തിരുവനന്തപുരം: ബി.ജെ.പി സഖ്യത്തില്‍ ജെ.ഡി.എസ് സംസ്ഥാന ഘടകത്തിനു താക്കീതുമായി സി.പി.എം. ബി.ജെ.പിയുമായി ബന്ധമുള്ള പാര്‍ട്ടിയായി ഇടതു മുന്നണിയില്‍ തുടരാനാകില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടിയന്തരമായി പ്രശ്നം പരിഹരിക്കാനും നിര്‍ദേശമുണ്ട്.
ജെ.ഡി.എസ് സംസ്ഥാന നേതൃത്വത്തെയാണ് സി.പി.എം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ കുറേ കാലമായി ആഭ്യന്തര പ്രശ്നത്തില്‍ ഉഴലുകയാണ് ജെ.ഡി.എസ് സംസ്ഥാന നേതൃത്വം. ഇതിനിടയിലാണു ദേശീയ നേതൃത്വത്തിന്റെ പുതിയ രാഷ്ട്രീയനീക്കം നടക്കുന്നത്. എന്‍.ഡി.എ സഖ്യത്തില്‍ ചേരുന്നതില്‍ കേരള ഘടകം നേരത്തെ തന്നെ എതിര്‍പ്പ് അറിയിച്ചിരുന്നു. എന്നാല്‍, ഇതു ദേശീയ നേതൃത്വം മുഖവിലയ്ക്കെടുത്തിട്ടില്ല.
ഇതോടെയാണ് കേരള ഘടകത്തില്‍ പ്രതിസന്ധി മൂര്‍ച്ഛിച്ചിരിക്കുന്നത്. ജെ.ഡി.എസിനെ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷവും ആക്രമണം ശക്തമാക്കിയിട്ടുണ്ട്. കേരളം ഭരിക്കുന്നത് എന്‍.ഡി.എ-എല്‍.ഡി.എഫ് സര്‍ക്കാരാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സി.പി.എം ഇടപെടലിനു പിന്നാലെ പ്രശ്നപരിഹാരത്തിന് ജെ.ഡി.എസ് തിരക്കിട്ട നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.