കേരളപ്പിറവി ദിനത്തില്‍ കാര്യവട്ടത്ത് പ്രതീക്ഷിച്ചിരുന്ന ആരാധകരെ നിരാശരാക്കിയായിരുന്നു ഇന്ത്യന്‍ വിജയം. മത്സരം കണ്ണടച്ചു തീര്‍ക്കും മുമ്പേ അവസാനിച്ചു. ഒന്‍പതു വിക്കറ്റിന് വിജയിച്ച മത്സരത്തില്‍ നാലു വിക്കറ്റ് വീഴ്ത്തിയ ജഡേജ ആയിരുന്നു മത്സരത്തിലെ താരo. മത്സരത്തിനു ശേഷം മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് നേടിയ ജഡേജ ഒരു ലക്ഷം രൂപയുടെ കാര്‍ഡുമായി നില്‍ക്കുന്ന ചിത്രം ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു. എന്നാല്‍ ഒരു ലക്ഷം രൂപയുടെ സാക്ഷ്യപത്രം കാര്യവട്ടത്തെ കുപ്പത്തൊട്ടിയില്‍ നിന്ന് കോര്‍പ്പറേഷന്‍ ക്‌ലീനിംഗ് ജീവനക്കാര്‍ക്ക് കിട്ടിയതോടെയാണ് സാക്ഷ്യപത്രത്തിന്റെ ദയനീയ ചിത്രം പുറത്തു വന്നിരിക്കുന്നത്.
ജീവനക്കാരനായ ജയന്‍ എന്ന വ്യക്തിയുടെ കൈയില്‍ ഇരിക്കുന്ന ചിത്രമാണ് പുറത്തെത്തിയത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രവൃത്തിക്കുന്ന പ്രകൃതി എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് ചിത്രവും വാര്‍ത്തയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബിസിസിഐ യെ കുറ്റപ്പെടുത്തിക്കൊണ്ടാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. സമ്മാനദാന ചടങ്ങിലെ ക്യാഷ് അവാര്‍ഡും പുരസ്‌കാരങ്ങളും മറ്റുള്ളവര്‍ക്ക് ബാധ്യതയായി മാറുകയാണെന്ന് പോസ്റ്റില്‍ വിമര്‍ശിക്കുന്നു. പ്രകൃതിക്ക് ബാധ്യതയാകാത്ത രീതിയില്‍ പുരസ്‌കാര വിതരണം നടത്തിക്കൂടാ? എന്നും ഇവര്‍ ചോദ്യമുയര്‍ത്തുന്നുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്(ബിസിസിഐ) ഇക്കാര്യം പരിഗണിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും പോസ്റ്റില്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു.