
തിരുവനന്തപുരം: സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് കെപിസിസി പ്രസിഡന്റ് സുധാകരന്റെ ജീവിതം എന്ന സിപിഎം നേതാവ് സി വി വർഗീസ് . കെ സുധാകരനെതിരെ കടുത്ത ഭാഷയിൽ ഭീഷണി പ്രസംഗമാണ് സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് നടത്തിയത് . സി പി എം കൊടുക്കുന്ന ഭിക്ഷയാണ് കെ സുധാകരന്റെ ജീവിതം എന്നാണ് വർഗീസിന്റെ പരാമർശം.
സി പി എമ്മിന്റെ കരുത്തിനെ കുറിച്ച് സുധാകരന് ധാരണയുണ്ടാകണം. ഇക്കാര്യം സി പി എം ഓർമ്മിപ്പിക്കുന്നതായും വർഗീസ് മുന്നറിയിപ്പ് നൽകി.ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ താല്പര്യം ഇല്ലെന്നും സി വി വർഗീസ് വ്യക്തമാക്കി. കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സി പി എം ചെറുതോണിയിൽ നടത്തിയ പ്രതിഷേധ സംഗമത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇടുക്കിയിൽ എഞ്ചിനിയറിംഗ് കോളേജിലെ എസ് എഫ് ഐ വിദ്യാർത്ഥി ധീരജിന്റെ കൊലപാതകത്തിൽ സുധാകരൻ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. കേസിലെ പ്രതി നിഖിൽ പൈലിയെ ന്യായീകരിച്ചായിരുന്നു സുധാകരന്റെ പ്രതികരണം. നിഖിൽ പൈലി കുത്തുന്നത് ഒരാളും കണ്ടിട്ടില്ല. ജയിലിൽ കിടക്കുന്നത് നിരപരാധികളാണെന്നും സുധാകരൻ പറഞ്ഞിരുന്നു.
എന്‍റെ കുട്ടികൾ ജയിലിൽ കിടക്കുകയാണ്. എന്താണ് അവർ ചെയ്ത കുറ്റം. നിഖിൽ പൈലി കുത്തിയത് ആത്മ രക്ഷയ്ക്ക് ആണ്. എന്നാൽ, ആരും നിഖിൽ പൈലി കുത്തിയെന്ന് പറഞ്ഞില്ല. സാക്ഷിയെ കാണിക്കാനാകാത്ത കേസ് നിലനിൽക്കില്ല. ജയിലിൽ കിടക്കുന്നത് നിരപരാധികൾ ആണ്. കേസിലെ സത്യാവസ്ഥ പുറത്തു കൊണ്ടു വരണമെന്ന് സുധാകരൻ പറഞ്ഞിരുന്നു.
എന്നാൽ, ധീരജിനെ കുത്തിയത് പന്ത്രണ്ട് പേരടങ്ങുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സഹ പാഠി വ്യക്തമാക്കിയിരുന്നു. വിദ്യാർഥികളെ ക്യാമ്പസില്‍ മാരകായുധവുമായി കാത്തു നിന്ന യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് നിയോജക മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ സംഘം ആക്രമിക്കുകയായിരുന്നു. ധീരജിനെ കുത്തിയ നിഖില്‍ പൈലി രണ്ടു മാസം മുമ്പ് നടന്ന ആക്രമണത്തിലും ഉള്‍പ്പെട്ടിരുന്നെന്നും കോളേജ് വിദ്യാര്‍ത്ഥിയും എസ് എഫ് ഐ ഏരിയാ കമ്മിറ്റി അംഗവുമായ ടോണി പറഞ്ഞിരുന്നു.
