കോഴിക്കോട്: കേരളത്തിലെ ബിജെപിയില്‍ തര്‍ക്കം വീണ്ടും രൂക്ഷം. പ്രതിഷേധത്തിന് പിന്നാലെ ബിജെപിയുടെ ചാനല്‍ ചര്‍ച്ചാ പാനലിസ്റ്റുകളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നും സംസ്ഥാന നേതാക്കള്‍ പുറത്തുപോയി.പി കെ കൃഷ്ണദാസ്, എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്, എം എസ് കുമാർ എന്നിവരാണ് ഗ്രൂപ്പില്‍ നിന്ന് സ്വയം പുറത്തുപോയത്. ഇതിനു പിന്നാലെ ആദ്യ ദിനങ്ങളിൽ മൗനം പാലിച്ച മുതിർന്ന നേതാക്കൾ പലരും ഒന്നൊന്നായി രംഗത്തുവരുന്ന കാഴ്ചയാണ് കാണുന്നത്. പുനഃസംഘടനയിലുള്ള കടുത്ത അതൃപ്തി രേഖപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ശോഭ സുരേന്ദ്രനു പിന്നാലെ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, എ.കെ.നസീർ, അലി അക്ബർ എന്നിവരും പരസ്യ പ്രതികരണവുമായി രംഗത്തുവന്നു. പുരാണകഥാപാത്രങ്ങളെ പരാമർശിച്ചു സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരേ കടുത്ത വിമർശനമാണ് കഴിഞ്ഞ ദിവസം ശോഭ സുരേന്ദ്രൻ ഉയർത്തിയത്.
അതേസമയം നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ അധ്യക്ഷന്‍ പിപി മുകുന്ദന്. പാര്‍ട്ടിയില്‍ നിന്നും ആളുകള്‍ കൊഴിഞ്ഞുപോകുന്നത് നേതൃത്വത്തിന്റെ അപക്വതമൂലമാണെന്ന് പിപി മുകുന്ദന് എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു. ഒരു പ്രതിസന്ധി ഉണ്ടാവുമ്പോള്‍ പ്രശ്നം പരിഹരിക്കേണ്ടവര്‍ ഇടപെട്ട് അത് പരിഹരിച്ചാല്‍ അത് തീര്‍ക്കാമെന്നും പിപി മുകുന്ദന് കൂട്ടിചേര്‍ത്തു. ‘വളരെ വിഷമതകള്‍ സഹിച്ചിട്ടാണ് അലി അക്ബര്‍ മലപ്പുറം ജില്ലയില്‍ ജീവിക്കുന്നത് പോലും. വിഷമം എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ എന്നെ ഉപയോഗപ്പെടുത്തേണ്ടത് പാര്‍ട്ടിയാണ്. പ്രവര്‍ത്തകര്‍ക്ക് ഏന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ അത് ബന്ധങ്ങള്‍ വഴി നമ്മള് അറിയും. ആ ബന്ധങ്ങളുടെ പോരായ്മയാണ് പ്രശ്നങ്ങള്‍ക്ക് അടിസ്ഥാനം. നേതാക്കളെ വേണ്ട രീതിയില്‍ കൊണ്ടുനടക്കാന്‍ ബിജെപിക്ക് കഴിയുന്നില്ല. എന്തോ എവിടെയോ പ്രശ്നം ഉണ്ട്. കൂട്ടായ്മയോടെ മുന്നോട്ട് പോകാനുള്ള അപക്വമായ സമീപനമാണ്. അത് തിരുത്തപ്പെടണം.’ പിപി മുകുന്ദന് പറഞ്ഞു.
കാളവണ്ടിയില്‍ കയറി കഴിഞ്ഞാല്‍ അത് എളുപ്പത്തില്‍ നയിച്ച് കൊണ്ടുപോകാം എന്ന് കരുതുന്നുണ്ടാവും. എന്നാല്‍ അത് സാധിക്കില്ലെന്നും പിപി മുകുന്ദന് ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനെ വിമര്‍ശിച്ചു. ‘കാളയുടെ മൂക്കുകയര്‍ പിടിച്ച് കൊണ്ടുപോകണം. മോദി അധികാരത്തില്‍ വന്നത് കൊണ്ട് ഇവിടെയും വിജയിക്കാം എന്ന് കരുതരുത്. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകണം. സുരേന്ദ്രന് സ്വയം മാറി നില്‍ക്കണം.’ കോഴക്കേസ് വിവാദത്തില്‍ ശബ്ദ സാമ്പിളുകള്‍ പരിശോധിച്ചു. അത് ശരിയാണെന്ന് തെളിഞ്ഞാലോയെന്നും പിപി മുകുന്ദന് കൂട്ടിചേര്‍ത്തു.
