തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദം അതി തീവ്ര ന്യൂനമര്‍ദ്ദമായി മാറി. ഇതോടെ തെക്കന്‍ കേരളം ചുഴലിക്കാറ്റ് ഭീഷണിയിലായി. കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറില്‍ 10 കിമീ വേഗതയില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറില്‍ ഇത് കൂടുതല്‍ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം.
ചുഴലിക്കാറ്റ് കന്യാകുമാരി തീരം തൊടുമെന്നതിനാല്‍ കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ കനത്ത ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് വിവിധ വകുപ്പുകളുടെ മുന്നൊരുക്കങ്ങള്‍ തെക്കന്‍ ജില്ലകളില്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം മുതല്‍ അതീവജാഗ്രത വേണമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
കടല്‍ പ്രക്ഷുദ്ധബ്മാകുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കുണ്ട്. കടലിലുളളവര്‍ തീരത്തെത്താന്‍ നല്‍കിയിരുന്ന സമയം ഇന്നലെ രാത്രി അവസാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ വ്യാഴാഴ്ച റെഡ് അലര്‍ട്ടും എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റ് നേരിടാന്‍ മുന്‍കരുതല്‍ സ്വീകരിച്ചെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പൊതുനിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്‍കരുതലിനായി വ്യാപകപ്രചാരണം നടക്കുന്നുണ്ട്. കൊവിഡ് മാനദണ്ഢങ്ങള്‍ പാലിച്ച് ക്യാമ്പുകള്‍ തുറക്കും. ആളുകളെ മാറ്റിപാര്‍പ്പിക്കുന്നതിനുളള ഒരുക്കങ്ങള്‍ ജില്ലാ ദുരന്തനിവാരണ അതോറട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തെക്കന്‍ ജില്ലകളിലെ ഡാമുകളിലും റിസര്‍വോയറുകളിലും ജാഗ്രത വേണമെന്ന് കേന്ദ്ര ജല കമ്മിഷന്‍ അറിയിച്ചു. അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുളളതിനാല്‍ തിരുവനന്തപുരത്തെ നെയ്യാര്‍ റിസര്‍വോയര്‍, കൊല്ലം കല്ലട റിസര്‍വ്വോയര്‍ എന്നിവിടങ്ങളിലും പത്തനംതിട്ട കക്കി ഡാമിലും ജാഗ്രത വേണമെന്നും ജലനിരപ്പ് ക്രമീകരിച്ചില്ലെങ്കില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെളളം കയറുമെന്നും കേന്ദ്ര ജലകമ്മിഷന്‍ മുന്നറിയിപ്പ് നല്‍കി.