻ ഇന്ത്യയിലെത്തി, സി പി എമ്മിൻറെ ഒരു സംസ്ഥാന സെക്രട്ടറിയുടെ മകൻ തൻറെ സ്ഥാപനവുമായി ബന്ധപ്പെട്ട് പതിമൂന്ന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയിരിക്കുകയാണെന്നും ആ തുക തനിക്ക് തിരികെ ലഭിക്കുവാൻ കേന്ദ്രനേതൃത്വം ഇടപെടണമെന്നും ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും നാളിതുവരെ കൊടിയേരിക്കെതിരെ ചെറുവിരൽ അനക്കാൻ കേന്ദ്രനേതൃത്വം തയ്യാറാകാത്തത് എന്തുകൊണ്ടാണ്? സി പി എമ്മിൽ അൽപമെങ്കിലും ധാർമ്മികത നിലനിൽക്കുന്നുണ്ടെങ്കിൽ കേന്ദ്രനേതൃത്വം അടിയന്തിരമായി ഇടപെട്ട് കോടിയേരി ബാലകൃഷ്‌ണനെ സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കുവാൻ ആർജ്ജവം കാണിക്കണമെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമലയും ജനറൽ സെക്രട്ടറി ഇ.കെ.സലിമും ആവശ്യപ്പെട്ടു.

Top