ശോഭയ്ക്കു പിന്നാലെ സംസ്ഥാന സെക്രട്ടറിയായിരുന്ന എ.കെ. നസീർ കടുത്ത വിമർശനവുമായി രംഗത്തുവന്നു. ഇതോടെ നസീറിനെ സസ്പെൻഡ് ചെയ്തുകൊണ്ട് പ്രതിഷേധിക്കുന്നവർക്കു ബിജെപി മുന്നറിയിപ്പ് നൽകി. എന്നാൽ, അതൊന്നും വകവയ്ക്കാതെ നേതാക്കൾ ഒന്നൊന്നായി നേതൃത്വത്തിനെതിരേ രംഗത്തുവരുന്ന കാഴ്ചയാണ് കാണുന്നത്. എ.കെ.നസീറിനെ സസ്പെൻഡ് ചെ്തതിനൊപ്പം സുൽത്താൻ ബത്തേരി മണ്ഡലം പ്രസിഡന്റ് കെ.ബി.മദൻലാലിനെയും സസ്പെൻഡ് ചെയ്തിരുന്നു. അധികാരം കൈയിലുണ്ടെങ്കിൽ എല്ലാം തികഞ്ഞെന്നു ധരിക്കരുതെന്ന സൂചനയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ എം.ടി.രമേശ് നൽകിയത്. സ്വയം പദവിയിലും അധികാരത്തിലും അഭിരമിക്കാതെ മറ്റുള്ളവരെ കൈപ്പിടിച്ചുയർത്തുന്നവരാണ് പക്വതയുള്ള നേതൃത്വം . പക്വതയുള്ള നേതൃത്വത്തിന് മാത്രമേ അണികളെ കൂട്ടം തെറ്റാതെ നയിക്കാൻ സാധിക്കൂവെന്നാണ് രമേശ് പറഞ്ഞത്.
ജയപ്രകാശ് നാരായണൻ അനുസ്മരണക്കുറിപ്പിലാണ് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ലാക്കാക്കിയുളള പരാമർശം. നേതൃത്വ പുനഃസംഘടനയിലുള്ള അതൃപ്തിയാണ് പി.കെ.കൃഷ്ണദാസ് പക്ഷത്തെ പ്രമുഖനായ രമേശ് ഫേസ് ബുക്ക് കുറിപ്പിൽ പ്രകടിപ്പിച്ചതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.അതിനു പിന്നാലെയാണ് ബിജെപിയിലെ എല്ലാ ഉത്തരവാദിത്വങ്ങളും ഒഴിയുകയാണെന്ന പ്രതികരണവുമായി അലി അക്ബറും രംഗത്തുവന്നിരിക്കുന്നത്. പുനഃസംഘടനയിലുള്ള അതൃപ്തിയാണ് ഇതിനു കാരണമായി പറയുന്നത്. സംസ്ഥാന സമിതിയിൽനിന്നു രാജി വച്ചിട്ടുണ്ട്. ഒരു സാധാരണ അംഗമായി പാർട്ടിയിൽ തുടരുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
കെ.സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റ് ആയതിനു പിന്നാലെയാണ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു ശോഭയെ മാറ്റി പ്രാധാന്യം കുറഞ്ഞ വൈസ് പ്രസിഡന്റ് സ്ഥാനം നൽകിയത്. ഇതോടെ പാർട്ടിയുടെ ഉയർന്ന സംവിധാനമായ കോർ കമ്മിറ്റിയിലെ അംഗത്വവും അവർക്കു നഷ്ടമായി. സംസ്ഥാന പ്രസിഡന്റ്, മുൻ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറിമാർ എന്നിവരടങ്ങിയ സമിതിയാണ് കോർ കമ്മിറ്റി. ഇതിനെത്തുടർന്നു കടുത്ത പ്രതിഷേധത്തിലായിരുന്ന ശോഭ ബിജെപിയുടെ പരിപാടികളിലൊന്നും പങ്കെടുത്തിരുന്നില്ല.
