കെ.സുരേന്ദ്രനെതിരെ ഹൈക്കോടതി; സുരേന്ദ്രന്‍ എന്തിന് ശബരിമലയില്‍ പോയി? അയ്യപ്പഭക്തര്‍ കാണിക്കുന്ന കാര്യങ്ങളല്ല സുരേന്ദ്രന്‍ കാണിക്കുന്നത്.സുരേന്ദ്രന്റെ റിമാൻഡ് കാലാവധി നീട്ടി.

കൊച്ചി:കെ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ശബരിമലയിലെ സുരേന്ദ്രന്റെ പ്രവര്‍ത്തികളെ ന്യായീകരിക്കാനാവില്ലെന്ന് വിമര്‍ശിച്ച കോടതി.സുരേന്ദ്രന്‍ എന്തിനാണ് ശബരിമലയില്‍ പോയത് എന്നും ആരാഞ്ഞു. സുരേന്ദ്രന്‍ സുപ്രീംകോടതിവിധി മാനിച്ചില്ലെന്നും കോടതി വിമര്‍ശിച്ചു. ശബരിമലയിലെ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സുരേന്ദ്രനാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു . ചിത്തിര ആട്ടവിശേഷത്തിനിടെ കുട്ടിയുടെ ചോറൂണിനെത്തിയ സ്ത്രീയെ തടഞ്ഞെന്ന കേസിൽ ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ റിമാൻഡ് നീട്ടി. 14 ദിവസത്തേക്കു കൂടിയാണു റിമാൻഡ് നീട്ടിയത്. മകന്റെ കുട്ടിയുടെ ചോറൂണിനെത്തിയ ലളിതയെന്ന സ്ത്രീയെ തടഞ്ഞെന്നാണു കേസ്.

അതേസമയം, തന്നെ ആജീവനാന്തം ജയിലിൽ ഇടാനുള്ള ഗൂഢാലോചനയാണു സർക്കാരിന്റേതെന്ന് സുരേന്ദ്രൻ ആരോപിച്ചു. അതിന്റെ ഭാഗമായിട്ടാണു ചായ വാങ്ങിത്തന്ന സിഐയെ സസ്പെൻഡ് ചെയ്തത്. മനപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാനാണു ശബരിമലയിൽ ദർശനത്തിനു പോയ തന്നെ പിടിച്ചു ജയിലിൽ ഇട്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.

ചിത്തിര ആട്ട ദിവസം 52 കാരിയെ സന്നിധാനത്ത് ആക്രമിച്ച സംഭവത്തില്‍ ജാമ്യം തേടി സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തു. ശബരിമലയിലെ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സുരേന്ദ്രന്‍ ആണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.യുവതി പ്രവേശനം വിധി നടപ്പാക്കാതിരിക്കാന്‍ ആള്‍ക്കൂട്ട ആക്രമണത്തിന് സുരേന്ദ്രന്‍ നേതൃത്വംനല്‍കിയെ ന്നും ഇതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ ശബരിമലയില്‍ സമരത്തിന് നേതൃത്വം നല്‍കുകയാണ് സുരേന്ദ്രന്‍ ചെയ്തത് . സംഘര്‍ഷത്തിന് നേതാക്കളെ ചുമതലപ്പെടുത്തി സര്‍ക്കുലര്‍ ഇറക്കി. ഫേസ്ബുക്ക് പോസ്റ്റും ചിത്രങ്ങളും അടക്കം രേഖകള്‍ പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറി.

തുടര്‍ന്നാണ് സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനം കോടതി നടത്തിയത്. സുരേന്ദ്രന്‍ എന്തിനാണ് ശബരിമലയില്‍ പോയത് എന്ന് കോടതി ചോദിച്ചു.സുരേന്ദ്രന്റെ പ്രവര്‍ത്തികളെ ന്യായീകരിക്കാന്‍ ആവില്ല. സുരേന്ദ്രന്‍ സുപ്രീംകോടതി വിധി മാനിച്ചില്ല എന്നും കോടതി വിമര്‍ശിച്ചു. ശബരിമലയില്‍ എത്തുന്ന ഭക്തര്‍ ചെയ്യുന്ന കാര്യങ്ങള്‍ അല്ല സുരേന്ദ്രന്‍ ചെയ്തത്.

ശബരിമലയില്‍ എത്തുന്ന ഭക്തരുടെ പ്രായം പരിശോധിക്കാന്‍ എന്ത് അധികാരമാണുള്ളത് എന്നും കോടതി ചോദിച്ചു.സുരേന്ദ്രന്‍ ഭരണഘടന അവകാശത്തെ കുറിച്ചാണ് പറയുന്നത്. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ തടഞ്ഞ വര്‍ക്കും ഭരണഘടന അവകാശമുണ്ടെന്നും ഹൈക്കോടതി ഓര്‍മിപ്പിച്ചു.

അതേസമയം ടി.പി.വധക്കേസ് പ്രതികള്‍ക്ക് എല്ലാ സൗകര്യവും കൊടുക്കുന്ന പൊലീസാണ് തനിക്ക് ചായ വാങ്ങി തന്നതിന്റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. പത്തനംതിട്ട കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴായിരുന്നു സുരേന്ദ്രന്‍ മാധ്യമങ്ങളോട് ഇക്കാര്യം പ്രതികരിച്ചത്.

ഏറ്റവും വലിയ ഫാസിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ജനാധിപത്യം സംരക്ഷിക്കാനാണ് കേരളത്തില്‍ മതില്‍ പണിയേണ്ടത്. തെറ്റായ റിപ്പോര്‍ട്ടാണ് കോടതിയില്‍ പൊലീസ് നല്‍കിയത്. കോടതിയെ പൊലീസ് തെറ്റിദ്ധരിപ്പിച്ചു. തനിക്കെതിരെ ഗൂഡാലോചന നടക്കുന്നു എന്നും സുരേന്ദ്രന്‍ പറഞ്ഞു.

റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് നീട്ടിയതോടെ സുരേന്ദ്രനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ട് പോയി. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആണ് റിമാന്‍ഡ് നീട്ടിയത്. അതിനിടെ, ശബരിമലയിലും നിലയ്ക്കലിലും സുരേന്ദ്രന്‍ കാണിച്ച കാര്യങ്ങള്‍ ന്യായീകരിക്കാനാവില്ലെന്നും ഏത് സാഹചര്യത്തിലാണ് സുരേന്ദ്രന്‍ അവിടെ പോയതെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. സുരേന്ദ്രനെ പോലെ ഒരു പാര്‍ട്ടിയുടെ പ്രധാന പദവിയിലിരിക്കുന്നയാള്‍ ഇങ്ങനെ പെരുമാറരുതായിരുന്നു. ഭക്തിയുടെ പേരില്‍ കലാപം അഴിച്ച് വിടരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

Top