കോളേജിന് പുറത്ത് നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് – കെ എസ്‍ യു പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് ദിവസം ക്യാമ്പസില്‍ വന്നിരുന്നു. ക്യാമ്പസിൽ കയറിയ ഇവരോട് പുറത്ത് പോകാൻ ആവശ്യപ്പെട്ടിരുന്നു. ഇതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമാസ്കതരായി. തുടർന്ന് നിഖില്‍ പൈലി പേനാക്കത്തിയുമെടുത്ത് മൂന്നു പേരെ കുത്തുകയായിരുന്നു. ഉടന്‍ തന്നെ കുത്തേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുക്കിയില്‍ തന്നെയുള്ള യൂത്ത് കോണ്‍ഗ്രസിന്‍റെയും കോണ്‍ഗ്രസിന്‍റെയും പ്രവര്‍ത്തകരാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്നും കോളജിലെ ഒരു വിദ്യാര്‍ത്ഥി പറഞ്ഞിരുന്നു. ക്യാമ്പസില്‍ പഠിക്കുന്ന കെഎസ്‍യുവിന്‍റെ ഒരു ഭാരവാഹിയും ആക്രമണത്തില്‍ ഉണ്ടായിരുന്നെന്നും കോളജിലെ വിദ്യാര്‍ത്ഥികൾ പറഞ്ഞിരുന്നു.
അതേ സമയം, ക്യാമ്പസിൽ യാതൊരു സംഘർഷവും നിലനിന്നിരുന്നില്ലെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആവശ്യമായ മുന്‍കരുതലുകൾ എടുത്തിരുന്നതായും കോളേജ് പ്രിൻസിപ്പൽ നേരത്തെ വ്യക്തമാക്കിയിരുന്നു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജീനിയറിങിലെ ഏഴാം സെമസ്‌റ്റർ വിദ്യാര്‍ഥിയായിരുന്നു എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജ്. . കണ്ണൂര്‍ തളിപ്പറമ്പ് പാൽകുളങ്ങര ആതിര നിവാസിൽ രാജേന്ദ്രന്റെ മകനാണ്. അതേസമയം, എസ് എഫ് ഐ പ്രവർത്തകൻ ധീരജനെ കുത്തിയത് രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നെന്നാണ് എഫ് ഐ ആറിൽ പുറത്ത് വന്നിരുന്നു.
കേസിലെ ഒന്നാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ് നിഖില്‍ പൈലി. പ്രതിയ്ക്ക് എതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തി ആണ് കേസ് എടുത്തിരിക്കുന്നത്. വധ ശ്രമത്തിനും സംഘം ചേര്‍ന്നതിനുമാണ് യൂത്ത് കോൺഗ്രസ് ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
അതേസമയം, എസ് എഫ് ഐ ക്കാർ മർദ്ദിച്ചപ്പോഴാണ് കുത്തിയത്. പേന കത്തി കരുതിയത് സ്വരക്ഷയ്ക്ക് ആണെന്നുമാണ് പ്രതിയുടെ മൊഴി. ക്യാമ്പസിനു പുറത്ത് നിൽക്കുമ്പോൾ സംഘർഷം ഉണ്ടായത് കണ്ട് ഓടി രക്ഷപെടുകയായിരുന്ന എന്നാണ് ജെറിൻ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാൽ, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണ് കോളജ് പരിസരത്ത് എത്തിയതെന്നാണ് നിഖിൽ പൊലീസിനോട് പറഞ്ഞത്.
അതേസമയം സംഭവം വിവാദമായപ്പോഴും കെ. സുധാകരനെതിരായ വിവാദ പരാമർശത്തിലുറച്ച് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ്. താൻ പറഞ്ഞതിൽ തെറ്റില്ല, ധീരജിന്റെ ചോര ഉണങ്ങും മുമ്പ് സുധാകരൻ പ്രകോപനപരമായി സംസാരിച്ചു. അതിനാണ് സുധാകരന് മറുപടി നൽകിയത്. താൻ പറഞ്ഞതിൽ പ്രകോപനപരമായി ഒന്നുമില്ലെന്നും സി.വി വർഗീസ് പറഞ്ഞു. സുധാകരന് സി.പി.എം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ താത്പര്യമില്ലാത്തതുകൊണ്ടാണെന്നുമായിരുന്നു സി.വി വർഗീസിന്‍റെ പരാമര്‍ശം. കോൺഗ്രസിന്‍റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ചെറുതോണിയിൽ നടത്തിയ പ്രതിഷേധ സംഗമത്തിലായിരുന്നു ഭീഷണി പ്രസംഗം.