ശോഭയ്ക്കു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകുന്നതിനെച്ചൊല്ലിയും സംസ്ഥാന നേതൃത്വവുമായി കടുത്ത അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. കഴക്കൂട്ടം സീറ്റ് ശോഭയ്ക്കു നൽകാൻ ആദ്യം സംസ്ഥാന നേതൃത്വം തയാറായിരുന്നില്ല. ഒടുവിൽ കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിൽ ആണ് അവസാ നിമിഷം സീറ്റ് കിട്ടിയത്. പല ഘട്ടങ്ങളിലും ശോഭയ്ക്കു തുണയായി നിന്ന കേന്ദ്രനേതൃത്വം ഇപ്പോൾ കൈവിടാൻ കാരണം സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലും പിടവാശിയുമാണെന്നാണ് ശോഭയോട് അടുപ്പമുള്ളവർ പറയുന്നത്. കോൺഗ്രസിൽനിന്ന് ഉടക്കിപ്പിരിഞ്ഞഏതാനും നേതാക്കൾ ഇതിനകം സിപിഎമ്മിൽ അഭയം പ്രാപിച്ചു കഴിഞ്ഞു. അതുപോലെ ബിജെപിയിൽനിന്നും ജനപ്രീതിയുള്ള നേതാക്കളെ അടർത്തിയെടുക്കാനാകുമോയെന്നു സിപിഎം നോക്കുന്നുണ്ട്. ജനപ്രീതിയുള്ള നേതാക്കളെ പുറത്തെത്തിക്കാൻ കഴിഞ്ഞാൽ ബിജെപിയുടെ അടിവേര് ഇളകുമെന്നു പാർട്ടി വിലയിരുത്തുന്നു.
ആ സമയത്താണ് ബിജെപിയിലെ മുതിർന്ന നേതാക്കൾ കലാപക്കൊടി ഉയർത്തി രംഗത്തുവന്നിരിക്കുന്നത്. പാർട്ടി വിടുന്നതുപോലെയുള്ള കടുത്ത തീരുമാനങ്ങളിലേക്കു ശോഭ സുരേന്ദ്രൻ നീങ്ങിയാൽ അവരെ സിപിഎം പാളയത്തിൽ എത്തിക്കാനുള്ള ശ്രമങ്ങളും പാർട്ടി നടത്തുമെന്നാണ് സൂചന. സുരേന്ദ്രൻപക്ഷത്തിനു മുൻകൈ കിട്ടുന്ന രീതിയിലാണ് അഴിച്ചുപണികൾ എല്ലാം തന്നെ നടന്നതെന്ന അതൃപ്തിയിലാണ് വിരുദ്ധപക്ഷം.
അഞ്ചു ജില്ലാ പ്രസിഡന്റ്മാരെ മാറ്റി നിയമിച്ചപ്പോൾ തന്റെ ഒപ്പം നിൽക്കുന്നവർക്കു മാത്രമാണ് സ്ഥാനം നൽകിയതെന്ന് എതിർപക്ഷം ആരോപിക്കുന്നു. കൂടിയാലോചനകൾ ഇല്ലാതെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന ശൈലിയാണ് ഇപ്പോൾ നേതൃത്വം പുലർത്തുന്നതെന്നും അവർ കുറ്റപ്പെടുത്തുന്നു. എന്നാൽ, തീരുമാനങ്ങളെല്ലാം കേന്ദ്രനേതൃത്വം നടപ്പാക്കുന്നതാണെന്നു പറഞ്ഞു കൈമലർത്തുകയാണ് സംസ്ഥാന നേതൃത്വം. എന്തായാലും വരുംദിവസങ്ങളിൽ കൂടുതൽ പൊട്ടിത്തെറികളിലേക്കാണ് ബിജെപിയിലെ ആഭ്യന്തര കാര്യങ്ങൾ നീങ്ങുന്നതെന്നാണ് കാണുന്നത്.